Quantcast

ഭാരത് സ്റ്റേജ് എമിഷൻ മാനദണ്ഡങ്ങൾ; ബി.എസ് 2 മുതൽ ബി.എസ് 6 വരെ

അനുദിനം കുതിച്ചുയരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് തടയാൻ 2000ത്തിന്റെ തുടക്കത്തിലാണ് മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ഇന്ത്യയിൽ ഏർപ്പെടുത്തുന്നത്

MediaOne Logo

  • Published:

    16 Nov 2020 9:13 AM GMT

ഭാരത് സ്റ്റേജ് എമിഷൻ മാനദണ്ഡങ്ങൾ; ബി.എസ് 2 മുതൽ ബി.എസ് 6 വരെ
X

അന്തരീക്ഷ മലിനീകരണത്തിന്റെ ഏറ്റവും വലിയ കാരണക്കാരനായി ലോകം കണക്കാക്കുന്നത് വാഹനങ്ങളിൽ നിന്ന് പുറന്തള്ളപ്പെടുന്ന പുകയാണ്. ഇത് പൂർണമായി ഒഴിവാക്കാൻ കഴിയില്ലെന്ന വസ്തുതയിൽ നിന്നാണ് പുകയുടെ തോത് നിയന്ത്രിക്കുക എന്ന ആശയം വരുന്നത്. ഈ ലക്ഷ്യത്തോടെയാണ് ബി.എസ് മാനദണ്ഡങ്ങൾ രാജ്യത്ത് നിലവിൽ വരുന്നത്.

അനുദിനം കുതിച്ചുയരുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ തോത് തടയാൻ 2000ത്തിന്റെ തുടക്കത്തിലാണ് മലിനീകരണ മാനദണ്ഡമായ ഭാരത് സ്റ്റേജ് ഇന്ത്യയിൽ ഏർപ്പെടുത്തുന്നത്. വനം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത് നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങളും സമയപരിധിയും നിർണ്ണയിക്കുന്നത്.

1990കളിൽ തന്നെ വായുമലിനീകരണം കുറയ്ക്കാനുള്ള മാനദണ്ഡങ്ങൾ വിവിധ സർക്കാരുകൾ പരീക്ഷിച്ചിരുന്നു. ഡീസൽ വാഹനങ്ങൾ മാത്രമായിരുന്ന ആദ്യ ഘട്ടത്തിൽ ഇതിൽ ഉൾപ്പെട്ടത്, പിന്നീട് പെട്രോൾ വാഹനങ്ങൾക്കും നിലവാര പരിധി ബാധകമായി. ടു സ്ട്രോക്ക് എഞ്ചിൻ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കുക, മാരുതി 800 പോലെയുള്ള വണ്ടികളുടെ ഉദ്പാദനം അവസാനിപ്പിക്കുക, ഇലക്ട്രോണിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ പരിഷ്കരണങ്ങളാണ് ആദ്യ ഘട്ടങ്ങളിൽ ഏർപ്പെടുത്തിയത്.

എന്നാൽ ഈ നിലവാരം കൈവരിക്കുന്നതിന് വാഹന എന്‍ജിനുകളിൽ മാത്രമല്ല ഇന്ധനത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇന്ത്യയിൽ ഇന്നു വിൽക്കുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ ഇപ്പോൾ യൂറോപ്പിൽ പ്രാബല്യത്തിലുള്ള യൂറോ 2, യൂറോ 3, യൂറോ 4 പുക നിയന്ത്രണ നിലവാരത്തിലുള്ളതാകണമെന്നാണു നിയമം അനുശാസിക്കുന്ന വ്യവസ്ഥ.

ബി.എസ് 2 മുതൽ ബി.എസ് 4 വരെ

യൂറോപ്യൻ നിയന്ത്രണങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനദണ്ഡങ്ങളാണ് ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചത്. 2000ത്തിൽ ആയിരുന്നു അത്. പിന്നീട് കർശനമായ മാനദണ്ഡങ്ങൾ നിലവിൽ വരികയായിരുന്നു. പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കിയ ശേഷം നിർമ്മിക്കുന്ന എല്ലാ വാഹനങ്ങളും ബി.എസ് പരിധിയിൽ വരുന്നവ ആയിരിക്കണമെന്ന ചട്ടവും കൊണ്ടുവന്നു.

തൊട്ടടുത്ത വര്‍ഷം ഡൽഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബി.എസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബി.എസ് 2 നടപ്പാക്കിയത്.

2010-ലാണ് രാജ്യം ബി.എസ് 2 വിട്ട് ബി.എസ് 3 നിലവാരത്തിലേക്കെത്തിയത്. എന്നാല്‍ 2017 മാര്‍ച്ച് 31 ഓടെ ബി.എസ് 3 വാഹനങ്ങളും കളമൊഴിഞ്ഞു. സുപ്രീം കോടതി ഉത്തരവനുസരിച്ച് 2017 ഏപ്രില്‍ 1 മുതല്‍ ബി.എസ് 3 എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ല.

പിന്നീടാണ് ബി.എസ് 4 നിലവാരം അടിസ്ഥാനമാക്കി വാഹനനിർമാണം അരംഭിച്ചത്.

ബി.എസ് 3 പ്രകാരമുള്ളവയുടെ പകുതിയിൽ താഴെ പുകയേ ബി.എസ് 4 മാനദണ്ഡങ്ങൾ പ്രകാരം അനുവദിക്കുന്നുള്ളൂ. മലിനീകരണത്തിന്റെ തോത് അതിനനുസരിച്ച് കുറയും. 2020 ജൂലൈയോട് കൂടി ബി.എസ് 4ന്റെയും വില്പന നിരോധിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങി.

അതിനുശേഷം രാജ്യത്ത് ബി.എസ് 6 മാനദണ്ഡം അടിസ്ഥാനപ്പെടുത്തി മാത്രമേ പുതിയ വാഹനങ്ങൾ നിർമ്മിക്കാനാകൂ. 2017-ൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന ബി.എസ് 4ൽ നിന്ന് ബി.എസ് 5ലേക്കാണ് സ്വാഭാവികമായി മാറേണ്ടതെങ്കിലും അതൊഴിവാക്കി ഒരു പടി കൂടെ കടന്ന് ബി.എസ് 6ലേക്കാണ് ഇന്ത്യൻ വാഹന വിപണി ഇപ്പോൾ എത്തി നിൽക്കുന്നത്.

എന്തു കൊണ്ട് ബി.എസ് 4ഇൽ നിന്ന് ബി.എസ് 6ലേക്ക് ?

ഏറ്റവുമധികം കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിലെന്നാണ് ഇന്ത്യ. കാർബൺ ഡൈ ഓക്സൈഡ് നിയന്ത്രണത്തിന്റെ കാര്യത്തിലാകട്ടെ രാജ്യം ഏറ്റവും പിന്നിലും. വായുമലിനീകരണം ഏറ്റവുമധികം ബാധിക്കുന്നത് നഗരങ്ങളെയാണ്. മെട്രോ നഗരങ്ങളുടെ അതിവേഗ വളർച്ചയിൽ മലിനീകരണം മൂലം അക്ഷരാർത്ഥത്തിൽ വാസയോഗ്യമല്ലാതാകുന്ന നിലയിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. വായു മലിനീകരണം മൂലം ഇത്രയും കലുഷിതമായ സാഹചര്യം ഉണ്ടായ പശ്ചാത്തലത്തിലാണ് ബി.എസ് 4ഇൽ നിന്ന് ബി എസ് 6ലേക്കെത്താൻ രാജ്യം നിർബന്ധിതമായത്.

എന്താണ് ബി.എസ് 6 മാനദണ്ഡം?

വാഹനങ്ങൾ പുറന്തള്ളുന്ന പുക വഴിയുണ്ടാകുന്ന അന്തരീക്ഷ മലിനീകരണതോത് കുറയും എന്നുള്ളത് തന്നെയാണ് പുതിയ ബി.എസ് മാനദണ്ഡം കൊണ്ടുദേശിക്കുന്ന പ്രധാന മാറ്റം. പെട്രോൾ കാറുകളെക്കാൾ ഡീസൽ കാറുകളിൽ നിന്നുള്ള മലിനീകരണമാണ് ഇതിലൂടെ ഗണ്യമായി കുറയുക. ബി.എസ് 6 നിലവാരത്തിലേക്കെത്തണമെങ്കിൽ വാഹനത്തിന്റെ മാത്രമല്ല ഇന്ധനത്തിന്റെ നിലവാരവും ഉയരേണ്ടതുണ്ട്. ഇന്ധനത്തിലെ സൾഫറിന്റെ അംശം കുറക്കുകയാണ് ഇതിനായി ചെയുന്നത്. ബി.എസ് 4 ഇന്ധനത്തിൽ 50പി.പി.എം സൾഫർ അടങ്ങിയിട്ടുണ്ടെങ്കിൽ ബി.എസ് 6ലെത്തുമ്പോൾ 10 പി.പി.എം മാത്രമായി ചുരുങ്ങുന്നു.

ഇതിലൂടെ ബി.എസ് 6 ഡീസൽ കാറുകളിൽ നിന്നും പുറന്തള്ളുന്ന ഹാനികരമായ നൈട്രജൻ ഓക്‌സൈഡിന്റെ തോത് 68 ശതമാനത്തോളം കുറയും. പെട്രോൾ എഞ്ചിനുള്ള വാഹനങ്ങളിലാണെങ്കിൽ ഇത് 25 ശതമാനത്തോളവും കുറയും. കൂടാതെ ക്യാൻസറിന് കാരണമാകുന്ന, ഡീസൽ എൻജിനുകൾ പുറന്തള്ളുന്ന പി.എം (പർട്ടിക്കുലേറ്റ് മാറ്റർ ) ഇലും 80 ശതമാനത്തോളം കുറവ് സംഭവിക്കും.

ബി.എസ് 6 പരിഷ്കരണങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ വലിപ്പം കൂടിയ കാറ്റാലിറ്റിക് കൺവെർട്ടറുകളും വലിപ്പം കൂടിയ എക്‌സ്-ഹോസ്റ്റ് പൈപ്പുകളുമായിരിക്കും ഉപയോഗിക്കുക. ബി.എസ് 4മായി താരതമ്യപ്പെടുത്തുമ്പോൾ ഇവ വണ്ടിയുടെ പെർഫോമൻസിൽ ചെറുതായി കുറവ് വരുത്തും. വിലയിലേക്ക് വരുമ്പോൾ മലിനീകരണം കുറയ്ക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ മാർക്കറ്റ് വില കണക്കിലെടുത്ത് ബി. എസ് 6 വാഹനങ്ങൾക്ക് വില കൂടുമെന്ന് തന്നെയാണ് നിർമാതാക്കൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും മോട്ടോർ വാഹനങ്ങൾ മൂലം പരിസ്ഥിതിക്കുണ്ടാകുന്ന ആഘാതത്തിന്റെ അളവ് ഏറ്റവും കുറഞ്ഞ നിലയിലേക്ക് എത്തുമെന്നത് തന്നെയാണ് ബി.എസ് 6 യുഗത്തിലൂടെ ഏവരും പ്രതീക്ഷിക്കുന്നത്.

TAGS :

Next Story