Quantcast

ഒരു വർഷം, കടത്തിൽ 40 ശതമാനം വർധന; അദാനി ഗ്രൂപ്പ് എങ്ങോട്ടാണ്?

വിവിധ വ്യവസായങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനിടെയാണ് അദാനിക്ക് എതിരായ റിപ്പോർട്ടു പുറത്തുവരുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-08-25 07:40:43.0

Published:

25 Aug 2022 7:25 AM GMT

ഒരു വർഷം, കടത്തിൽ 40 ശതമാനം വർധന; അദാനി ഗ്രൂപ്പ് എങ്ങോട്ടാണ്?
X

മുംബൈ: ഏഷ്യയിലെ അതിസമ്പന്നൻ ഗൗതം അദാനിയുടെ വ്യവസായ സാമ്രാജ്യം 2.21 ലക്ഷം കോടി രൂപയുടെ കടത്തിലെന്ന് റിപ്പോർട്ട്. അദാനിന്റെ ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത കടം 2021-22 സാമ്പത്തിക വർഷം 40.5 ശതമാനം വർധിച്ചതായാണ് ദ മോണിങ് കോൺടക്‌സ് ഡാറ്റ പറയുന്നത്. മുൻ വർഷത്തെ 1.57 ലക്ഷം കോടിയിൽനിന്ന് 2.21 ലക്ഷം കോടി രൂപയായാണ് കടം വർധിച്ചത്. ഫ്‌ളാഗ്ഷിപ്പ് കമ്പനിയായ അദാനി എന്റർപ്രൈസസാണ് ഏറ്റവും കൂടുതൽ കടമുള്ള കമ്പനി. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഇക്വിറ്റി റേഷ്യോ നാലു വർഷത്തെ ഉയർന്ന നിലയിലാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

അദാനി സ്ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് യുഎസ് ക്രഡിറ്റ് റേറ്റിങ് ഏജൻസി ഫിച്ച് ഗ്രൂപ്പിനു കീഴിലുള്ള വായ്പാ നിരീക്ഷണ ബോഡി ക്രഡിറ്റ്‌സൈറ്റ്‌സ് ഈയിടെ നെഗറ്റീവ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. deeply overleveraged എന്നാണ് ക്രഡിറ്റ്‌സൈറ്റ്‌സ് അദാനി സാമ്രാജ്യത്തെ വിശേഷിപ്പിച്ചിരുന്നത്. പ്രവര്‍ത്തന ചെലവിന് പണം കണ്ടെത്താന്‍ കഴിയാതെ, കൂടുതൽ കടമെടുക്കുന്ന സ്ഥാപനങ്ങളെയാണ് ഓവർലെവറജിഡ് എന്നു പറയുന്നത്. ഇതിന് പിന്നാലെയാണ് പൊതുകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

തുറമുഖം മുതൽ ഊർജം വരെ പടർന്നു കിടക്കുന്ന വ്യവസായ ലോകത്തിൽ അദാനി നടത്തുന്ന നിക്ഷേപങ്ങൾക്കു മേൽ വായ്പാ ഭാരം സമ്മർദം ചെലുത്തുമെന്ന് ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നു. ഒരു മോശം സാഹചര്യത്തിൽ വായ്പാ കുടിശ്ശികയിലേക്ക് മാറാവുന്ന കടക്കെണിയായി ഇതുമാറാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടിനോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വാർത്ത പുറത്തുവന്നതിന് പിന്നാലെ വിപണിയിൽ രജിസ്റ്റർ ചെയ്ത ഏഴിൽ അഞ്ചു കമ്പനികളുടെയും ഓഹരിയിടിഞ്ഞു. ഏകദേശം 17 ലക്ഷം കോടി രൂപയാണ് ഗ്രൂപ്പിന്‍റെ വിപണി മൂലധനം.

വിവിധ വ്യവസായങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തുന്നതിനിടെയാണ് അദാനിക്ക് എതിരായ റിപ്പോർട്ടു പുറത്തുവരുന്നത്. ഈയിടെ 70 ബില്യൺ യുഎസ് ഡോളർ പുനരുപയോഗ ഊർജ പദ്ധതികളിൽ നിക്ഷേപിക്കുന്നതായി അദാനി പ്രഖ്യാപിച്ചിരുന്നു.

ഗൗതം അദാനി

നിലവിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ് ഗൗതം അദാനി. ബ്ലൂംബർഗ് ബില്യണയേഴ്‌സ് ഇൻഡസ്‌ക് പ്രകാരം 125 ബില്യൺ യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് അദാനി അംബാനിയെ മറികടന്നത്. 2022ലെ ആദ്യ രണ്ടു മാസം മാത്രം 12 ബില്യൺ യുഎസ് ഡോളറിന്റെ സമ്പത്താണ് അദാനിക്ക് വർധിച്ചത്. ഈ വർഷം ആഗസ്ത് ആദ്യവാരം വരെ അദാനി സ്വന്തം സമ്പത്തിലേക്ക് ചേർത്തിട്ടുള്ളത് 49.9 ബില്യൺ യുഎസ് ഡോളറാണ്.

ക്രഡിറ്റ്സൈറ്റ്സ് റിപ്പോർട്ടിലെ പരാമർശങ്ങൾ

ആർ ലക്ഷ്മണൻ, റോഹൻ കപൂർ, ജോനാഥൻ ടാൻ എന്നിവർ എഴുതിയ റിപ്പോർട്ടിലെ പ്രസക്ത ഭാഗം ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്യുന്നത് ഇങ്ങനെ;

വൻതോതിൽ മൂലധന നിക്ഷേപം ആവശ്യമുള്ള, പരസ്പര ബന്ധമില്ലാത്ത വ്യവസായങ്ങളിലാണ് അദാനി പ്രവേശിക്കുന്നത്. പദ്ധതികള്‍ വിജയകരമായി നടപ്പാക്കുന്നതിൽ ആശങ്ക നിലനില്‍ക്കുന്നു.

വിപണിയിലെ മേധാവിത്വം നിലനിർത്തുന്നതിനായി അദാനി ഗ്രൂപ്പും റിലയൻസ് ഗ്രൂപ്പും ശക്തമായ മത്സരമാണ് ഉള്ളത്. ഇത് വിവേകമില്ലാത്ത സാമ്പത്തിക തീരുമാനങ്ങളിലേക്ക് കമ്പനിയെ നയിക്കുന്നു.

ഗ്രൂപ്പിന് മധ്യനിലവാരത്തിലുള്ള ഗവേണൻസാണ് ഉള്ളത്. ഇ.എസ്.ജി (എൻവയോൺമെന്റൽ, സൊസൈറ്റി, ഗവൺമെന്റ്) റിസ്‌കുകൾ കൂടുതലാണ്.

അദാനി എന്റർപ്രൈസസ് ഫ്‌ളാഗ്ഷിപ്പ് പദ്ധതികളിലൂടെ ശക്തവും സുസ്ഥിരവുമായ കമ്പനികൾ ഉണ്ടാക്കാനുള്ള മികച്ച ട്രാക്ക് റെക്കോർഡ് കമ്പനിക്കുണ്ട്. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആരോഗ്യകരമായി പ്രവർത്തിക്കുന്ന മികച്ച അടിസ്ഥാന സൗകര്യ ആസ്തികളും കമ്പനി ഉണ്ടാക്കിയിട്ടുണ്ട്.

ഗ്രൂപ്പ് സ്ഥാപകൻ നരേന്ദ്രമോദി ഗവൺമെന്റുമായി ശക്തമായ ബന്ധം സൂക്ഷിക്കുന്നു. നയപരമായ തീരുമാനങ്ങളിൽ ഇത് ഗുണകരമാകുന്നുണ്ട്.

കൂടുതൽ കടം വാങ്ങിയുള്ള കമ്പനിയുടെ നിക്ഷേപങ്ങൾ ക്രഡിറ്റ്‌സൈറ്റ്‌സ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

പരിധിയില്ലാതെ വായ്പ

കടം പെരുകി നിൽക്കുമ്പോഴും പൊതുമേഖലാ ബാങ്കുകളിൽനിന്ന് വൻ തോതിൽ വായ്പ കിട്ടുന്ന വ്യവസായ ഭീമൻ കൂടിയാണ് അദാനി. യുപിയിലെ 594 കിലോമീറ്റർ നീളം വരുന്ന ഗംഗ എക്‌സ്പ്രസ് വേയ്ക്കു വേണ്ടി 12,000 കോടി രൂപയുടെ വായ്പയാണ് അദാനി ഗ്രൂപ്പ് എസ്ബിഐയിൽ നിന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. കോപ്പർ റിഫൈനറിക്കു വേണ്ടി ആറായിരം കോടി രൂപയും പി.വി.സി പ്ലാന്റിന് വേണ്ടി 14000 കോടി രൂപയും ഗ്രൂപ്പ് വായ്പയിനത്തിൽ സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം, വായ്പാ ഭാരം ഭീമമാണ് എങ്കിലും ബഹുരാഷ്ട്ര കമ്പനി എന്ന നിലയിൽ അദാനിക്ക് ഇവ കൈകാര്യം ചെയ്യാവുന്നതേയുള്ളൂവെന്ന് ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ പൊതുമേഖലാ ബാങ്കുകളിൽ അദാനിയുടെ പേരിൽ ഒരു രൂപയുടെ കിട്ടാക്കടമില്ലെന്നും അവർ പറയുന്നു. ഗ്രൂപ്പിന്റെ ഡെബ്റ്റ് ടു ഈക്വിറ്റി റേഷ്യോ കുറഞ്ഞുവരികയാണ് എന്നും അവർ അവകാശപ്പെടുന്നു.

TAGS :

Next Story