Quantcast

ഒരു ട്യൂഷന്‍ ക്ലാസില്‍നിന്നു തുടങ്ങിയതാ.. ഇപ്പോൾ 4,400 കോടി ആസ്തിയുള്ള യൂട്യൂബർ

2014 ജനുവരിയിൽ യൂട്യൂബ് അക്കൗണ്ട് തുടങ്ങി മാസങ്ങളോളം അമ്മയും സഹോദരിയും മാത്രമായിരുന്നു സബ്‌സ്‌ക്രൈബർമാർ. ഇപ്പോൾ 10.8 മില്യൻ പിന്നിട്ടിരിക്കുന്നു ചാനൽ വരിക്കാരുടെ എണ്ണം

MediaOne Logo

Web Desk

  • Published:

    27 July 2023 4:24 PM GMT

Physics Wallah founder, Alakh Pandey YouTuber with Rs 4,400 crore net worth, Physics Wallah, Alakh Pandey, successfull YouTubers
X

അലക് പാണ്ഡെ

ലഖ്‌നൗ: ഇഷ്ട തൊഴിലായ അധ്യാപനവൃത്തിയിലേക്ക് തിരിയാൻ എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ഇറങ്ങിയതാണ്. സ്‌കൂളിൽ പഠിക്കുന്ന കാലത്തേ പരിചയമുള്ള പണിയായിരുന്നു അധ്യാപനം. ചെറിയ ക്ലാസിലെ കുട്ടികൾക്ക് ട്യൂഷനെടുത്തു കൊടുത്ത് കുടുംബത്തെ പോറ്റിയ കാലമുണ്ട്. ആ പരിചയത്തിൽ ട്യൂട്ടോറിയൽ യൂട്യൂബ് ചാനലിൽനിന്നു തുടങ്ങിയ യാത്രയാണ് അലക് പാണ്ഡെയുടേത്. ഇപ്പോൾ 4,400 കോടി രൂപയുടെ ആസ്തിയുള്ള യൂട്യൂബറാണ് ഈ 31കാരൻ!

പൂജ്യത്തിൽനിന്നു തന്നെയാണ് തുടക്കം. പ്രയാഗ്‌രാജിലെ(പഴയ അലഹബാദ്) കഷ്ടപ്പാടിന്റെ ഒരു ഭൂതകാലം പറയാനുണ്ട് അലകിന്. നിത്യജീവിതം കൂട്ടിമുട്ടിക്കാൻ വേണ്ടി പോലും കഷ്ടപ്പെട്ട കുടുംബത്തിൽനിന്നാണ് വരുന്നത്. അതുകൊണ്ടുതന്നെ ചെറിയ പ്രായത്തിൽ ട്യൂഷനെടുത്തും മറ്റും ലഭിച്ച ഒാരോ നാണയത്തുട്ടിനും ഡോളറുകളുടെ വിലയായിരുന്നു അലകിന്. എത്ര പണം കൈയിൽവന്നാലും അടിച്ചുപൊളിച്ചു ആഘോഷിച്ചുതീർക്കുന്ന ശീലമുണ്ടായിരുന്നില്ല. മിതവ്യയമായിരുന്നു മുദ്ര. കൃത്യമായ പ്ലാനിങ്ങുണ്ടായിരുന്നു. അതിനനുസരിച്ചുള്ള അധ്വാനവും.

അതുകൊണ്ടുതന്നെ എൻജിനീയറിങ് കോളജിൽനിന്ന് പഠനം പാതിവഴിയിൽ നിർത്തി പുറത്തിറങ്ങുമ്പോഴും വലിയ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. മുന്നിലുള്ള സ്വപ്‌നത്തിലേക്കുള്ള ആദ്യ പടികുറിച്ചു; ഒരു യൂട്യൂബ് ചാനൽ തുടങ്ങിക്കൊണ്ട്. സ്‌കൂളിലെ ഫിസിക്‌സ് പാഠങ്ങൾ സരളമാക്കി വിവരിച്ചുകൊണ്ടായിരുന്നു തുടക്കം. ചാനൽ തുടങ്ങി കുറേദിവസം ഒരു അനക്കവുമുണ്ടായിരുന്നില്ല. അമ്മയുടെയും സഹോദരിയുടെയും രണ്ട് ലൈക്കുകൾ മാത്രമായിരുന്നു ഏക സമ്പാദ്യം.

'ഫിസിക്‌സ് വാലാ' എന്ന പേരിൽ 2014 ജനുവരിയിൽ തുടങ്ങിയ യൂട്യൂബ് അക്കൗണ്ടിൽ എല്ലാം സമർപ്പിച്ചു. പതുക്കെ ചാനലിനു പലഭാഗങ്ങളിൽനിന്നു പ്രതികരണം വന്നുതുടങ്ങി. കാഴ്ചക്കാരും സബ്‌സ്‌ക്രൈബർമാരും കുത്തനെ ഉയരാൻ തുടങ്ങി. മാസത്തിൽ 40,000 രൂപ വരുമാനം വന്ന മാസമാണ് ഇതുതന്നെയാണ് തന്റെ ലോകമെന്ന് ഉറപ്പിച്ചത്. കോവിഡ് വന്ന് എല്ലാവരും യൂട്യൂബർമാരായ കാലത്തിനും ഏറെ മുൻപായിരുന്നു ഇത്.

പതുക്കെ മാസവരുമാനം രണ്ടു ലക്ഷം കടന്നു. പിന്നീടത് പത്തും അൻപതും ലക്ഷങ്ങൾ കടന്നു മുന്നോട്ടുകുതിച്ചു. 2018ൽ 'ഫിസിക്‌സ് വാലാ' എന്ന പേരിൽ സൗജന്യ വിദ്യാഭ്യാസ ആപ്പ് ആരംഭിച്ചതോടെ വളർച്ച ത്വരിതഗതിയിലായി. പിന്നീട് എം.ബി.എ വാലാ, ഗേറ്റ് വാലാ, ടീച്ചിങ് വാലാ യൂട്യൂബ് എന്നിങ്ങനെ യൂട്യൂബിലും വൈവിധ്യവൽക്കരണം കൊണ്ടുവന്നു.

ഇപ്പോൾ ഫിസിക്‌സ് വാലായിൽ മാത്രം 10.8 മില്യനാണ് സബ്‌സ്‌ക്രൈബർമാർ. ഇങ്ങനെ 61 യൂട്യൂബ് ചാനലുകളുടെ ഉടമയാണിപ്പോൾ. ഇതിലെല്ലാമായി മൂന്നു കോടിയിലേറെ സബ്‌സ്‌ക്രൈബാർമാരുമുണ്ട്. നിലവിൽ രാജ്യത്തെ ഏറ്റവും വലിയ എജ്യുടെക് കമ്പനികളിലൊന്നായി വളർന്നിരിക്കുന്നു അലകിന്റെ 'ഫിസിക് വാലാ' സാമ്രാജ്യം. 9,000 കോടി രൂപയാണ് കമ്പനിയുടെ ഓഹരിമൂല്യം. 9.4 കോടി രൂപ, 133.7 കോടി, 108 എന്നിങ്ങനെയാണ് 2021, 2022, 2023 വർഷങ്ങളിൽ കമ്പനിയുടെ ലാഭം. 2024ഓടെ 2025 കോടിയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലെ തന്നെ അതിസമ്പന്മാരിൽ ഒരാളായ അലകിന്റെ ഇപ്പോഴത്തെ ആസ്തി 4,400 കോടി രൂപയും.

Summary: Alakh Pandey: A richest YouTuber from UP with Rs 4,400 crore net worth

TAGS :

Next Story