വമ്പൻമാരുടെ കൂട്ടപ്പിരിച്ചുവിടലും മൂക്കുകുത്തിയ രൂപയും ഡിജിറ്റൽ കറൻസിയുടെ പിറവിയും; 2022 ലെ ബിസിനസ് ലോകം
ചില്ലറ ഇടപാടുകൾക്കുള്ള റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ പുറത്തിറക്കിയ വർഷം, കോവിഡ് കാലത്തെ അടച്ചിടലുണ്ടാക്കിയ വൻ സാമ്പത്തിക പ്രതിസന്ധികള്‍, 67 വർഷങ്ങൾക്കു ശേഷം എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്ക്..അങ്ങനെ ഒരുപാട് സംഭവങ്ങള്‍ക്കാണ് കഴിഞ്ഞവര്‍ഷം സാക്ഷ്യം വഹിച്ചത്
- Published:
3 Jan 2023 7:55 AM GMT
സംഭവ ബഹുലമായ ഒരു വർഷമാണ് കടന്നുപോയത്. കോവിഡിന്‍റെ രണ്ടാം വരവും പോക്കും യുക്രൈന്‍-റഷ്യ യുദ്ധവും മാന്ദ്യവുമെല്ലാം സാമ്പത്തിക രംഗത്തെയും സാരമായി ബാധിച്ചു. ലോകത്തെമ്പാടുമുള്ള വൻകിട കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകളും ഡിജിറ്റൽ കറൻസിയുടെ വരവും എക്കാലത്തെയും മോശം പ്രകടനുമായി രൂപ താഴേക്ക് പോയതും സ്വര്‍ണത്തിന് വില കുത്തനെ ഉയർന്നതുമെല്ലാം 2022 ലെ പ്രധാന സംഭവങ്ങളായിരുന്നു. ബിസിനസ് ലോകത്ത് കഴിഞ്ഞ വർഷമുണ്ടായ പ്രധാന സംഭവവികാസങ്ങളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...
ഡിജിറ്റലായി രൂപയും
ചില്ലറ ഇടപാടുകൾക്കുള്ള റിസർവ് ബാങ്കിന്റെ ഡിജിറ്റൽ രൂപ പുറത്തിറക്കിയ വർഷമായിരുന്നു 2022. രാജ്യത്തെ നാല് നഗരങ്ങളിലാണ് ഡിജിറ്റൽ രൂപ അവതരിപ്പിച്ചത്. ഡൽഹി, മുംബൈ, ബാംഗ്ലൂർ, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ രൂപ ഇറക്കിയത്. ഡിജിറ്റൽ ടോക്കൺ രൂപത്തിലാകും രൂപയുണ്ടാകുക. ഇന്ത്യയുടെ ക്രിപ്റ്റോ കറൻസി എന്നാണ് ഡിജിറ്റൽ കറൻസി വിശേഷിപ്പിക്കപ്പെടുന്നത്. സിബിഡിസി അല്ലെങ്കിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി എന്നും ഇതിനെ വിളിക്കുന്നു. നിലവിൽ ആർബിഐ പുറത്തിറക്കുന്ന നോട്ടുകൾ, നാണയങ്ങൾ എന്നിവയുടെ അതേ മൂല്യമാണ് ഡിജിറ്റൽ രൂപക്കുമുണ്ടാകുക. ഇത് വഴി ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. എസ്ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് എന്നിവർക്കാണ് വിതരണ ചുമതല നൽകിയിരിക്കുന്നത്.
ഡിജിറ്റൽ രൂപ മൊബൈൽ ഫോണിലോ ഡിജിറ്റൽ ഉപകരണങ്ങളിലോ സൂക്ഷിക്കാനാകും. തെരഞ്ഞെടുക്കപ്പെട്ട വ്യാപാരികളും ഉപഭോക്താക്കളുമാണ് ആദ്യഘട്ടത്തിൽ ഉപയോഗിക്കുന്നത്. ഡിജിറ്റൽ രൂപ പൂർണ്ണമായും നടപ്പാക്കുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികൾ കണ്ടെത്താനാണ് നിലവിൽ തെരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകൾക്ക് മാത്രം നൽകുന്നത്. കൊച്ചി ഉൾപ്പെടെ 9 നഗരങ്ങളിൽ രണ്ടാം ഘട്ടത്തിൽ പദ്ധതി നടപ്പാക്കും.
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ രൂപ
ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യമിടിവ് രൂപയ്ക്ക് നേരിട്ട വർഷമായിരുന്നു 2022. 2013നു ശേഷം രൂപ ഇത്ര മോശമായ പ്രകടനം നടത്തിയ വർഷം കൂടിയായിരുന്നു ഇത്. യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ ഏകദേശം 10 ശതമാനത്തിലേറെ മൂല്യ നഷ്ടമാണ് രൂപക്ക് കഴിഞ്ഞുപോയ വർഷം നേരിടേണ്ടി വന്നത്. 1995ൽ10.8%, 2008ൽ 19.2%, 2011ൽ 15.8%, 2013ൽ 11% എന്നിങ്ങനെയാണു തകർച്ച നേരിട്ടത്.
വർധിച്ചുവരുന്ന വ്യാപാരക്കമ്മി, വിദേശനാണ്യ ശേഖരത്തിലെ ഇടിവ്, ഇന്ധന വിലവർധന എന്നിവയും ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം കുറയാൻ കാരണമായി. രണ്ടായിരത്തിന് ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലായിരുന്നു ഡോളറുണ്ടായിരുന്നത്. യൂറോയ്ക്കെതിരെ 13 ശതമാനത്തിന്റെയും യെന്നിനെതിരെ 22 ശതമാനത്തിന്റെയും മൂല്യവർധനയാണ് ഈ വർഷം തുടക്കത്തിൽ തന്നെ യുഎൻ കറൻസിക്കു കൈവരിക്കാനായത്. യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്കുകൾ വർധിപ്പിച്ചതാണ് ഡോളറിന് ഗുണകരമായത്.
ചെലവ് ചുരുക്കി ടെക് ഭീമന്മാർ; പണിപോയത് പതിനായിരങ്ങൾക്ക്
2022 അവസാനത്തോടെയാണ് വൻകിട കമ്പനികൾ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്. ടെക്ക് ഭീമന്മാരായ ഫെയ്സ്ബുക്ക്, ട്വിറ്റർ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, സിഎൻഎൻ, ആമസോൺ, ഫ്ളിപ്കാർട്ട്, സൊമാറ്റോ, സ്വിഗ്ഗി, ഇൻഫോസിസ്, വിപ്രോ തുടങ്ങി തുടങ്ങി വൻകിട കമ്പനികളെല്ലാം ആയിരക്കണക്കിന് ജീവനക്കാരെയാണ് കൂട്ടത്തോടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. കോവിഡിനു ശേഷമുള്ള ചെലവ് ചുരുക്കൽ നയങ്ങളും സാമ്പത്തിക മാന്ദ്യ ഭീഷണിയുമെല്ലാം ഈ കടുത്ത നീക്കത്തിന് കാരണമായി എന്നാണ് റിപ്പോർട്ടുകൾ. കോവിഡ് കാലത്തെ അടച്ചിടൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് വൻകിടകമ്പനികൾ നേരിട്ടത്. ഇത് വരുമാനത്തെ വലിയ രീതിയിൽ ബാധിച്ചു. പരസ്യവരുമാനത്തിലെ ഇടിവും കൂടി വന്നതോടെ ജീവനക്കാരെ പിരിച്ചുവിട്ട് ആ ചെലവുകൾ ചുരുക്കുകയല്ലാതെ മാർഗമില്ലെന്നാണ് കമ്പനികൾ നൽകുന്ന വിശദീകരണം.
ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവാകാശം ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടിരുന്നു. മെറ്റയിൽ ആഗോള തലത്തിൽ 11,000-ലേറെ പേർക്കാണ് ജോലി നഷ്ടമായത്. ആമസോണും ഇപ്പോൾ കമ്പനിയിൽ നിന്ന് 10,000-ലേറെ പേരെ പിരിച്ചുവിട്ടെന്നാണ് കണക്ക്. ട്വിറ്ററും മെറ്റയുമടക്കമുള്ള കമ്പനികളുടെ കൂട്ടപ്പിരിച്ചുവിടൽ ഇന്ത്യയിലെ ജീവനക്കാരെയും ബാധിച്ചിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകളും കഴിഞ്ഞവർഷം ഏകദേശം 16,000 ത്തിലേറെ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
ബൈജൂസ് ആപ്പിനും കഷ്ടകാലം
ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള എജ്യു സ്റ്റാർട്ടപ്പായിരുന്നു മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ്. എന്നാൽ കഴിഞ്ഞ വർഷം അത്രനല്ല വാർത്തകളല്ലായിരുന്നു ബൈജൂസ് ആപ്പിൽ സംഭവിച്ചത്.
22 ബില്യൺ ഡോളറാണ് കമ്പനിയുടെ ആകെ മൂല്യം. ആകാശ അടക്കമുള്ള വമ്പൻ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തെങ്കിലും ഓൺലൈൻ ട്യൂഷൻ രംഗത്ത് മത്സരം കടുത്തത് ബൈജൂസിന്റെ വളർച്ചയ്ക്ക് തടസ്സമായി. രണ്ടു വർഷത്തിനിടെ മാത്രം ഏറ്റെടുക്കലുകൾക്ക് മാത്രമായി 2.5 ബില്യൺ യുഎസ് ഡോളറാണ് ബംഗളൂരു ആസ്ഥാനമായ കമ്പനി ചെലവഴിച്ചിരുന്നത്.
2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 4,588 കോടിയാണ് ബൈജൂസിന്റെ നഷ്ടം. മുൻ വർഷത്തെ അപേക്ഷിച്ച് 19 മടങ്ങ് കൂടുതലാണ് നഷ്ടം. 2021ലെ വരുമാനം 2511 കോടിയിൽനിന്ന് 2428 കോടിയായി ചുരുങ്ങുകയും ചെയ്തിരുന്നു. 2022 സാമ്പത്തിക വർഷത്തിൽ വരുമാനം 10,000 കോടിയിലെത്തുമെന്നാണ് കമ്പനി പറയുന്നത്. 2021 സാമ്പത്തിക വർഷത്തിൽ ബൈജൂസിന്റെ പരസ്യ, പ്രചാരണ ചെലവ് 150 ശതമാനം കുത്തനെ ഉയർന്നിരുന്നു. 899 കോടിയിൽനിന്ന് ഒറ്റയടിക്ക് 2,251 കോടിയായാണ് ഇത് ഉയർന്നത്. എന്നാൽ, വരുമാനത്തിൽ വെറും നാല് ശതമാനത്തിന്റെ വളർച്ചയാണുണ്ടായത്.കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 4,588 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. മുൻവർഷത്തെ അപേക്ഷിച്ച് 17 ഇരട്ടിയായിരുന്നു നഷ്ടത്തിന്റെ തോത്. നഷ്ടം കനത്തതോടെ നാലിലൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടാൻ ബൈജൂസ് ആപ്പും തീരുമാനിച്ചു. പന്ത്രണ്ടായിരത്തോളം ജീവനക്കാരെയാണ് ബൈജൂസ് ആപ്പ് പിരിച്ചുവിട്ടതെന്നാണ് റിപ്പോർട്ടുകൾ.
ആകാശപ്പറക്കലിലെ ലയനങ്ങൾ
പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിൽ ലയിച്ചതായിരുന്നു കഴിഞ്ഞ വർഷം നടന്ന പ്രധാനപ്പെട്ട സംഭവങ്ങളിലൊന്ന്. കനത്ത കടബാധ്യതയെ വിമാനസർവീസുകളെ വരെ ബാധിച്ച ഘട്ടത്തിലാണ് എയർ ഇന്ത്യ ടാറ്റയുമായി ലയിക്കാൻ തീരുമാനമായത്. 18,000 കോടി രൂപയ്ക്കായിരുന്നു ഏറ്റെടുക്കൽ. 67 വർഷങ്ങൾക്കു ശേഷമാണ് എയർ ഇന്ത്യ ടാറ്റ ഗ്രൂപ്പിലേക്കു തിരിച്ചെത്തുന്നത്. 1932ൽ ടാറ്റ എയർലൈൻസ് എന്ന പേരിലാണ് വിമാന കമ്പനി സ്ഥാപിതമായത്. 1953ൽ പിന്നീടിത് സർക്കാർ ദേശസാത്കരിച്ചു.
എയർ ഇന്ത്യയുടെ നൂറു ശതമാനം ഓഹരിയും കൈമാറാനാണ് സർക്കാർ തീരുമാനം. എയർ ഇന്ത്യ എക്സ്‍പ്രസില്‍ എയർ ഇന്ത്യയ്ക്കുള്ള ഓഹരിയും എയർപോർട്ട് സർവീസ് കമ്പനിയായ സാറ്റ്സിന്റെ 50 ശതമാനം ഓഹരിയും കൈമാറും. എയർ ഇന്ത്യയുടെ ഓഹരി 100 ശതമാനം വിറ്റഴിക്കാൻ കേന്ദ്രം കഴിഞ്ഞ മാർച്ചിലായിരുന്നു തീരുമാനിച്ചത്. എയർ ഇന്ത്യക്ക് 60,000 കോടിയുടെ കടമുണ്ടെന്ന് കേന്ദ്രം അന്ന് അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ എയർ ഇന്ത്യയും വിസ്താരയും ലയിക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. വിസ്താരയുടെ ഉടമസ്ഥരായ ടാറ്റ സൺസും സിംഗപ്പൂർ എയർലൈൻസും ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോർട്ട്. റെഗുലേറ്ററി അനുമതികൾക്ക് വിധേയമായി 2024 മാർച്ചോടെ ലയന നടപടികൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സിംഗപ്പൂർ എയർലൈൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
തകർന്ന് തരിപ്പണമായി ശ്രീലങ്ക
50 ശതമാനം പണപ്പെരുപ്പം, അവശ്യ വസ്തുക്കൾ പോലും കിട്ടാക്കനിയായി, 12 മണിക്കൂർ വരെ നീളുന്ന പവർ കട്ട്, ഇന്ധനത്തിനായി മണിക്കൂറുകൾ വരി നിന്ന ജനങ്ങൾ,ആശുപത്രികളിൽ അവശ്യസാധനങ്ങളുടെ ക്ഷാമം, സ്‌കൂൾ പരീക്ഷകൾ നടത്താനുള്ള പേപ്പറിന്റെ അഭാവം....അങ്ങനെ സാമ്പത്തികമായി തകർന്നുതരിപ്പണമായ ശ്രീലങ്കയുടെ ചിത്രമാണ് കഴിഞ്ഞ വർഷം ലോകം കണ്ടത്. സാമ്പത്തിക ഭദ്രതയില്ലാത്തതും പണപ്പെരുപ്പം 5 0ശതമാനമായതും വിദേശകടങ്ങളുടെ തിരിച്ചടവ് മുടങ്ങിയതുമെല്ലാം ശ്രീലങ്കക്ക് തിരിച്ചടിയായി.
സർക്കാരിന്റെ കെടുകാര്യസ്ഥതയും കുടുംബ വാഴ്ചയും ആ തകർച്ചക്ക് ആക്കം കൂട്ടി. ഇതിനെല്ലാം പിന്നാലെ അഴിമതിയും ജി ഡി പി യെക്കാൾ കൂടുതൽ കടമെടുപ്പുമെല്ലാം പ്രശ്നങ്ങളായി. ഭരണത്തലവന്മാരുടെ സാമ്പത്തിക ദീർഘ വീക്ഷണമില്ലായ്മ രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം കുത്തനെ കുറച്ചുക്കാനും കാരണമായി.ഇതിനെല്ലാം കഷ്ടപ്പെടേണ്ടി വന്നത് ലങ്കൻ ജനതയായിരുന്നു. ഒടുവിൽ സഹികെട്ട് ജനങ്ങൾ കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ കൊട്ടാരത്തിനകത്ത് പ്രവേശിക്കുകയും കൊട്ടാരം പിടിച്ചെടുക്കുകയും ചെയ്തു. വന്‍ജനരോഷമായിരുന്നു പിന്നീട് ശ്രീലങ്കയില്‍ കണ്ടത്. ശ്രീലങ്കയുടെ സാമ്പത്തിക പ്രതിസന്ധി പല രാജ്യങ്ങൾക്കും മുന്നറിയിപ്പ് കൂടിയാണ് നൽകിയെന്നതാണ് വാസ്തവം.
മിന്നിത്തിളങ്ങി മഞ്ഞലോഹം
സ്വർണവില ഒരുപിടിയും തരാതെ കുത്തനെയുയർന്ന വർഷം കൂടിയാണ് കഴിഞ്ഞുപോയത്. യുക്രൈൻ-റഷ്യ യുദ്ധവും അതിനെതുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യവും രൂപയുടെ റെക്കോർഡ് മൂല്യത്തകർച്ചയുമാണ് സ്വർണവിലയുടെ കുതിപ്പിന് പ്രധാന കാരണങ്ങൾ. 2022 അവസാനിക്കുമ്പോൾ സ്വർണത്തിന് 40,280 രൂപയായിരുന്നു. ഏകദേശം 12 ശതമാനത്തോളമാണ് സ്വർണവിലയിൽ കഴിഞ്ഞ വർഷം ഉയർച്ചയുണ്ടായത്. ജനുവരി 10 നാണ് ഏറ്റവും കുറഞ്ഞ സ്വർണവിലയുണ്ടായിരുന്നത്. അന്ന് 35,600 രൂപയായിരുന്നു സ്വർണത്തിന് സംസ്ഥാനത്ത് വിലയുണ്ടായിരുന്നത്. അതേസമയം, 2022 സ്വർണ നിക്ഷേപകരെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. വർഷം മുഴുവൻ വില ചാഞ്ചാടി. വർഷാവസാനത്തോടെ മാത്രമാണ് സ്വർണം തിരിച്ചുവരവിന്റെ സൂചനകൾ നൽകിയത്.
നേട്ടങ്ങളും കോട്ടങ്ങളും....വാർത്തകളിൽ ഇടം നേടിയവർ
ഗൗതം അദാനി
ഇന്ത്യയിലെ സമ്പന്നരിൽ ഒന്നാമൻ, ഏഷ്യയിലെയും ഏറ്റവും വലിയ ധനികൻ, ലോകസമ്പന്നരിൽ മൂന്നാം സ്ഥാനക്കാരൻ ഈ വർഷം ഗൗതം അദാനി സ്വന്തമാക്കിയ നേട്ടങ്ങൾ ചെറുതല്ല. മുകേഷ് അംബാനിയെ കടത്തിവെട്ടിയാണ് ഗൗതം അദാനി ഒന്നാമതെത്തിയിരിക്കുന്നത്.
ഫൽഗുനി നയ്യാർ
2012ലാണ് ഫൽഗുനി നയ്യാർ ബാങ്കിംഗ് ജോലി ഉപേക്ഷിച്ച് സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ റീട്ടെയിലറായ നൈകക്ക് തുടക്കമിടുന്നത്. 2022 ൽ ഇന്ത്യയിലെ ഏറ്റവും ധനികയായ നിർമ്മിത വനിതാ സംരംഭകയായി. ഐഐഎഫ്എൽ വെൽത്ത് ഹുറൂൺ ഇന്ത്യ സമ്പന്നരുടെ പട്ടിക 2022 അനുസരിച്ച്, 38,700 കോടി രൂപയുടെ ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതയാണ് ഫൽഗുനി നയ്യാർ. മികച്ച 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ 33-ാം സ്ഥാനത്താണ് ഈ വനിതാ സംരംഭക.
ചന്ദ കൊച്ചാർ
വിവാദ വായ്പാതട്ടിപ്പില്‍ അറസ്റ്റിലായതോടെയാണ് ഐസിഐസിഐ മുൻ എംഡിയും, സി.ഇ.ഒയുമായ ചന്ദ കൊച്ചാര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഐസിഐസിഐ ബാങ്കിനെ രാജ്യത്തെ മുൻനിര സ്വകാര്യ ബാങ്കാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ചന്ദ. വീഡിയോകോണിന് അനധികൃതമായി വായ്പ അനുവദിച്ച കേസിലാണ് ചന്ദ കൊച്ചാർ കുടുങ്ങിയത്. 2009 മുതൽ 2011 വരെയുള്ള കാലയളവിൽ വിഡിയോകോൺ ഗ്രൂപ്പിന് 1,875 കോടി രൂപയാണ് ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചത്. ഈ വിഷയം വിവാദമായതോടെ ചന്ദ 2018ൽ ബാങ്കിൽ നിന്നു പുറത്താകുകയും ചെയ്തിരുന്നു.
Adjust Story Font
16