അതിസമ്പന്നരെ തൊടാൻ നിർമല ധൈര്യം കാണിക്കുമോ? അധികനികുതി വേണമെന്നാവശ്യം
കോവിഡ് മൂലമുണ്ടായ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഗണിച്ചാണ് പുതിയ നികുതി കൊണ്ടുവരിക
ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ അതിസമ്പന്നർക്ക് അധിക നികുതി (സൂപ്പർ റിച്ച് ടാക്‌സ്) ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ബജറ്റിന് മുമ്പോടിയായി ഫൈറ്റ് ഇനിക്വാലിറ്റി അലയൻസ് ഇന്ത്യ (എഐഎ ഇന്ത്യ) അടക്കമുള്ള സംഘടനകൾ നടത്തിയ പഠനത്തിൽ അതിസമ്പന്ന നികുതി ഏർപ്പെടുത്തണമെന്ന അഭിപ്രായം ഉയർന്നിരുന്നു.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക അസന്തുലിതാവസ്ഥ പരിഗണിച്ചാണ് പുതിയ നികുതി കൊണ്ടുവരിക. 2021 ലെ ഹുരുൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് പ്രകാരം കഴിഞ്ഞ വർഷം 607 അതിസമ്പന്നരാണ് ശതകോടീശ്വരപ്പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ 55 പേർ ഇന്ത്യയിൽനിന്നാണ്. 2018ന് ശേഷം ഏറ്റവും കൂടുതൽ കോടീശ്വരന്മാരെ സൃഷ്ടിച്ച രാഷ്ട്രവും ഇന്ത്യ തന്നെ.
വേൾഡ് ഇനിക്വാലിറ്റി റിപ്പോർട്ട് പ്രകാരം രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 57 ശതമാനവും കൈവശം വയ്ക്കുന്നത് പത്തു ശതമാനം ധനികരാണ്. രാജ്യത്തിന്റെ 77 ശതമാനം സമ്പത്തും ഒരു ശതമാനം അതിസമ്പന്നരുടെ കൈകളിലാണ് എന്നാണ് ഓക്‌സ്ഫാം ഇന്റർനാഷണൽ റിപ്പോർട്ട് പറയുന്നത്. ഇന്ത്യയിലെ താഴെത്തട്ടിലെ അമ്പത് ശതമാനം പേരേക്കാൾ 96 ഇരട്ടിയാണ് മുകൾത്തട്ടിലെ പത്തു ശതമാനം പേരുടെ വരുമാനമെന്ന് ഈ വർഷം പുറത്തുവന്ന ലോക അസമത്വ റിപ്പോർട്ടിൽ പറയുന്നത്.
അധിക നികുതിയെന്ന ആശയം
സൂപ്പർ റിച്ച് ടാക്‌സ് എന്നത് പുതിയ ആശയമല്ല. വാർഷിക വരുമാനം 30 ലക്ഷത്തിൽ കൂടുതലുള്ളവർക്ക് ഒരു ശതമാനം സൂപ്പർ റിച്ച് ടാക്‌സ് 2015 വരെ നിലവിലുണ്ടായിരുന്നു. എന്നാൽ ഈ ഇനത്തിൽ സർക്കാറിന് ലഭിച്ചു കൊണ്ടിരുന്ന നികുതി വരുമാനം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നതായിരുന്നില്ല. ഇക്കാരണത്താൽ 2015ലെ ബജറ്റിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ഇതു പിൻവലിച്ചു. ഒരു കോടിക്കു മുകളിൽ വാർഷിക വരുമാനമുള്ളവർക്ക് രണ്ടു ശതമാനം സൂപ്പർ റിച്ച് ടാക്‌സ് ഏർപ്പെടുത്തുകയും ചെയ്തു. സമാന മാതൃകയിൽ കോവിഡ് സെസ് അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
സൂപ്പർ റിച്ച് ടാക്‌സ് ഇല്ലാതാക്കിയതിന് പിന്നാലെ, 2019ൽ കോർപറേറ്റ് നികുതി മുപ്പത് ശതമാനത്തിൽ നിന്ന് 22 ശതമാനമാക്കി സർക്കാർ കുറയ്ക്കുകയും ചെയതിരുന്നു. സ്‌പെയിൻ, നോർവേ, സ്വിറ്റ്‌സർലാൻഡ്, ബെൽജിയം, അർജന്റീന, നെതർലാൻഡ്‌സ്, ഇറ്റലി, ലക്‌സംബർഗ്, ഓസ്ട്രിയ തുടങ്ങിയ രാഷ്ട്രങ്ങളിൽ അതിസമ്പന്ന നികുതി നിലവിലുണ്ട്.
അതിനിടെ, വിവിധ മേഖലയിലെ വളർച്ചാ നിരക്കുകൾ സാമ്പത്തിക മേഖലയ്ക്ക് ശുഭ സൂചനയല്ല നല്‍കുന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകണോമിയുടെ (സിഎംഐഇ) പഠന പ്രകാരം നിർമാണ മേഖലയിലും ഖനനത്തിലും പോസിറ്റീവ് സൂചനകളുണ്ടെങ്കിലും മൊത്തത്തിലുള്ള സാമ്പത്തിക സാഹചര്യം ശുഭോദർക്കമല്ല. കാർഷിക മേഖല, വ്യാവസായിക ഉൽപ്പാദനം, സേവന മേഖല എന്നിവയിൽ വിശേഷിച്ചും. മൂന്നാം തരംഗം കൂടി രാജ്യത്ത് ആഞ്ഞടിക്കുന്നതോടെ ഈ മേഖലകൾ കൂടുതൽ മാന്ദ്യത്തിലേക്ക് പോകുമെന്നാണ് സൂചന.
കോവിഡ് മൂലം തൊഴിലില്ലായ്മ വർധിച്ചത് മറ്റൊരു വെല്ലുവിളിയാണ്. നിലവിൽ വലിയ സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കാനുള്ള ധനസ്ഥിതി കേന്ദ്രസർക്കാറിനില്ല. 2021 ഡിസംബറിൽ 7.9 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക്.
Adjust Story Font
16