Quantcast

ഇഷ, അദ്വൈത, അലിഷ, നിസാബ...; ശതകോടീശ്വരരുടെ പെണ്മക്കള്‍

മാറുന്ന കാലത്ത് ബിസിനസ് ലോകത്ത് സ്വന്തമായി വഴി വെട്ടിത്തളിക്കുകയാണ് അതിസമ്പന്നരുടെ പെൺമക്കൾ

MediaOne Logo

abs

  • Published:

    13 Oct 2022 11:23 AM GMT

ഇഷ, അദ്വൈത, അലിഷ, നിസാബ...; ശതകോടീശ്വരരുടെ പെണ്മക്കള്‍
X

ഇന്ത്യയിലെ അതിസമ്പന്നരുടെ പാരമ്പര്യ സ്വത്തുക്കളിൽ ആൺമക്കൾക്കുള്ള പൈതൃകം എടുത്തു പറയേണ്ട ഒന്നല്ല. ബജാജ്, ഗോദ്‌റെജ് തുടങ്ങി എടുത്തു പറയുന്ന ഏതു ബ്രാൻഡിന് പിന്നിലും അച്ഛന്മാരുടെ വിയർപ്പിന് പിറകെ ആൺമക്കളുടെ അധ്വാനവുമുണ്ട്. എന്നാൽ മാറുന്ന കാലത്ത് ബിസിനസ് ലോകത്ത് സ്വന്തമായി വഴി വെട്ടിത്തളിക്കുകയാണ് സമ്പന്നരുടെ പെൺമക്കൾ. മുകേഷ് അംബാനിയുടെ മകൾ ഇഷ മുതൽ ഗോദ്‌റെജ് കുടുംബത്തിലെ നിസാബ വരെ അതു നീണ്ടു കിടക്കുന്നു.

കോർപറേറ്റ് സ്യൂട്ടിൽ ഇടംപിടിക്കുന്ന പെൺമുഖങ്ങളെ പരിചയപ്പെടാം.

ഇഷ അംബാനി, 30

റിലയൻസ് ഇൻഡട്രീസിന്റെ റീട്ടെയിൽ വ്യാപാരത്തിന് മേൽനോട്ടം വഹിക്കുന്ന ഇഷ അംബാനിയാണ് ഈ നിരയില്‍ ആദ്യത്തേത്. 25 ബില്യൺ യുഎസ് ഡോളർ വരുമാനമുള്ള റീട്ടെയിൽ ശൃഖലയ്ക്ക് (റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്‌സ്) രാജ്യത്തുടനീളം 15000 ത്തിലേറെ ഷോറൂമുകളാണുള്ളത്. വ്യാപിച്ചു കിടക്കുന്നത് 42 ദശലക്ഷം ചതുരശ്ര അടിയിൽ.

ആഗസ്തിൽ നടന്ന ഓഹരിയുടമകളുടെ യോഗത്തിൽ റീട്ടെയിൽ ബിസിനസിലെ 'ലീഡർ' എന്നാണ് മുകേഷ് അംബാനി ഇഷയെ വിശേഷിപ്പിച്ചത്.

അദ്വൈത നയാർ, 32

ലക്ഷ്വറി റീട്ടെയ്ൽ വമ്പന്മാരായ നെയ്കയുടെ സ്ഥാപക ഫൽഗുനി നയാറുടെ മകളാണ് അദ്വൈത. കമ്പനിയുടെ സഹസ്ഥാപകയാണ്. 1500 വസ്ത്ര ബ്രാൻഡുകളാണ് നെയ്കക്കുള്ളത്. വീട്ടലങ്കാര വസ്തുക്കളും വിൽപ്പന നടത്തുന്നു. ഹാവാർഡ് സർവകലാശാലയിൽനിന്നുള്ള എംബിഎ ബിരുദധാരിണിയാണ്. വ്യക്തിജീവിതത്തിലും തൊഴിൽ ജീവിതത്തിലും അമ്മയാണ് തന്റെ റോൾ മോഡലെന്ന് പറയുന്നു അദ്വൈത.

അലിഷ മാലിക്, 36

മുംബൈ ആസ്ഥാനമായ, 177 ദശലക്ഷം യുഎസ് ഡോളർ വരുമാനമുള്ള മെട്രോ ബ്രാൻഡിന്റെ മാനേജിങ് ഡയറക്ടറാണ് അലിഷ മാലിക്. പിതാവ് റഫീഖ് മാലിക് തുടങ്ങിവച്ച ഫുട്‌വെയർ ബിസിനസിന്റെ മേൽനോട്ട ചുമതലയാണ് ഇപ്പോൾ അലിഷയ്ക്ക്. റഫീഖ് മാലികാണ് കമ്പനി ചെയർമാൻ. 1955ൽ മുത്തച്ഛൻ ഒറ്റ ഷൂ സ്റ്റോറിൽ ആരംഭിച്ച ബിസിനസാണ് ഇപ്പോൾ 142 നഗരങ്ങളിൽ 624 സ്‌റ്റോറുകളായി വ്യാപിച്ചു കിടക്കുന്നത്.

ലക്ഷ്മി വേണു, 38

ടി.വി.എസ് ഗ്രൂപ്പിന്റെ ഉടമ വേണു ശ്രീനിവാസന്റെ മകളാണ് ലക്ഷ്മി വേണു. കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള ഓട്ടോ കോംപണന്റ് കമ്പനി സുന്ദരം-ക്ലേടൺ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറാണ്. അമ്മ മല്ലി ശ്രീനിവാസൻ ചെയർപേഴ്‌സണായ ട്രാക്ടർ നിർമാണ കമ്പനി ട്രാക്ടേഴ്‌സ് ആൻഡ് ഫാം എക്യുപ്‌മെന്റ്‌സിന്റെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറുമാണ്.

വിനാതി സറഫ് മുത്രേജ, 38

രാസവളം നിർമാതാക്കളായ വിനാതി ഓർഗാനിക്‌സ് ലിമിറ്റഡ് ചെയർമാൻ വിനോദ് സറഫിന്റെ മകളാണ് വിനാതി. നിലവിൽ കമ്പനി മാനേജിങ് ഡയറക്ടറും സിഇഒയുമാണ്. 1989ൽ സ്ഥാപിച്ച കമ്പനിയുടെ വരുമാനം 200 ദശലക്ഷം യുഎസ് ഡോളറാണ്. ഇവർക്കു കീഴിൽ വിനാതി ഓർഗാനിക് ഏഷ്യയിലെ ഏറ്റവും മികച്ച ബില്യൺ ഡോളർ കമ്പനിയുടെ പട്ടികയിൽ ഇടംപിടിച്ചിരുന്നു.

നിസാബ ഗോദ്‌റെജ്, 44

ഗോദ്‌റേജ് വ്യവസായ കുടുംബത്തിലെ നാലാം തലമുറക്കാരിയാണ് ആദി ഗോദ്‌റെജിന്റെ മകളായ നിസാബ. 125 വർഷം പഴക്കമുള്ള കമ്പനിയുടെ മൂല്യം 13.9 ബില്യൺ യുഎസ് ഡോളറാണ്. അഞ്ചു വർഷം മുമ്പാണ് അച്ഛനിൽ നിന്ന് നിസാബ കൺസ്യൂമർ ഉത്പന്നങ്ങളുടെ മേൽനോട്ടം ഏറ്റെടുത്തത്. സോപ്പു മുതൽ ഹെയർ കളർ വരെ ഉണ്ടാക്കുന്ന കമ്പനിയാണിത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലായി 90ലേറെ രാഷ്ട്രങ്ങളിൽ കമ്പനി ഉത്പന്നങ്ങൾ വിൽക്കുന്നുണ്ട്.

TAGS :

Next Story