ഹീറോ മോട്ടോ കോര്‍പ് ചെയർമാൻ പവൻ മുൻജാലിന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്
പരിശോധനയ്ക്ക് പിന്നാലെ ഹീറോയുടെ ഓഹരിയിൽ ഇടിവുണ്ടായി.
മുംബൈ: രാജ്യത്തെ മുൻനിര വാഹനനിർമാതാക്കളായ ഹീറോ മോട്ടോ കോർപറേഷൻ എക്‌സിക്യൂട്ടീവ് ചെയർമാൻ പവൻ മുൻജാലിന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഡൽഹി, ഗുഡ്ഗാവ് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
പവൻ മുൻജാലിന്റെ അടുത്ത സഹായിയെ ഉറവിടം വെളിപ്പെടുത്താത്ത വിദേശ കറൻസിയുമായി റവന്യൂ ഇന്റലിജൻസ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പിടികൂടിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. പരിശോധനയ്ക്ക് പിന്നാലെ ഹീറോയുടെ ഓഹരിയിൽ ഇടിവുണ്ടായി. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ 4.4 ശതമാനം ഇടിവാണ് ഓഹരിയിൽ രേഖപ്പെടുത്തിയത്.
2022 മാർച്ചിൽ നികുതി വെട്ടിപ്പ് ആരോപണത്തിൽ ഹീറോ കമ്പനി ആദായ നികുതി വകുപ്പ് അന്വേഷണം നേരിട്ടിരുന്നു. പവൻ മുൻജാലിന്റേത് അടക്കമുള്ള ഓഫീസുകളും വീടുകളും വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. എണ്ണൂറു കോടി രൂപയുടെ അനധികൃത ഇടപാട് നടന്നു എന്നാണ് അന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് പ്രസ്താവനയിറക്കിയിരുന്നത്.
ലോകത്തെ ഏറ്റവും വലിയ ടു വീലർ നിർമാതാക്കളിലൊന്നാണ് ഹീറോ മോട്ടോ കോർപറേഷൻ. ഏഷ്യ, ആഫ്രിക്ക, ദക്ഷിണ-മധ്യ അമേരിക്ക എന്നിവിടങ്ങളിലായി നാൽപ്പതിലേറെ രാഷ്ട്രങ്ങളിൽ ഹീറോയ്ക്ക് സാന്നിധ്യമുണ്ട്.
Adjust Story Font
16