Quantcast

ടെസ്‌ലയിലെ 37,000 കോടിയുടെ ഓഹരി വിറ്റ് ഇലോൺ മസ്‌ക്

ലോകത്തെ ഒന്നാം നമ്പർ സമ്പന്നനായ മസ്കിന് 280 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്

MediaOne Logo

Web Desk

  • Published:

    11 Nov 2021 7:02 AM GMT

ടെസ്‌ലയിലെ 37,000 കോടിയുടെ ഓഹരി വിറ്റ് ഇലോൺ മസ്‌ക്
X

ലോകത്തെ ഏറ്റവും മൂല്യമുള്ള കാർ നിർമാണ കമ്പനിയായ ടെസ്‌ലയിലെ അഞ്ച് ബില്യൺ ഡോളർ (37,000 കോടി രൂപ) മൂല്യമുള്ള തന്റെ ഓഹരികൾ വിറ്റഴിച്ച് കമ്പനി സ്ഥാപകനും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്‌ക്. പത്ത് ശതമാനം ഓഹരികൾ വിറ്റഴിക്കണോ എന്ന കാര്യത്തിൽ ട്വിറ്ററിൽ പോൾ നടത്തിയതിനു പിന്നാലെയാണിത്. 35 ലക്ഷത്തോളം പേർ വോട്ട് ചെയ്ത പോളിൽ 58 ശതമാനമാളുകളും ഓഹരികൾ വിറ്റഴിക്കണമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്.

2012-ൽ പ്രതിഫലമായാണ് ടെസ്ല മസ്‌കിന് ഓഹരികൾ നൽകിയത്. ടെസ്‌ലയിൽ നിന്ന് തനിക്ക് പണമായി ഒന്നും ലഭിക്കുന്നില്ലെന്നും ഓഹരികൾ മാത്രമാണ് സ്വന്തമായുള്ളതെന്നും മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. നികുതിയടക്കാൻ ഓഹരികൾ വിൽക്കുകയല്ലാതെ നിവൃത്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2016-ൽ 600 ദശലക്ഷം ഡോളറിന്റെ ഓഹരി വിറ്റഴിച്ച ശേഷം ഇതാദ്യമായാണ് മസ്‌ക് സമാനമായ വഴിയിൽ നീങ്ങുന്നത്.

ഓഹരികൾ വിൽക്കുന്നതിൽ ട്വിറ്ററാറ്റിയുടെ അഭിപ്രായം തേടിയെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹവും ടെസ്ലയും നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു എന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്യുന്നത്. മസ്‌കിന്റെ പേരിലുള്ള ട്രസ്റ്റ് ടെസ്ലയിലെ നാല് ബില്യൺ ഡോളർ വിലവരുന്ന ഓഹരികൾ പൂർണമായി വിറ്റഴിച്ചപ്പോൾ, 1.1 ബില്യൺ മൂല്യമുള്ള 9.3 ലക്ഷം ഓഹരികൾ വിറ്റ് 22 ലക്ഷം ഷെയറുകൾ വാങ്ങി. മസ്‌ക് ഓഹരി വിൽക്കുന്നു എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ടെസ്ലയുടെ മൂല്യം 16 ശതമാനം കുറഞ്ഞിരുന്നു.

സ്‌പേസ് എക്‌സ്, ടെസ്ല കമ്പനികളുടെ സി.ഇ.ഒയായ ഇലോൺ മസ്‌കിന് 280 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. 50-കാരനായ അദ്ദേഹത്തിന് അച്ഛൻ നാടായ ദക്ഷിണാഫ്രിക്കയിലും അമ്മയുടെ നാടായ കനഡയിലും അമേരിക്കയിലും പൗരത്വമുണ്ട്.

TAGS :

Next Story