Quantcast

ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി; ഇന്ധന വില പഴയതു തന്നെ

വില കുറയ്ക്കാൻ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് എണ്ണക്കമ്പനികൾക്കു മേൽ സമ്മർദവുമില്ല.

MediaOne Logo

Web Desk

  • Published:

    28 Nov 2021 7:42 AM GMT

ക്രൂഡ് ഓയിൽ വില കൂപ്പുകുത്തി; ഇന്ധന വില പഴയതു തന്നെ
X

അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞിട്ടും അതിന്റെ നേട്ടം ഉപഭോക്താക്കൾക്ക് നൽകാതെ എണ്ണക്കമ്പനികളുടെ ഒളിച്ചുകളി. ഒരു മാസം മുമ്പ് ബാരലിന് 82.6 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 68.1 ഡോളറാണ്. വിലയിൽ 14 ഡോളറിന്റെ മാറ്റമാണ് ഇക്കാലയളവിൽ ഉണ്ടായത്.

ക്രൂഡ് ഓയിൽ വില വർധിക്കുമ്പോൾ എണ്ണവില ദിനംപ്രതി കൂട്ടുന്ന എണ്ണക്കമ്പനികൾ വിലക്കുറവ് കണ്ട ഭാവം നടിക്കുന്നില്ലെന്നാണ് ആക്ഷേപം. വില കുറയ്ക്കാൻ കേന്ദ്രസർക്കാറിന്റെ ഭാഗത്ത് എണ്ണക്കമ്പനികൾക്കു മേൽ സമ്മർദവുമില്ല.

ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 103.97 രൂപയാണ് ശനിയാഴ്ചയിലെ വില. ഡീസലിന് 86.67 രൂപയും. തിരുവനന്തപുരത്ത് യഥാക്രമം 106.36, 93.47 രൂപയും. ഇന്ധനത്തിന് മേൽ ചുമത്തിയ എക്‌സൈസ് തീരുവ വെട്ടിക്കുറച്ച നവംബർ നാലിനാണ് അവസാനമായി പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമുണ്ടായത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ അനുസൃതമായാണ് ഇന്ധനവിലയിൽ മാറ്റങ്ങളുണ്ടാകുന്നത് എന്നാണ് കേന്ദ്രസർക്കാറും എണ്ണക്കമ്പനികളും ആവർത്തിക്കുന്നത്. എന്നാൽ ഏതാനും കാലങ്ങളായി വില കുറയുന്നതിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് കൈമാറാൻ കമ്പനികൾ തയ്യാറാകുന്നില്ല.

കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ഭീതിയെ തുടർന്നാണ് ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം അനുഭവപ്പെടുന്നത്. നവംബർ 26ന് മാത്രം ഏഷ്യൻ വിപണിയിൽ ബാരലിൽ നാലു ഡോളറിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. യുഎസ് വിപണിയിൽ ആറു ഡോളറാണ് കുറഞ്ഞത്. തന്ത്രപ്രധാന സംഭരണ കേന്ദ്രങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ പുറത്തെടുക്കുമെന്ന് കഴിഞ്ഞ ദിവസം യുഎസും ജപ്പാനും ദക്ഷിണ കൊറിയയും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് വിലയിടിഞ്ഞതിനെ ബാധിച്ചിട്ടില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

TAGS :

Next Story