Quantcast

വീട്ടുചെലവ് എങ്ങിനെ നിയന്ത്രിക്കാം?

ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണ് പഴമക്കാർ പറയുന്നത്. അത് നമ്മൾ പ്രാവർത്തികമാക്കണം. ഒരു നാണയത്തുട്ട് ചെലവാക്കിയാൽ പോലും അത് എഴുതിവെക്കുന്നത് മാസാവസാനം ഒഴിവാക്കാവുന്ന വലിയ ബില്ലുകൾ ഏതൊക്കെയായിരുന്നു എന്ന ധാരണ നൽകും.

MediaOne Logo

Web Desk

  • Updated:

    2022-10-24 08:44:34.0

Published:

24 Oct 2022 8:43 AM GMT

വീട്ടുചെലവ് എങ്ങിനെ നിയന്ത്രിക്കാം?
X


ഒരു വീട്ടിലെ ചെലവുകൾ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുന്നത് നല്ലൊരു യോഗ്യതയാണ്. പണ്ടൊക്കെ കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ കുടുംബത്തിലെ ഏറ്റവും മുതിർന്നയാൾ എല്ലാ അംഗങ്ങൾക്കും ഒരുപോലെ ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ ഒരുപോലെ ഉറപ്പുവരുത്തും. അദ്ദേഹമായിരിക്കും ആ വീട്ടിലെ വരവ് ചെലവുകൾ കൃത്യമായി കൈകാര്യം ചെയ്യുന്നത്. എന്നാൽ നമ്മളൊക്കെ കൂട്ടുകുടുംബത്തിൽ നിന്ന് മാറി അണുകുടുംബത്തിലേക്ക് എത്തി. ഓരോ വീട്ടിലും നാലോ അഞ്ചോ അംഗങ്ങൾ മാത്രമാണ് ഇന്നുള്ളത്. അതുകൊണ്ട് തന്നെ പഴയ തലമുറയേക്കാൾ നന്നായി കുടുംബ ബജറ്റ് തയ്യാറാക്കാനും കൈകാര്യം ചെയ്യാനും സാധിക്കേണ്ടതുണ്ട്. മിക്ക കുടുംബങ്ങളിലും ഒന്നോ രണ്ടോ പേർ മാത്രമാണ് വരുമാന സ്‌ത്രോസ്സ്. അതുകൊണ്ട്തന്നെ തോന്നിയ പോലെ ചെലവിട്ട് സാമ്പത്തിക ബാധ്യതകൾ വിളിച്ചുവരുത്താതിരിക്കാൻ വരവും ചെലവും കൃത്യമായി കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം. വീട്ടുചെലവുകൾ മുൻകൂട്ടി തയ്യാറാക്കുന്നവർക്ക് പോലും നിലവിൽ നേരിടുന്ന വിലക്കയറ്റം പൊതുവേ വെല്ലുവിളിയാകാറുണ്ട്. എന്നാൽ അടുക്കള ചെലവ് മുതൽ ജീവിക്കാൻ ആവശ്യമായി വരുന്ന എല്ലാവിധ ചെലവുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ ഏത് സാഹചര്യത്തിലും കഴിയേണ്ടതുണ്ട്. ഇതിനായി ചില ടിപ്‌സുകൾ താഴെ പറയാം.

എല്ലാ ചെലവുകളും എഴുതിവെക്കുക

വീട് നോക്കുന്ന ഒരാൾക്ക് വേണ്ട പ്രാഥമിക ഗുണമാണിത്. നമ്മൾ എന്ത് ചെലവാക്കിയാലും അത് കൃത്യമായി രേഖപ്പെടുത്തി വെക്കണം. അടുക്കളയിലേക്കുള്ള സാധനങ്ങൾ മുതൽ കുട്ടിയ്ക്ക് വാങ്ങിക്കൊടുക്കുന്ന ഐസ്‌ക്രീമിന് ചെലവായ തുക വരെ രേഖപ്പെടുത്തി വെക്കുക. ആറ്റിൽ കളഞ്ഞാലും അളന്ന് കളയണമെന്നാണ് പഴമക്കാർ പറയുന്നത്. അത് നമ്മൾ പ്രാവർത്തികമാക്കണം. ഒരു നാണയത്തുട്ട് ചെലവാക്കിയാൽ പോലും അത് എഴുതിവെക്കുന്നത് മാസാവസാനം ഒഴിവാക്കാവുന്ന വലിയ ബില്ലുകൾ ഏതൊക്കെയായിരുന്നു എന്ന ധാരണ നൽകും.

ആവശ്യവും ആഗ്രഹവും വേർതിരിച്ച് മനസിലാക്കുക

നമ്മുടെ പണം നഷ്ടപ്പെടുത്തുന്ന പല ചെലവുകളും ഒഴിവാക്കാമായിരുന്നുവെന്ന് ചിലപ്പോഴൊക്കെ തോന്നാറില്ലേ? ചില വസ്തുക്കളൊക്കെ അപ്പോൾ തോന്നുന്ന ആഗ്രഹത്തിന് വാങ്ങിക്കൊണ്ടുവന്ന ശേഷമാണ് വേണ്ടിയിരുന്നില്ലെന്ന് തോന്നുന്നത്. നമ്മൾ ഓരോ ദിവസവും ഏത് കാര്യത്തിനാണ് പണം ചെലവിടുന്നതെന്ന് മുൻകൂട്ടി തീരുമാനിച്ചുവെച്ചാൽ തോന്നിയ പോലെ ഷോപ്പിങ് നടത്തുന്ന പ്രവണത ഇല്ലാതാക്കാം. ഏതൊരു പർച്ചേസിനും മുമ്പ് അത് അത്യാവശ്യമുള്ളതാണോ എന്ന് ഉറപ്പുവരുത്തുക. ആഗ്രഹവും ആവശ്യവും തമ്മിലുള്ള അന്തരത്തെ കുറിച്ച് വീട്ടുകാര്യങ്ങൾ നോക്കുന്നവർക്ക് ധാരണ വേണം. ഭവന വായ്പകൾ, വാടക, ആശുപത്രി ചെലവുകൾ തുടങ്ങിയവ നിങ്ങളുടെ ആവശ്യങ്ങളാണ്. എന്നാൽ വൈകുന്നേരം പുറത്തിറങ്ങി നേരമ്പോക്കിന് കഴിക്കുന്ന ഭക്ഷണങ്ങൾ, സിനിമാ ടിക്കറ്റുകൾ തുടങ്ങിയ ചെലവുകളൊക്കെ നിർബന്ധമുള്ളവയല്ല. ഇതിൽ ഏതൊക്കെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ മാറ്റിവെക്കാവുന്നതാണെന്ന് ആലോചിക്കണം. അതുകൊണ്ട് ബജറ്റ് തയ്യാറാക്കുമ്പോൾ ഇതൊക്കെ പരിഗണിച്ച് പണം വകയിരുത്താൻ.

വരുമാനം വർധിപ്പിക്കുക

നിങ്ങളുടെ വരുമാനത്തിനെ അടിസ്ഥാനമാക്കി വേണം ചെലവ് നിശ്ചയിക്കാൻ. അത്യാവശ്യ ചെലവുകൾ പോലും നിർവഹിക്കാൻ പാകത്തിലല്ല വരുമാനമെങ്കിൽ ഭാവിയിൽ ചെറിയ തോതിലെങ്കിലും അഡീഷണലായി വരുമാനം വർധിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കണം. അവധി ദിനങ്ങളിലോ പാർട്ട് ടൈം ആയോ ഫ്രീലാൻസ് വർക്കുകൾ ചെയ്യുകയോ വിശ്വസിക്കാവുന്ന സമ്പാദ്യ പദ്ധതികളിൽ അംഗങ്ങളാകുകയോ ചെയ്യുക.

എമർജൻസി ഫണ്ട് നിർബന്ധമാണ്

എല്ലാ കുടുംബ ബജറ്റുകളെയും താളംതെറ്റിക്കുന്ന ഒരു കാര്യമാണ് അപ്രതീക്ഷിതമായി എത്തുന്ന അടിയന്തിര ചെലവുകൾ. ഒരു വാഹന അപകടമോ ശമ്പളം വൈകുകയോ അസുഖമോ മറ്റോ ഉണ്ടായാൽ നിങ്ങളെന്ത് ചെയ്യും. നിലവിൽ വകയിരുത്തിയ തുക മാറി ചെലവഴിക്കേണ്ടി വരും. അങ്ങിനെ സംഭവിച്ചാൽ എല്ലാ മാസവും കൃത്യമായി അടക്കേണ്ട ഇഎംഐകളോ ബില്ലുകളോ മുടങ്ങാനും പിഴയൊടുക്കേണ്ടിയും വന്നേക്കാം. എന്നാൽ നിങ്ങൾ ബജറ്റ് തയ്യാറാക്കുമ്പോൾ ആദ്യം ഇത്തരം സാഹചര്യങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് എമർജൻസി ഫണ്ടായി ചെറിയൊരു തുക സ്ഥിരമായി മാറ്റിവെക്കുക. എന്നാൽ ഒരുപരിധിവരെ പെട്ടെന്ന് കടന്നുവരുന്ന സാമ്പത്തിക പ്രതിസന്ധികൾ ഇല്ലാതാക്കാൻ സാധിക്കും.

അടുക്കുംചിട്ടയും ജീവിത ശൈലിയിലെ മാറ്റങ്ങളും

കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനും സാമ്പത്തിക ടെൻഷനുകളില്ലാതെ ജീവിക്കാനും നമ്മൾ ജീവിത രീതി മാറ്റേണ്ടതുണ്ട്. കോവിഡ് പ്രതിസന്ധി നമ്മളെ സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യാൻ കൂടി പഠിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം വെട്ടിക്കുറച്ചും ഷോപ്പിങ്ങിൽ പണം കൂടുതൽ ചെലവഴിക്കാതിരിക്കാൻ വൻകിട ബ്രാന്റുകൾ ഒഴിവാക്കിയും ഓഫീസിലേക്ക് പോകുമ്പോൾ വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുപോയുമൊക്കെ നമ്മൾ ശീലിച്ചിട്ടുണ്ട്. ഇത്തരം നല്ല ശീലങ്ങൾ ആവർത്തിക്കുകയും ജീവിതത്തിന് അടുക്കുംചിട്ടയും കൊണ്ടുവരികയും ചെയ്താൽ വലിയ രീതിയിൽ പണം ലാഭിക്കാൻ സാധിക്കും. ഇത്തരം ശീലങ്ങൾ ആരോഗ്യവും പണവും കാത്തുസൂക്ഷിക്കുമെന്ന് മനസിലാക്കുക. വൻകിട ബ്രാന്റുകളെ അകറ്റി നിർത്തി ഗുണമേന്മയേറിയ പ്രാദേശിക ഉൽപ്പന്നങ്ങളെ തെരഞ്ഞെടുക്കുന്നതും കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാൻ സഹായിക്കും.

TAGS :

Next Story