50 ദിവസത്തിനിടെ എൽഐസിക്ക് നഷ്ടമായത് 50,000 കോടി; അദാനി ഓഹരിയിൽ തിരിച്ചടി തുടരുന്നു
2022 ഡിസംബർ 31 വരെ 82,970 കോടി രൂപയായിരുന്ന എൽഐസിയുടെ നിക്ഷേപമൂല്യം 33, 242 കോടി രൂപയായി കുറഞ്ഞു
അദാനി ഓഹരിയിൽ 50 ദിവസത്തിനിടെ 50,000 കോടിയുടെ നഷ്ടം നേരിട്ട് എൽഐസി. 2022 ഡിസംബർ 31 വരെ 82,970 കോടി രൂപയായിരുന്നു അദാനി ഓഹരിയില്‍ എൽഐസിയുടെ നിക്ഷേപമൂല്യം. ഈ നിക്ഷേപമൂല്യം 33, 242 കോടി രൂപയായി കുറഞ്ഞു എന്നാണ് പുതിയ റിപ്പോർട്ട്. അദാനി എന്റർപ്രൈസസ്, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, സ്പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അംബുജ സിമന്റ്സ്, എസിസി തുടങ്ങിയ ഏഴ് അദാനി സ്‌റ്റേക്കുകളിലെ വിപണി മൂല്യമാണ് കുറഞ്ഞത്. 2022 ഡിസംബർ 31 വരെയുള്ള അദാനി ഓഹരികളുടെ വിപണി മൂല്യവും അവയുടെ നിലവിലെ വിപണി മൂല്യവും തമ്മിലുള്ള വ്യത്യാസത്തെ അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോർട്ട്.
അദാനിയുടെ ആഭ്യന്തര സ്ഥാപന നിക്ഷേപകരിൽ ഏറ്റവും വലിയ ഓഹരി ഉടമയാണ് എൽ.ഐ.സി. ഓഹരിവിപണി മൂല്യത്തിൽ എൽഐസിക്ക് 30,000 കോടിയുടെ ഇടിവാണ് ഇന്നുമാത്രം രേഖപ്പെടുത്തിയത്. ഇന്നലെ അദാനി ഗ്രൂപ്പ് കമ്പനികളിലെ എൽഐസിയുടെ വിപണിമൂല്യം ഏകദേശം 27,000 കോടിക്കടുത്തായിരുന്നു. ഇന്നത്തെ നിക്ഷേപങ്ങളുടെ ഓഹരിവില വെച്ച് പഴയ നിക്ഷേപത്തിന്റെ വില പോലും ഇല്ലാതാകും.
ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്ന് ഓഹരികൾ തകർന്നടിഞ്ഞിട്ടും അദാനി എന്റർപ്രൈസസിൽ കൂടുതൽ പണമിറക്കിയ സ്ഥാപനമാണ് എൽഐസി. അദാനി പോർട്ടിൽ 9.14 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡിൽ 5.96 ശതമാനവും അദാനി എന്റർ പ്രൈസസിൽ 4.23 ശതമാനവും അദാനി ട്രാൻസ്മിഷനിൽ 3.65 ശതമാനും അദാനി ഗ്രീൻ എനർജിയിൽ 1.28 ശതമാനും ഓഹരികളാണ് എൽ.ഐ.സിക്കുള്ളത്.
Adjust Story Font
16