4,000 കലോറി, ജിയു-ജിറ്റ്‌സു, ടൈലർ സ്വിഫ്റ്റിന്റെ പാട്ട്-ദിനചര്യകൾ വെളിപ്പെടുത്തി സക്കർബർഗ്
രാവിലെ എട്ടുമണിയൊക്കെയാകും ഉണരാനെന്നാണ് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയത്
വാഷിങ്ടണ്‍: മെറ്റ തലവൻ മാർക്ക് സക്കർബർഗ് എപ്പോഴായിരിക്കും ഉറക്കമുണരുന്നത്? അതിരാവിലെ എണീറ്റ് എന്തൊക്കെ ചെയ്യുന്നു? ശരാശരി ഒരു ദിവസത്തെ ശീലങ്ങൾ എന്തെല്ലാമാണ്? എല്ലാവർക്കും അറിയാൻ കൗതുകമുള്ള കാര്യങ്ങളാകും ഇതെല്ലാം. ആളുകളുടെ കൗതുകം തിരിച്ചറിഞ്ഞുതന്നെയാകാം, ഫേസ്ബുക്ക് ലൈവ് സെഷനിലൂടെ സക്കർബർഗ് സ്വന്തം ദിനചര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ.
വെളുപ്പിനേ എണീക്കുമെന്നു വൻ വിജയങ്ങൾ സ്വന്തമാക്കിയ ബിസിനസുകാരെക്കുറിച്ചൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ട്. എന്നാല്‍, അത്തരം ശീലമൊന്നും സക്കർബർഗിനില്ല. ഭൂമിയിൽ സൂര്യവെളിച്ചം പരന്ന ശേഷമാണ് ഉണരുന്നതു തന്നെ. രാവിലെ എട്ടുമണിയൊക്കെയാകും ഉണരാനെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
ഉണർന്നുകഴിഞ്ഞാലുടൻ ഭാര്യ ബെഡ് കോഫിയുമായി വരുന്ന സിനിമാ സങ്കൽപങ്ങളും സക്കർബർഗിന്റെ കാര്യത്തിൽ വേണ്ട. എണീറ്റയുടൻ കാപ്പിയോ ചായയോ മുന്നിലെത്തേണ്ട. അത്തരമൊരു ശീലമില്ല. പകരം ഉറ്റമിത്രം സ്മാർട്ട്‌ഫോൺ കൈയിലെടുക്കും. ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം ഇൻബോക്‌സിലേക്കായിരിക്കും കണ്ണുതുറക്കുന്നതു തന്നെ.
ഇൻബോക്‌സിൽ നിറഞ്ഞുകിടക്കുന്ന മെസേജുകൾ കേൾക്കും, വായിക്കും. ആളുകളുമായി ചാറ്റ് ചെയ്തും സംസാരിച്ചുമായിരിക്കും ഓരോ ദിവസവും തുടങ്ങുന്നതെന്നാണ് സക്കർബർഗ് പറയുന്നത്.
ലോകത്തെങ്ങും നടക്കുന്ന സംഭവവികാസങ്ങളെക്കുറിച്ച് സക്കർബർഗ് അറിയുന്നതും വാർത്താ ചാനലുകൾ തുറന്നോ പത്രമാധ്യമങ്ങൾ വായിച്ചോ അല്ല. സോഷ്യൽ മീഡിയയിലൂടെ സ്‌ക്രോൾ ചെയ്യും. എന്നുകരുതി എല്ലാവരെയും പോലെ സോഷ്യൽ മീഡിയ അഡിക്ട് ഒന്നുമല്ല. സോഷ്യൽ മീഡിയ വിപ്ലവം കൊണ്ടുവന്നയാളാണെങ്കിലും സക്കർബർഗിനുമുണ്ട് അതിനുമൊക്കെ ഓരോ സമയം.
രാവിലെ മെസേജുകളിലൂടെയെല്ലാം കണ്ണോടിച്ചു കഴിഞ്ഞാലുള്ള അടുത്ത പണി വ്യായാമമാണ്. ആയോധനകലയായ മിക്‌സഡ് മാർഷ്യൽ ആർട്‌സിൽ(എം.എം.എ) ബിരുദമൊക്കെ എടുത്തയാളാണ് സക്കർബർഗ് എന്ന് എത്രപേർക്ക് അറിയാം! സക്കർബർഗിന്റെ പാഷനും അതുതന്നെയാണ്. ബ്രസീലിയൻ ആയോധന കലയായ ജിയു-ജിറ്റ്‌സുവിലും എം.എം.എ അഭ്യാസങ്ങളിലുമെല്ലാമായിരിക്കും രാവിലെ ഏറെനേരം. ദിവസവും 4,000 കലോറി കഴിക്കുന്നുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. വിശ്വസിക്കാനാകുന്നുണ്ടോ!
തിരക്കിട്ട ജീവിതത്തിനിടയിലും കുടുംബത്തെ വിട്ടൊരു കളിയില്ല. കുടുംബം തന്നെയാണു പരമപ്രധാനം. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ സി.ഇ.ഒ മാത്രമല്ല, സ്‌നേഹനിധിയായ ഭർത്താവും മൂന്ന് പെൺമക്കളുടെ പ്രിയപ്പെട്ട പപ്പയുമാണ് സക്കർബർഗ്. കുടുംബത്തിനുവേണ്ടിയും സമയം നീക്കിവച്ചിട്ടുണ്ട്. അവർക്കൊപ്പം കളിയും ചിരിയുമായി കഴിയും. കൗതുകമുള്ള മറ്റൊരു കാര്യമുണ്ട്. അമേരിക്കൻ ഗായിക ടൈലർ സ്വിഫ്റ്റിന്റെ പാട്ടിനൊത്തുള്ള ഡാൻസാണ് അപ്പരിപാടി. സ്വിഫ്റ്റിന്റെ പാട്ടിട്ട് എല്ലാവരും ഒന്നിച്ച് നൃത്തം ചെയ്യുമത്രെ!
ഏതായാലും ഫേസ്ബുക്ക് ലൈവ് സെഷനിൽ കൂടുതൽ ശീലങ്ങളൊന്നും സക്കർബർഗ് വെളിപ്പെടുത്തിയിട്ടില്ല. മെറ്റയുടെ ഭാവിപദ്ധതികളെക്കുറിച്ചും പുതുതായി അവതരിപ്പിക്കാൻ പോകുന്ന ആശയങ്ങളെക്കുറിച്ചുമെല്ലാമാണ് അദ്ദേഹം പിന്നീട് സംസാരിച്ചത്.
1984 മെയ് 14ന് അമേരിക്കയിലെ വൈറ്റ് പ്ലെയിൻസിൽ ജനിച്ച മാർക്ക് സക്കർബർഗ് വെറും 19-ാം വയസിലാണ് ലോകത്ത് വിപ്ലവം സൃഷ്ടിച്ച ഫേസ്ബുക്കിനു തുടക്കമിടുന്നത്. 2004ൽ ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥികൾക്കിടയിൽ തുടക്കംകുറിച്ച ചെറിയൊരു ആശയമാണ് 2012ൽ ലോകമൊന്നാകെ പടർന്നുപിടിച്ചത്. ഫേസ്ബുക്കിനു പിന്നാലെയാണ് വാട്‌സ്ആപ്പും ഇൻസ്റ്റഗ്രാമുമെല്ലാം പുത്തൻ തരംഗമായി മാറുന്നത്. സോഷ്യൽ മീഡിയ സ്ഥാപനങ്ങളെയെല്ലാം പിന്നീട് മെറ്റ എന്ന ഒരുകുടക്കീഴിലേക്കു മാറ്റുകയായിരുന്നു സക്കർബർഗ് ചെയ്തത്.
Summary: Meta CEO Mark Zuckerberg reveals the first thing he does in the morning after waking up
Adjust Story Font
16