Quantcast

പേടിഎമ്മിന്റെ അറ്റനഷ്ടം 357 കോടി; കാരണമെന്ത്?

  • മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആശാവഹം
  • പരോക്ഷ ചെലവുകളില്‍ വര്‍ധനവ്
  • തിങ്കളാഴ്ച വിപണിയില്‍ പ്രതിഫലിക്കും

MediaOne Logo

Web Desk

  • Updated:

    2023-07-22 07:31:05.0

Published:

22 July 2023 7:30 AM GMT

പേടിഎമ്മിന്റെ അറ്റനഷ്ടം 357 കോടി; കാരണമെന്ത്?
X

ഫിന്‍ടെക് കമ്പനി പേടിഎം ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ ഫലം പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകീകൃത അറ്റനഷ്ടം 357 കോടി രൂപയാണ് . കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലെ സമാനപാദത്തില്‍ 6,444 കോടി രൂപയായിരുന്നു. ഇതാണ് കുത്തനെ കുറഞ്ഞത്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 168 കോടി രൂപ മാത്രമായിരുന്നു നഷ്ടം. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഷ്ടം കുതിച്ചുയര്‍ന്നുവെന്ന് പറയാം. അതേസമയം പേടിഎം ഈ പാദത്തില്‍ 2,341 കോടി രൂപയുടെ അറ്റാദായം നേടിയിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 39.4 ശതമാനമാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍വര്‍ഷം സമാനപാദത്തില്‍ 1,679 കോടി രൂപയായിരുന്നു ഇത്. ഈ പാദത്തില്‍ പരോക്ഷ ചെലവുകളിലെ വര്‍ധനവ് അറ്റനഷ്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട മാര്‍ക്കറ്റിങ് ചെലവുകളിലെ വര്‍ധനവും മൂല്യനിര്‍ണയത്തിലെ തിരിച്ചടികളും സെയില്‍സ് ആന്റ് ടെക്‌നോളജി ടീമുകളുടെ വിപുലീകരണവുമൊക്കെ പരോക്ഷ ചെലവുകള്‍ വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 22 ശതമാനമാണ് പരോക്ഷ ചെലവ് കുതിച്ചുയര്‍ന്നിട്ടുള്ളത്.

കമ്പനിയുടെ വായ്പാ ബിസിനസില്‍ വലിയ കുതിപ്പുണ്ടായിട്ടുണ്ട്. 14,845 കോടി രൂപയുടെ വായ്പയാണ് ജൂണ്‍ പാദത്തില്‍ നടത്തിയത്. പേടിഎമ്മിന്റെ പേയ്‌മെന്റ് പ്ലാറ്റ്‌ഫോം വഴിയുള്ള വായ്പകളും വലിയ തോതില്‍ മെച്ചമുണ്ടാക്കിയിട്ടുണ്ട്. ആകെ വായ്പകളില്‍ 61 ശതമാനത്തിന്റെ വര്‍ധനവോടെ 1.28 കോടി രൂപയായി. പേടിഎമ്മിന്റെ പുതിയ വായ്പാ പങ്കാളിയായി ശ്രീരാം ഫിനാന്‍സും ചേര്‍ന്നിട്ടുണ്ട്. ഇവരെ കൂടാതെ എട്ട് ബാങ്കുകളും എന്‍ബിഎഫ്‌സികളും വായ്പാ ബിസിനസില്‍ പങ്കാളികളാണ്. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ ഉള്‍പ്പെടെ ഇവര്‍ പേടിഎമ്മുമായി നിലവില്‍ കൈ കോര്‍ക്കുന്നുണ്ട്. നാല് ക്രെഡിറ്റ് പോര്‍ട്ട്‌ഫോളിയോയാണ് കമ്പനിക്കുള്ളത്. പേടിഎം പോസ്റ്റ്‌പെയ്ഡ്, പേഴ്‌സണല്‍ ലോണ്‍,മര്‍ച്ചന്റ് ലോണ്‍,കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് എന്നിവയാണിത്.

കമ്പനിയുടെ മൊത്തം പേയ്‌മെന്റ് മാര്‍ജിന്‍ ഓരോ വര്‍ഷത്തിലും 69 ശതമാനം വീതം ഉയര്‍ന്ന് 648 കോടി രൂപയായി. ഒന്നാം പാദത്തില്‍ മൊത്ത വ്യാപാര മൂല്യം 37 ശതമാനം ഉയര്‍ന്ന് 4.05 ലക്ഷം രൂപയുമായിട്ടുണ്ട്. തങ്ങളുടെ പേയ്‌മെന്റ് , ലോണ്‍ ബിസിനസിലുള്ള വളര്‍ച്ചയാണ് കമ്പനിയെ വരുമാന വര്‍ധനവിലേക്ക് നയിച്ചതെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിങ്ങില്‍ പറയുന്നു. ലാഭക്ഷമത നിലനിര്‍ത്തിയുള്ള വളര്‍ച്ച സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറഞ്ഞു. ജൂണ്‍ 21 ന് പേടിഎമ്മിന്റെ പാരന്റിങ് കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ഓഹരികള്‍ 0.89 ശതമാനം ഇടിഞ്ഞുകൊണ്ടാണ് വ്യാപാരം അവസാനിപ്പിച്ചത്. വെള്ളിയാഴ്ച വിപണി ക്ലോസ് ചെയ്യുമ്പോള്‍ ബിഎസ്ഇയില്‍ 843.55 പൈസയായിരുന്നു ഒരു ഓഹരിയുടെ വില. 52 ആഴ്ച്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് 914.95 രൂപയാണ്. ഏറ്റവും കുറഞ്ഞ നിരക്ക് 438.35 രൂപയാണ്.

പുതിയ പാദഫലം പുറത്തുവിട്ട സാഹചര്യത്തില്‍ തിങ്കളാഴ്ച വിപണിയില്‍ ഓഹരിയ്ക്ക് എന്ത് പ്രതിഫലനമാണ് ഉണ്ടാക്കുകയെന്ന് ഉറ്റുനോക്കുകയാണ് നിക്ഷേപകര്‍.

TAGS :

Next Story