റിപ്പോ നിരക്ക് 6.50 ശതമാനമായി നിലനിർത്തി ആർബിഐ; പലിശഭാരം കൂടില്ല
വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. ആറംഗ ധനനയ സമിതി(എംപിസി)യുടെ തീരുമാനം ഗവർണർ ശക്തികാന്ത ദാസാണ് പ്രഖ്യാപിച്ചത്. വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് അനുവദിക്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണ് റിപ്പോ നിരക്ക്.
പ്രധാന തീരുമാനങ്ങൾ;
റിപ്പോ നിരക്ക് 6.5 ശതമാനമാക്കി നിലനിർത്താൻ ഏകകണ്‌ഠേന തീരുമാനം.
സ്റ്റാൻഡിങ് ഡെപോസിറ്റ് ഫെസിലിറ്റി റേറ്റ് 6.25 ശതമാനം
മാർജിനൽ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ് 6.75 ശതമാനം.
ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (സിപിഐ) ജൂണിൽ അഞ്ചു ശതമാനത്തിൽ താഴെ നിൽക്കുന്ന പശ്ചാത്തലത്തിലാണ് പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെന്ന് ആർബിഐ തീരുമാനിച്ചത്. ബാങ്കുകൾ സൂക്ഷിക്കേണ്ട കരുതൽ ധനാനുപാതത്തിലും (സിആർആർ) മാറ്റമില്ല. ഇത് 4.50 ശതമാനം.
റിപ്പോ നിരക്ക് നിലനിർത്തിയതോടെ ബാങ്കുകളിൽനിന്നുള്ള വായ്പകളുടെ പലിശനിരക്ക് കൂടില്ല. വായ്പകളുടെ പ്രതിമാസ തിരിച്ചടവുകളിലും വർധനയുണ്ടാകില്ല.
Adjust Story Font
16