അദാനിക്കെതിരായ റിപ്പോര്‍ട്ട്: ഹിന്‍ഡന്‍ബര്‍ഗിന് സെബി നോട്ടിസ്, പിഴ ചുമത്താന്‍ നീക്കം
ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികള്‍ ചെയ്യുന്ന തട്ടിപ്പുകളും അഴിമതിയും പുറത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് നോട്ടിസ് എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചത്
ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരി തട്ടിപ്പ് പുറത്തുവിട്ട ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) നോട്ടിസ്. അദാനി ഗ്രൂപ്പ് കേസിലാണു നടപടി. ഹിന്‍ഡന്‍ബര്‍ഗ് തന്നെയാണ് കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ച വിവരം പുറത്തുവിട്ടത്. യു.എസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്‌സനെതിരെയും നടപടിയുണ്ട്.
ജൂണ്‍ 26നാണ് സെബി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് നോട്ടിസ് അയച്ചത്. ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചെന്നാണ് നോട്ടിസില്‍ പറയുന്നത്. നേരത്തെ അദാനി ഗ്രൂപ്പ് ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്ത(വിലയിടിഞ്ഞ ശേഷം നേരത്തെ വിറ്റ ഓഹരി തിരിച്ചുവാങ്ങുന്ന രീതി) ന്യൂയോര്‍ക്ക് കമ്പനിയായ കിങ്ഡന്‍ കാപിറ്റല്‍ മാനേജ്‌മെന്റുമായി ഹിന്‍ഡന്‍ബര്‍ഗിനു ബന്ധമുണ്ടെന്നും ആരോപണമുണ്ട്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ബോധപൂര്‍വം വളച്ചൊടിക്കുകയും ഊതിവീര്‍പ്പിച്ചു പെരുപ്പിച്ചുകാണിച്ചെന്നും നോട്ടിസില്‍ പറയുന്നു.
കിങ്ഡന്‍ കാപിറ്റലുമായി 2022 മുതല്‍ ഹിന്‍ഡന്‍ബര്‍ഗിനു ബന്ധമുണ്ടെന്നാണ് 46 പേജുള്ള സെബി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. ഇതിനുശേഷമായിരുന്നു അദാനി ഗ്രൂപ്പിനെതിരായ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അദാനി ഓഹരികള്‍ ഷോര്‍ട്ട് സെല്‍ ചെയ്ത് 4.1 മില്യന്‍ ഡോളറുണ്ടാക്കിയതായി ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. ഇത് സെബി പരിശോധിച്ചിട്ടുണ്ടെന്നും സ്ഥാപനം വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെ രണ്ടു വര്‍ഷത്തോളം നിരീക്ഷിച്ചും അന്വേഷണം നടത്തിയുമാണ് പിന്നീട് ഓഹരി തട്ടിപ്പിനെ കുറിച്ചുള്ള കണ്ടെത്തലിലെത്തിയതെന്നും ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തി.
നിയമനടപടിയുടെ മുന്നോടിയായാണ് സെബി കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരിക്കുന്നതെന്നാണു വിവരം. അധികം വൈകാതെ ഹിന്‍ഡന്‍ബര്‍ഗിനു പിഴ ചുമത്താനും ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇടപെടുന്നത് തടയാനും ഇടയുണ്ടെന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് ഉള്‍പ്പെടെയുള്ള സാമ്പത്തിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 21 ദിവസത്തിനകം മറുപടി നല്‍കാനാണ് സെബി സ്ഥാപനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രബലരായ വ്യക്തികള്‍ ചെയ്യുന്ന തട്ടിപ്പുകളും അഴിമതിയും പുറത്തുകൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്താനും നിശബ്ദരാക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് നോട്ടിസ് എന്നാണ് ഹിന്‍ഡന്‍ബര്‍ഗ് പ്രതികരിച്ചത്. അദാനിയെ കുറിച്ചുള്ള തങ്ങളുടെ കണ്ടെത്തലുകള്‍ പരിശോധിക്കാതെ റിപ്പോര്‍ട്ടിന്റെ പേരില്‍ വേട്ടയാടാനാണു നീക്കം. കഴിഞ്ഞ വര്‍ഷം പുറത്തുകൊണ്ടുവന്ന കണ്ടെത്തലില്‍ അഭിമാനമാണുള്ളതെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.
2023 ജനുവരിയിലായിരുന്നു അദാനി ഗ്രൂപ്പിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിടുന്നത്. ഓഹരിമൂല്യത്തില്‍ കൃത്രിമം കാണിച്ചെന്നായിരുന്നു പ്രധാന വെളിപ്പെടുത്തല്‍. കൃത്രിമ നടപടികളിലൂടെ ഓഹരി മൂല്യം പെരുപ്പിച്ചുകാണിച്ചു. റിപ്പോര്‍ട്ടിനു പിന്നാലെ ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന്റെ വില കുത്തനെ ഇടിഞ്ഞ് നിലംപതിച്ചു. ലോക സമ്പന്നരുടെ പട്ടികയില്‍ മൂന്നാമനായിരുന്ന ഗൗതം അദാനി ഏതാനും ആഴ്ചകള്‍ കൊണ്ട് 38-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. അദാനിയുടെ ആസ്തിയില്‍ 80 ബില്യന്‍ ഡോളറിന്റെ നഷ്ടമുണ്ടായി.
Summary: SEBI issues show cause notice to Hindenburg Research for report on Adani Group
Adjust Story Font
16