ഇടിഞ്ഞുവീണ് വിപണി; സെൻസെക്‌സിൽ നഷ്ടമായത് ആയിരം പോയിന്റ്
നിഫ്റ്റി 17000 പോയിന്റിന് താഴെയാണ് വ്യാപാരം നടത്തുന്നത്
ന്യൂഡൽഹി: പലിശ നിരക്കുകൾ വർധിപ്പിക്കുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി. റിപബ്ലിക് ദിനത്തിന് ശേഷം ആരംഭിച്ച വ്യാപാരദിനത്തിന്റെ തുടക്കത്തിൽ തന്നെ ആയിരം പോയിന്റാണ് സെൻസെക്‌സിൽ നഷ്ടമായത്. നിഫ്റ്റി 17000 പോയിന്റിന് താഴെയാണ് വ്യാപാരം നടത്തുന്നത്.
സെൻസെക്‌സിൽ 885.88 താഴ്ന്ന് 56,972.27 പോയിന്റിലും നിഫ്റ്റി 266.85 താഴ്ന്ന് 17,011.10 പോയിന്റിലുമാണ് വ്യാപാരം നടക്കുന്നത്. സെൻസെക്‌സിൽ 1.53 ശതമാനത്തിന്റെയും നിഫ്റ്റിയിൽ 1.54 ശതമാനത്തിന്റെയും ഇടിവാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. സെൻസെക്‌സിൽ ടൈറ്റാൻ, വിപ്രോ, ഡോ റെഡ്ഡീസ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ഇൻഫോസിസ് കമ്പനികൾക്കാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. മാരുതി ഒഴികെയുള്ള മിക്ക സ്റ്റോക്കുകളുടെയും വ്യാപാരം ചുവപ്പുപട്ടികയിലാണ് നടക്കുന്നത്.
പണപ്പെരുപ്പം നിയന്ത്രിക്കാൻ മാർച്ചിലെ നയയോഗത്തിൽ നിരക്കുകൾ വർധിപ്പിക്കുമെന്നാണ് ഫെഡറൽ റിസർവ് ചെയർ ജെറോം പവൽ പ്രഖ്യാപിച്ചിരുന്നത്. യുഎസിൽ നാൽപ്പതു വർഷത്തെ ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം. തൊഴിലില്ലായ്മാ നിരക്ക് 3.9 ശതമാനവും. ഇതാണ് ഫെഡറൽ റിസർവിനെ നിരക്കുകൾ ഉയർത്താൻ പ്രേരിപ്പിക്കുന്നത്.
Adjust Story Font
16