ജിയോക്ക് വെല്ലുവിളി ഉയർത്താൻ ടാറ്റ: ബി.എസ്.എൻ.എലുമായി കൈകോർക്കുന്നു
സേവനം മെച്ചപ്പെടുത്തി ബി.എസ്.എന്‍.എല്ലും കൂടി 'ഗ്രൗണ്ടിലേക്ക്' വന്നാല്‍ ജിയോയ്ക്കും എയർടെലിനും വലിയ വെല്ലുവിളി ആയിരിക്കും
മുംബൈ: സ്വകാര്യ ടെലികോം കമ്പനികളായ എയർടെലും ജിയോയും തങ്ങളുടെ റീചാർജ് പ്ലാനുകള്‍ അടുത്തിടെയാണ് വര്‍ധിപ്പിച്ചത്. ഇത് പലരെയും ബി.എസ്.എന്‍.എല്ലിലേക്ക് മാറാൻ പ്രേരിപ്പിച്ചിരുന്നു. എത്ര ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറി എന്ന കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
ജിയോയും മറ്റും നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയതിന് പിന്നാലെ ബി.എസ്.എന്‍.എല്ലിലേക്ക് മടങ്ങുന്നത് നന്നായിരിക്കും എന്ന തരത്തിലുള്ള സംസാരം സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. എന്നാല്‍ 5ജിയിലും 4ജിയിലും പരിധിയില്ലാത്ത നെറ്റ്‌വർക് ആഗ്രഹിക്കുന്നവർക്ക് ബി.എസ്.എന്‍.എല്‍ തടസമാണ്. ഇവിടെക്കാണ് ഇപ്പോള്‍ ടാറ്റ എത്തുന്നത്. ടാറ്റ കൺസൾട്ടൻസി സർവീസസും (ടി.സി.എസ്) ബി.എസ്.എന്‍.എല്ലും തമ്മിൽ 15,000 കോടി രൂപയുടെ പുതിയ കരാറിലേക്കെത്തിയിരിക്കുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാനാണ് പദ്ധതി. ബിഎസ്എൻഎലിന്റെ സേവനങ്ങൾ മെച്ചപ്പെടുത്താനും ഇന്ത്യൻ ടെലികോം മേഖലയിലെ മത്സരം വർദ്ധിപ്പിക്കാനും കഴിയുന്ന തന്ത്രപരമായ പങ്കാളിത്തമാണ് ഈ കരാറെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ഇക്കാര്യത്തിലൊരു ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
നിലവിൽ ജിയോയും എയർടെല്ലുമാണ് 4ജി ഇൻ്റർനെറ്റ് സേവന വിപണിയിൽ ആധിപത്യം പുലർത്തുന്നത്. സേവനം മെച്ചപ്പെടുത്തി ബി.എസ്.എന്‍.എല്ലും കൂടി 'ഗ്രൗണ്ടിലേക്ക്' വന്നാല്‍ ജിയോയ്ക്കും എയർടെലിനും വലിയ വെല്ലുവിളി ഉയർത്തും എന്നതില്‍ സംശയമില്ല. പ്രത്യേകിച്ചും ഈ നിരക്ക് വര്‍ധനവില്‍ ഉപഭോക്താക്കള്‍ നീറിയിരിക്കെ. ഇന്ത്യയിലുടനീളമുള്ള നാല് മേഖലകളിൽ ഡാറ്റാ സെൻ്ററുകൾ നിർമ്മിക്കുകയാണ് ടാറ്റ. രാജ്യത്തിൻ്റെ 4ജി ഇൻഫ്രാസ്ട്രക്ചറിൻ്റെ വികസനത്തിന് പിന്തുണ നൽകനാണിത്.
ബിഎസ്എൻഎല്ലിൻ്റെ 4ജി സേവനങ്ങൾ നിലവിൽ രാജ്യത്തുടനീളമുള്ള തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമേ ലഭ്യമാകൂ. 9,000 ടവറുകൾ രാജ്യത്ത് സ്ഥാപിച്ചിട്ടുണ്ട് ഇത് ഒരു ലക്ഷമായി ഉയർത്തുകയാണ് ലക്ഷ്യം. ജിയോയും എയർടെല്ലും അടുത്തിടെ നടത്തിയ നിരക്ക് വര്‍ധന ടാറ്റയുടെ നീക്കത്തിന് വേഗത കൂട്ടിയിട്ടുണ്ടെന്നാണ് വാര്‍ത്തകള്‍.
ജൂലൈ മൂന്ന് മുതലാണ് റീചാർജ് പ്ലാനുകളിൽ വില വർദ്ധനവ് ജിയോ പ്രാബല്യത്തില്‍ വരുത്തിയത്. എയർടെലും വി.ഐയും (വോഡഫോൺ ഐഡിയ) സമാന തീരുമാനം നടപ്പിലാക്കി. വി.ഐ ഒരു ദിവസം വൈകിയാണ് നിരക്ക് വര്‍ധനവ് പ്രാബല്യത്തിലാക്കിയത്. ജിയോയാണ് ഏറ്റവുമധികം നിരക്കുകൾ ഉയർത്തിയിരിക്കുന്നത്. 12% മുതൽ 25% വരെയാണ് വർധന. എയർടെൽ 11%-21% എന്ന തോതിലും, വോഡഫോൺ ഐഡിയ 10%-21% എന്ന നിലയിലുമാണ് നിരക്കുകൾ ഉയർത്തിയിരിക്കുന്നത്.
Adjust Story Font
16