'ആ ഏഴായിരം കോടിയുടെ യുദ്ധത്തിൽ അദാനി ജയിച്ചു, ടാറ്റ തോറ്റു'; കാരണമിതാണ്
കേസില്‍ സുപ്രിംകോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ
രാജ്യത്തെ ഏറ്റവും വലിയ രണ്ട് വ്യവസായ ഭീമന്മാർ - ടാറ്റയും അദാനിയും- തമ്മിലുള്ള നിയമപോരാട്ടത്തിൽ വഴിത്തിരിവ്. മഹാരാഷ്ട്രയിൽ ഏഴായിരം കോടി രൂപയുടെ വൈദ്യുതി പദ്ധതിക്ക് വേണ്ടിയാണ് ഇരു കമ്പനികളും നിയമയുദ്ധത്തിലേർപ്പെട്ടിരുന്നത്. ഒടുവിൽ അദാനിക്ക് അനുകൂലമായ വിധി വന്നതോടെ നിയമപോരാട്ടം ചരിത്രത്തിന്റെ ഭാഗമായി.
മുംബൈ മെട്രോപൊളിറ്റൻ മേഖലയിൽ വൈദ്യുതി വിതരണം ചെയ്യാനുള്ള കരാറിനു വേണ്ടിയാണ് ഇരുവരും പോരടിച്ചത്. പദ്ധതിയിൽ അദാനി പവറിന് പുറമേ, ടാറ്റ പവറിനും താത്പര്യമുണ്ടായിരുന്നു. എന്നാൽ ലേലത്തിന് നിൽക്കാതെ മഹാരാഷ്ട്ര ഊർജ റെഗുലേറ്ററി ബോഡി പദ്ധതി അദാനി പവറിനെ ഏൽപ്പിച്ചു. തീരുമാനത്തെ ചോദ്യം ചെയ്ത് ടാറ്റ പവർ ദ അപ്പലേറ്റ് ട്രൈബ്യൂണൽ ഫോർ ഇലക്ട്രിസ്റ്റി(ആപ്‌ടെൽ)യെ സമീപിച്ചു. എന്നാല്‍ നാമനിർദേശം അടിസ്ഥാനമാക്കി പദ്ധതി അദാനി പവറിന് നൽകിയതിൽ പ്രശ്‌നമില്ല എന്നായിരുന്നു ആപ്‌ടെലിന്റെ വിധി.
ടാറ്റയുടെ വാദത്തിൽ കഴമ്പില്ലെന്നും അതു കൊണ്ട് അപേക്ഷ തള്ളുന്നു എന്നുമാണ് ആപ്‌ടെൽ വിധിയിൽ പറയുന്നത്. തീരുമാനത്തിനെതിരെ ടാറ്റ സുപ്രിം കോടതിയെ സമീപിക്കുമെന്ന് എകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു.
2021 മാർച്ചിലാണ് അദാനിക്ക് കരാർ നൽകിയത്. നിരവധി സ്വകാര്യ കമ്പനികൾ റെഗുലേറ്ററി ബോഡി തീരുമാനത്തെ എതിർത്തിരുന്നു. എന്നാൽ ബിഡ് ക്ഷണിക്കാതെ ഒരു കമ്പനിക്ക് സർക്കാർ വൈദ്യുത കരാർ നൽകുന്നത് ആദ്യമല്ല എന്നാണ് അധികൃതര്‍ പറയുന്നത്.
Adjust Story Font
16