എന്താണീ ഡിജിറ്റൽ റുപ്പി, അതെങ്ങനെ പ്രവർത്തിക്കുന്നു?
കാണാനോ സ്പർശിക്കാനോ കഴിയില്ലെങ്കിലും ഡിജിറ്റല്‍ കറന്‍സിക്കു മൂല്യമുണ്ട്.
ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും പ്രധാനപ്പെട്ട നിർദേശമാണ് ഡിജിറ്റൽ റുപ്പി. അടുത്ത സാമ്പത്തിക വർഷം തന്നെ ആർബിഐ നിയന്ത്രണത്തിലുള്ള ഡിജിറ്റൽ കറൻസി (സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി -സിബിഡിസി) പുറത്തിറക്കുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. എന്താണീ ഡിജിറ്റൽ കറൻസി? അതെങ്ങനെ പ്രവർത്തിക്കുന്നു? പരിശോധിക്കുന്നു.
എന്താണ് ഡിജിറ്റൽ കറൻസി
കൈയിലിരിക്കുന്ന (ഫിസിക്കൽ) പണത്തിന്റെ അതേ മൂല്യമുള്ള ഡിജിറ്റൽ അവതാരമാണ് ഡിജിറ്റൽ കറൻസി എന്നു പറയുന്നത്. കാണാനോ സ്പർശിക്കാനോ കഴിയില്ലെങ്കിലും അതിന് മൂല്യമുണ്ട്. ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോ കറൻസികളാണ് ഡിജിറ്റൽ കറൻസിയെ പ്രചാരത്തിലാക്കിയത്. സാധാരണ പണം പോലെ ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിക്കുന്നതിന് ഇപ്പോഴത്തെ ഡിജിറ്റൽ കറൻസികൾക്ക് കേന്ദ്രീകൃത അതോറിറ്റിയില്ല. ഉദാഹരണത്തിന്, ഇന്ത്യയിൽ പണത്തിന്റെ കേന്ദ്രീകൃത അതോറിറ്റി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും അമേരിക്കയില്‍ യുഎസ് ഫെഡറൽ റിസർവുമാണ്. ഇടപാടുകളുടെ ട്രാക്ക് സൂക്ഷിക്കാൻ കമ്പ്യൂട്ടർ ശൃംഖലയെ ആശ്രയിക്കുന്ന ബ്ലോക്‌ചെയിൻ സാങ്കേതിക വിദ്യയാണ് ഡിജിറ്റൽ കറൻസികൾ ഉപയോഗിക്കുന്നത്.
നിലവിൽ വിവിധ എക്‌സ്‌ചേഞ്ച് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്‌റ്റോകറൻസികൾ വാങ്ങാനാകും. നിക്ഷേപകർക്ക് ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പുകൾ ഡൗൺലോഡു ചെയ്യാനാകും. ആപ്പുകൾ സൈൻ അപ്പ് ചെയ്ത് കെവൈസി പ്രക്രിയ പൂർത്തിയാക്കുക. തുടർന്ന് വാലറ്റിലേക്ക് പണം കൈമാറ്റി ഇഷ്ടമുള്ള കോയിനുകൾ വാങ്ങാം. എക്‌സ്‌ചേഞ്ച് പ്ലാറ്റ് ഫോം ഉപയോഗിച്ച് ഏതു ക്രിപ്‌റ്റോ കറൻസിയും രൂപയടക്കമുള്ള മറ്റു ഫിസിക്കൽ കറൻസികളിലേക്ക് മാറ്റാൻ കഴിയും.
ഇന്ത്യയുടെ ഡിജിറ്റൽ കറൻസി
ബിറ്റ്‌കോയിനെ പോലെ കേന്ദ്രീകൃത അതോറിറ്റി ഇല്ലാത്തതായിരിക്കില്ല ഡിജിറ്റൽ റുപ്പി. ഇവ സമ്പൂർണമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതായിരിക്കും. ബിറ്റ്‌കോയിൻ, എതർ പോലുള്ള ക്രിപ്‌റ്റോ കറൻസികൾ നികുതി വെട്ടിപ്പിനും ഭീകര പ്രവർത്തനത്തിനും ഉപയോഗിക്കുന്നു എന്ന ആശങ്ക നേരത്തെ ആർബിഐ പങ്കുവച്ചിരുന്നതാണ്. ഇവ മറികടക്കാൻ കൂടിയാണ് ഡിജിറ്റൽ റുപ്പി പുറത്തിറക്കുന്നത്. ഇതിന് പുറമേ, ഡിജിറ്റൽ ആസ്തികൾക്ക് മുപ്പത് ശതമാനം നികുതിയും ഒരു ശതമാനം ടിഡിഎസും ഏർപ്പെടുത്തിയിട്ടുണ്ട്.
ബിറ്റ്കോയിൻ അടക്കമുള്ള ക്രിപ്റ്റോകറൻസികളുടെ ജനപ്രീതി കറൻസി ഇഷ്യൂവർ എന്ന നിലയിൽ ആർ.ബി.ഐയ്ക്ക് കനത്ത വെല്ലുവിളിയാണ് നിലവിൽ ഉയർത്തുന്നുണ്ട്. വേഗത്തിൽ ഔദ്യോഗിക ക്രിപ്‌റ്റോ കറൻസി പുറത്തിറക്കാനുള്ള കാരണവും ഇതാണെന്ന് കരുതപ്പെടുന്നു.
റഷ്യയിൽ നിന്നുള്ള പാഠം
ഈയിടെ ക്രിപ്റ്റോ കറൻസികളുടെ ഉപയോഗം അടിന്തരമായി നിരോധിക്കാൻ റഷ്യൻ സെൻട്രൽ ബാങ്ക് തീരുമാനമെടുത്തിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തിനും ധനനയ പരമാധികാരത്തിനും ഭീഷണി ഉയർത്തുന്നു എന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ക്രിപ്റ്റോ കറൻസികൾ നിരോധിക്കാനുള്ള നിർദേശം റഷ്യൻ ബാങ്ക് മുമ്പോട്ടുവച്ചത്. ക്രിപ്റ്റോ കറൻസികളുമായി ബന്ധപ്പെട്ട ഒരിടപാടും വേണ്ടെന്ന കർശന നിർദേശമാണ് ബാങ്കിന്റെ റിപ്പോർട്ടിലുണ്ടായിരുന്നത്. ക്രിപ്റ്റോ വിനിമയത്തിനടക്കം (ടോക്കൺ) നിരോധനം വേണമെന്നായിരുന്നു നിർദേശം. അഞ്ചു ബില്യൺ യുഎസ് ഡോളറിന്റെ വാർഷിക ക്രിപ്റ്റോ വിനിമയമാണ് റഷ്യയിൽ നടക്കുന്നതെന്നാണ് കണക്ക്.
റഷ്യൻ ബാങ്കിന്റെ തീരുമാനത്തിന് പിന്നാലെ ക്രിപ്‌റ്റോ കറൻസിയുടെ മൂല്യത്തിൽ വൻ ഇടിവു സംഭവിച്ചിരുന്നു. കഴിഞ്ഞയാഴ്ച ക്രിപ്റ്റോ വിപണിയിൽനിന്ന് ഒരു ലക്ഷം കോടി മൂല്യമുള്ള കറൻസികൾ തുടച്ചുനീക്കപ്പെട്ടതായി ബ്ലൂംബർഗ് റിപ്പോർട്ടു ചെയ്തിരുന്നു. ജനപ്രിയ കറൻസിയായ ബിറ്റ്കോയിനാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. മൂല്യത്തിൽ 600 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് ബിറ്റ്കോയിനുണ്ടായതെന്ന് യുഎസ് നിക്ഷേപ ഗ്രൂപ്പായ ബെസ്പോക് ഇൻവസ്റ്റ്മെന്റ് ഗ്രൂപ്പ് അറിയിച്ചിരുന്നു.
നരത്തെ, ചൈന ക്രിപ്റ്റോ കറൻസികൾ നിരോധിച്ചപ്പോഴും സമാനമായ ഇടിവു രേഖപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് ഇവ മൂല്യം തിരിച്ചുപിടിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ബിറ്റ്കോയിൻ മൈനിങ് ഹബ്ബാണ് റഷ്യ. യുഎസാണ് ആദ്യത്തെ രാഷ്ട്രം. രണ്ടാമത്തേത് കസാക്കിസ്ഥാനും.
Adjust Story Font
16