വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം ആഗോള സമ്മേളനം ബഹ്റൈനിൽ
ജിസിസിയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ബഹ്‌റൈൻ സർക്കാരാണ് ആതിഥ്യം വഹിക്കുന്നത്
മനാമ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ (ഡബ്ല്യുബിഎഎഫ്) 2024ലെ ആഗോള സമ്മേളനം ബഹ്റൈനിലെ മനാമയിൽ നവംബർ 18, 19, 20 തീയതികളിൽ നടക്കും. ബഹ്‌റൈൻ പ്രധാനമന്ത്രിയും കിരീടാവകാശിയുമായ ഷെയ്ഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ആണ് സമ്മേളനത്തിന്റെ മുഖ്യരക്ഷാധികാരി. ജിസിസിയിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിന് ബഹ്‌റൈൻ സർക്കാരാണ് ആതിഥ്യം വഹിക്കുന്നത്. ‘മൊബിലൈസിങ് സയൻസ് ആൻഡ് ടെക്നോളജി പാർക്ക്സ് ഫോർ ഫിനാൻഷ്യൽ ഇൻക്ലൂഷൻ’ എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ആഗോള പ്രമേയം. ഏഞ്ചൽ ഇൻവെസ്റ്റേഴ്‌സ്, ആഗോള സ്റ്റാർട്ടപ്പ് സംരംഭകർ, ചെറുകിട വ്യവസായ സംരംഭകർ, സാമ്പത്തിക ധനകാര്യ വിദഗ്ധന്മാർ എന്നിവരുടെ കൂടിച്ചേരലാവും സമ്മേളനത്തിന്റെ മുഖ്യ ആകർഷണം. തെരഞ്ഞെടുക്കപ്പെടുന്ന നൂറോളം സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഡബ്ല്യുബിഎഎഫ് ഇക്കുറി ഫണ്ട് അനുവദിക്കും.
ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും കൂടുതൽ സാമൂഹ്യനീതിയും സൃഷ്ടിക്കുകയെന്ന ആത്യന്തിക ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറം ആണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം (ഡബ്ല്യുബിഎഎഫ്). ജി20 രാഷ്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്മെന്റ് ഫോറം. നെതെർലാൻഡ് രാജ്ഞി ‘ക്വീൻ മാക്സിമ’ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയർപേഴ്സൻ.
നവംബർ 19 ന് രാവിലെ ഒമ്പതിന് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ ഡയറക്ടർ ബോർഡ് ചെയർമാൻ ബൈ ബാർസ് അൽതുന്താസിന്റെ അധ്യക്ഷതയിൽ തുടങ്ങുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്യൻ യൂനിയൻ, റഷ്യ, ചൈന, ആസ്ട്രേലിയ ജർമ്മനി, സ്വീഡൻ, ജപ്പാൻ, ഫിലിപ്പൈൻസ്, സൗത്ത് കൊറിയ, മലേഷ്യ, സിംഗപ്പൂർ, ഇന്തോനേഷ്യ, തായ്‌ലൻഡ്, ഗൾഫ് രാഷ്ട്രങ്ങൾ , ആഫ്രിക്കൻ രാജ്യങ്ങൾ, മെക്സിക്കോ ഇറാൻ, തുർക്കി എന്നിവിടങ്ങളിലെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
സൗദി അറേബ്യയിലെ കനേഡിയൻ അംബാസിഡർ ജീൻ ഫിലിപ്പ് ലിന്റോ പ്രത്യേക പ്രതിനിധിയായും യുഎഇ സർക്കാരിനെ പ്രതിനിധീകരിച്ച് ഫോറിൻ ട്രേഡ് മിനിസ്റ്റർ ഡോ. താനി അൽ സിയൂദിയും പങ്കെടുക്കും. വിവിധ രാഷ്ട്രങ്ങുടെ ഭരണാധികാരികൾ, നയതന്ത്രജ്ഞർ, അംബാസിഡർമാർ എന്നിവർക്ക് പുറമെ ഐക്യരാഷ്ട്ര സഭ, ലോക ബാങ്ക്, യൂറോപ്യൻ ഇക്കണോമിക് കമ്മിഷൻ, അമേരിക്കൻ സ്പേസ് ഏജൻസി എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽനിന്നുള്ള ഡബ്ല്യുബിഎഎഫ് പ്രതിനിധിയും യുഎഇ കൺട്രി ചെയറുമായ സെനറ്റർ ഹാരിസ് എം. കോവൂർ സമ്മേളനത്തിന്റെ ‘സ്റ്റാർട്ടപ്പ് റൌണ്ട് ടേബിൾ സെഷനിൽ’ സംസാരിക്കും.
Adjust Story Font
16