178 പന്ത്, 81 ബൗണ്ടറി, 18 സിക്‌സ്, 508 റൺസ്! ഏകദിന ക്രിക്കറ്റിൽ വമ്പൻ റെക്കോർഡ്; ചരിത്രം കുറിച്ച് മുംബൈ താരം
മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ജൂനിയർ ഇന്റർസ്‌കൂൾ ക്രിക്കറ്റ് ടൂർണമെന്റിലാണ് ചരിത്രം പിറന്നത്
യഷ് ചൗദെ
നാഗ്പൂർ: ക്രിക്കറ്റിൽ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ കൗമാരതാരം. നാഗ്പൂർ സ്വദേശിയായ യഷ് ചൗദെയാണ് 40 ഓവർ മത്സരത്തിൽ പുറത്താകാതെ 508 നേടി റെക്കോർഡിട്ടത്. വെറും 178 പന്തിലാണ് 13കാരൻ കൂറ്റൻ സ്‌കോർ അടിച്ചെടുത്തത്.
മുംബൈ ഇന്ത്യൻസ് സംഘടിപ്പിച്ച ജൂനിയർ ഇന്റർസ്‌കൂൾ(അണ്ടർ-14) ക്രിക്കറ്റ് ടൂർണമെന്റിലാണ് ഈ ചരിത്രം പിറന്നത്. നാഗ്പൂരിലെ ജുലേലാൽ ഇൻസ്സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഗ്രൗണ്ടിലായിരുന്നു മത്സരം. നാഗ്പൂരിലെ സരസ്വതി വിദ്യാലയയ്ക്കു വേണ്ടി കളിച്ച യഷ് 81 ബൗണ്ടറിലും 18 സിക്‌സും ആണ് അടിച്ചുപറത്തിയത്. പരിമിത ഓവർ ക്രിക്കറ്റിൽ 500 റൺസ് സ്വന്തമാക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് യഷ്. അന്താരാഷ്ട്രതലത്തിൽ രണ്ടാമത്തെ താരവും.
ശ്രീലങ്കയുടെ ചിരത് സെല്ലെപെരുമയാണ് പരിമിത ഓവർ മത്സരത്തിൽ ഇതിനുമുൻപ് 500 റൺസ് നേടിയ ഒരേയൊരു താരം. കഴിഞ്ഞ വർഷമായിരുന്നു സെല്ലെപെരുമയുടെ ഈ നേട്ടം. 2022 ആഗസ്റ്റിൽ ശ്രീലങ്കയിലെ അനുരാധാപുരയിൽ നടന്ന അണ്ടർ-15 സ്‌കൂൾ ടൂർണമെന്റിൽ 553 റൺസാണ് താരം അടിച്ചുകൂട്ടിയത്.
ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലുമായി 500 റൺസ് കണ്ടെത്തുന്ന പത്താമത്തെ താരമാകുകയും ചെയ്തു യഷ് ചൗദെ. പത്തിൽ അഞ്ചും ഇന്ത്യക്കാരാണെന്ന പ്രത്യേകതയുമുണ്ട്. പ്രണവ് ധനവാദെ(1009*), പ്രിയൻഷു മോളിയ(556*), പൃഥ്വി ഷാ(546), ഡാഡി ഹവേവാല(515) എന്നിവരാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങൾ.
****
സിദ്ധേശ്വർ വിദ്യാലയ ടീമുമായി നടന്ന മത്സരത്തിൽ യഷിന്റെ റെക്കോർഡ് സ്‌കോറിന്റെ കരുത്തിൽ വെറും 40 ഓവറിൽ 714 റൺസാണ് സരത്വതി വിദ്യാലയ വാരിക്കൂട്ടിയത്. ടീമിനായി തിലക് വാകോഡെ സെഞ്ച്വറിയും(97 പന്തിൽ 127 റൺസ്) സ്വന്തമാക്കി. ഓപണിങ് കൂട്ടുകെട്ടിൽ 700 റൺസ് കുറിച്ചും ഇരുവരും ചേർന്ന് മറ്റൊരു റെക്കോർഡും കുറിച്ചു. മറുപടി ബാറ്റിങ്ങിൽ അഞ്ച് ഓവറിനകം വെറും ഒൻപത് റൺസുമായി സിദ്ധേശ്വർ വിദ്യാലയ ടീം കൂടാരം കയറി.
Summary: 508 not out in 178 balls! Nagpur's 13-year-old Yash Chawde breaks record in limited over cricket
Adjust Story Font
16