Quantcast

രോഹിത് ലെവലിലുള്ള താരമാണ് സഞ്ജു: ആകാശ് ചോപ്ര

ദീപക് ഹൂഡയ്‌ക്കൊപ്പം ചേർന്ന് അടിച്ചെടുത്ത 176 റൺസിലൂടെ രാജ്യാന്തര ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട് റെക്കോർഡ് നേടി സഞ്ജു തിരിച്ചുവരവ് അവിസ്മരണീയമാക്കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-06-30 12:04:37.0

Published:

30 Jun 2022 11:15 AM GMT

രോഹിത് ലെവലിലുള്ള താരമാണ് സഞ്ജു: ആകാശ് ചോപ്ര
X

ന്യൂഡൽഹി: മലയാളി താരം സഞ്ജു സാംസണിനു പ്രശംസയുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ഞായറാഴ്ച മലാഹൈഡിൽ അയർലൻഡിനെതിരായ മത്സരത്തിലെ മിന്നും പ്രകടനത്തിനു പിന്നാലെയാണ് ചോപ്രയുടെ പ്രശംസ. ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ ഗണത്തിൽവരുന്ന താരമാണ് സഞ്ജുവെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

വളരെ നന്നായാണ് സഞ്ജു ബാറ്റ് ചെയ്തത്. താരം 42 പന്തിൽ 77 റൺസ് സ്‌കോർ ചെയ്തു. മികച്ച തുടക്കമായിരുന്നു. മധ്യ ഓവറുകളിൽ ചെറുതായൊന്ന് വേഗം കുറഞ്ഞെങ്കിലും പിന്നാലെ വേഗംകൂട്ടുകയും ചെയ്തു. സഞ്ജു ബാറ്റ് ചെയ്യുകയാണെങ്കിൽ വളരെ മികച്ച രീതിയിലാണ് താരം കളിക്കുക. അതാണ് സഞ്ജു. അദ്ദേഹം ഒരിക്കലും മോശമായ രീതിയിൽ ബാറ്റ് ചെയ്യുന്നത് കണ്ടിട്ടില്ല-സ്വന്തം യൂട്യൂബ് ചാനലിൽ പുറത്തുവിട്ട വിഡിയോയിൽ ആകാശ് ചോപ്ര പറഞ്ഞു.

രോഹിത് ശർമയുടെ ഗണത്തിൽവരുന്ന ഒരു താരമാണ് സഞ്ജുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാറ്റ് ചെയ്യുമ്പോഴെല്ലാം അതീവ മനോഹരമായാണ് അദ്ദേഹം കളിക്കുക. ഒഴുക്കോടെ റൺസ് സ്‌കോർ ചെയ്യും. കളി മികച്ച രീതിയിൽ നിയന്ത്രിക്കുകയും ചെയ്യുമെന്നും ചോപ്ര കൂട്ടിച്ചേർത്തു.

അയർലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരക്കാരനായാണ് സഞ്ജു ഇറങ്ങിയത്. ഗെയ്ക്ക്‌വാദിന്റെ ഒഴിവിൽ ഇഷൻ കിഷനൊപ്പം ഇന്ത്യയ്ക്കു വേണ്ടി ഓപൺ ചെയ്ത താരം അന്താരാഷ്ട്ര കരിയറിലെ കന്നി അർധശതകം സ്വന്തം പേരിലാക്കുകയും ചെയ്തു. സെഞ്ച്വറി നേടിയ ദീപക് ഹൂഡയ്ക്ക് മികച്ച പിന്തുണയാണ് സഞ്ജു നൽകിയത്. ഹൂഡയ്‌ക്കൊപ്പം ചേർന്ന് അടിച്ചെടുത്ത 87 പന്തിലെ 176 റൺസിലൂടെ രാജ്യാന്തര ടി20യിൽ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട് റെക്കോർഡും നേടി സഞ്ജു തിരിച്ചുവരവ് അവിസ്മരണീയമാക്കി.

Summary: "A player who belongs to Rohit Sharma's category", Says former India batter Aakash Chopra on Sanju Samson

TAGS :

Next Story