എടുത്തെറിയുന്നത് അമ്പതിനായിരം കോടി, ഐപിഎൽ യുദ്ധത്തിൽ ആരു ജയിക്കും; റിലയൻസോ ആമസോണോ?
ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തി ഏറ്റെടുക്കാൻ റിലയൻസും ആമസോണും നടത്തിയ നിയമപോരാട്ടത്തിന് പിന്നാലെയാണ് കളിയുദ്ധത്തിനായി ഇരുകമ്പനികളും കച്ച കെട്ടിയിറങ്ങുന്നത്.
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) സംപ്രേഷണാവകാശം സ്വന്തമാക്കാൻ ആഗോള ഭീമന്മാരായ ആമസോണും റിലയൻസും തമ്മിൽ പോര്. അമ്പതിനായിരം കോടി രൂപയാണ് (6.7 ബില്യൺ യുഎസ് ഡോളർ) ഇരുവരും ഇതിനായി മുടക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്യുന്നു. അടുത്ത അഞ്ചു വർഷത്തെ ഡിജിറ്റൽ സംപ്രേഷണാവകാശത്തിനാണ് ഇത്രയും തുക മുടക്കുക. നിലവിൽ സ്റ്റാർ ഇന്ത്യയാണ് ഐപിഎൽ സംപ്രേഷണം ചെയ്യുന്നത്. സോണി ഇന്ത്യയും ഡിസ്‌നി ഇന്ത്യയും ലേലത്തിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സീ എന്റർടൈൻമെന്റിൽ നിന്നാണ് സ്റ്റാർ ഇന്ത്യ ഐപിഎൽ സംപ്രേഷണാവകാശം ഏറ്റെടുത്തിരുന്നത്. ഇതിനായി 16348 കോടി രൂപയാണ് കമ്പനി മുടക്കിയത്. ഇതിന് മുമ്പ് സ്റ്റാർ ഇന്ത്യയും സോണി പിക്‌ചേഴ്‌സും പത്തു വർഷത്തേക്ക് സംപ്രേഷണ കരാർ ഏറ്റെടുത്തത് 8200 കോടി രൂപയ്ക്കായിരുന്നു. ഇതാണിപ്പോൾ ഏകദേശം അമ്പതിനായിരം കോടി രൂപയിലെത്തി നിൽക്കുന്നത്. കാഴ്ചക്കാരുടെ ബാഹുല്യമാണ് കമ്പനികളെ ഐപിഎല്ലിലേക്ക് ആകർഷിക്കുന്നത്. 2021 സീസണിലെ ആദ്യ പാദത്തിൽ മാത്രം 350 ദശലക്ഷം പേരാണ് ഐപിഎൽ കണ്ടത്.
'ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കായിക ഇനമാണ് ക്രിക്കറ്റ്. 250 കോടി ആരാധകരാണ് ക്രിക്കറ്റിനുള്ളത്.', കഴിഞ്ഞ വർഷത്തെ ഐപിഎല്ലിൽ പരസ്യം ചെയ്ത ബെറ്റിങ് കമ്പനി പാരിമാച്ച് മേധാവി ആന്റൺ റുബ്ലിയേവ്‌സ്‌കി പറഞ്ഞു. 'ഇവിടെയില്ലെങ്കിൽ ഇല്ലാത്തതു പോലെയാണ്' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചില്ലറ വിൽപ്പന കമ്പനിയായ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ ഏറ്റെടുക്കാൻ റിലയൻസും ആമസോണും നടത്തിയ നിയമപോരാട്ടത്തിന് പിന്നാലെയാണ് കളിയുദ്ധത്തിനായി ഇരുകമ്പനികളും കച്ച കെട്ടിയിറങ്ങുന്നത്. തങ്ങളുടെ സംപ്രേഷണ സംരംഭമായ വിയാകോം 18ൽ 1.6 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപമിറക്കാൻ റിലയൻസ് ഈയിടെ തീരുമാനിച്ചിരുന്നു. സ്പാനിഷ് ലാലീഗയുടെ സംപ്രേഷണാവകാശവും വിയാകോം ഈയിടെ സ്വന്തമാക്കിയിരുന്നു. ജിയോ പ്ലാറ്റ്‌ഫോമിന്റെ ദീർഘകാല പദ്ധതിക്കായി ഐപിഎൽ അവകാശം സ്വന്തമാക്കേണ്ടത് റിലയൻസിന്റെ ആവശ്യമാണെന്ന് കമ്പനി വൃത്തങ്ങൾ പറയുന്നു.
അവകാശം ആമസോൺ സ്വന്തമാക്കുകയാണ് എങ്കിൽ കമ്പനിക്ക് ടെലിവിഷൻ പങ്കാളിയെ ഇന്ത്യയിൽ ആവശ്യമായി വരും. 2022 ഫെബ്രുവരി മുതലാണ് ആമസോൺ ക്രിക്കറ്റ് സംപ്രേഷണം ചെയ്തു തുടങ്ങിയത്. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ-ടെലിവിഷൻ അവകാശങ്ങൾ വെവ്വേറെ വിൽക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
അതിനിടെ, ഐപിഎൽ പതിനഞ്ചാം സീസൺ മാർച്ച് അവസാന വാരം ആരംഭിക്കും. മാർച്ച് 27ന് ആരംഭിച്ച് മെയ് 28 വരെയായിരിക്കും ടൂർണമെന്റന്നാണ് റിപ്പോർട്ട്. ആറു വേദികളിലായിട്ടായിരിക്കും ഐപിഎൽ നടക്കുകയെന്നും ബിസിസിഐയുമായി അടുത്തു ബന്ധമുള്ളവർ സൂചിപ്പിക്കുന്നു. കൊവിഡ് 19നെ തുടർന്ന് 2020 സീസൺ മുഴുവനായും 2021 സീസൺ പാതിയും യുഎഇയിലായിരുന്നു നടത്തിയിരുന്നത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാ മത്സരങ്ങളും മഹാരാഷ്ട്രയിൽ മാത്രം നടത്താനും ആലോചനയുണ്ട്.
Adjust Story Font
16