''എല്ലാം കണ്ട് ചിരിയാണ് വരുന്നത്, ടീം മൊത്തം എനിക്കൊപ്പമുണ്ട്''; സൈബർ ആക്രമണങ്ങളോട് പ്രതികരിച്ച് അർഷ്‍ദീപ് സിങ്
ഖലിസ്ഥാനിയാക്കിയുള്ള വിദ്വേഷ പ്രചാരണങ്ങൾക്കിടെയാണ് അർഷ്‍ദീപ് മാതാപിതാക്കളെ ഫോണിൽ വിളിച്ചത്
ദുബൈ: പാകിസ്താനെതിരായ മത്സരത്തിൽ നിർണായക ക്യാച്ച് വിട്ടതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതികരിച്ച് ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. സോഷ്യൽ മീഡിയയിലെ കമന്റുകൾ കണ്ടിട്ട് ചിരിയാണ് വരുന്നതെന്നാണ് താരം കുടുംബത്തെ വിളിച്ചുപറഞ്ഞത്. അർഷ്‍ദീപിന്റെ അച്ഛൻ ദർശൻ, അമ്മ ബാൽജീത് എന്നിവരാണ് വൻ വിമർശനങ്ങൾക്കു പിന്നാലെയുള്ള താരത്തിന്റെ പ്രതികരണം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.
എല്ലാ വിമർശനങ്ങളെയും സമനിലയോടെ സ്വീകരിക്കുകയാണ് അർഷ്‍ദീപ് ചെയ്തതെന്ന് ദർശൻ പറഞ്ഞു. കൂടുതൽ ഊർജത്തിലാണുള്ളത്. മെസേജുകളും ട്വീറ്റുകളും കണ്ട് ചിരിക്കുകയാണ് താനെന്നാണ് അവൻ പറഞ്ഞത്. ഇതിൽനിന്ന് പോസിറ്റീവായ കാര്യങ്ങൾ സ്വീകരിക്കും. ഈ സംഭവം കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടേയുള്ളൂവെന്നും അർഷ്‍ദീപ് വ്യക്തമാക്കിയതായി പിതാവ് ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.
ഇന്ത്യൻ ടീം മൊത്തം തന്നെ പിന്തുണയ്ക്കുന്നുണ്ടെന്ന കാര്യമാണ് അവർ പറഞ്ഞതെന്ന് അമ്മയും പ്രതികരിച്ചു. അച്ഛനെന്ന നിലയ്ക്ക് ഇത് കാണുമ്പോൾ വേദന തോന്നിയെന്ന് ദർശൻ പറഞ്ഞു. അവൻ 23 വയസേ ആയിട്ടുള്ളൂ. ട്രോളുകളെക്കുറിച്ച് അധികമൊന്നും പറയുന്നില്ല. എല്ലാവരുടെയും വായ നമ്മൾക്ക് അടപ്പിക്കാനാകില്ല. ആരാധകരില്ലാതെ കളിയില്ല. ഒരു ചെറിയ പരാജയം പോലും ദഹിക്കാനാകാത്ത ഒരു കൂട്ടർ അപ്പുറത്തു നിൽക്കുമ്പോഴും ഒപ്പം നിൽക്കുന്ന ആളുകളുമുണ്ട്. എന്തായായും ഒരു ടീമിനല്ലേ ജയിക്കാനാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
18-ാം ഓവറിലെ നിർണായക ക്യാച്ച്
പാകിസ്താനെതിരെ ഞായറാഴ്ച നടന്ന സൂപ്പർ ഫോർ പോരാട്ടത്തിലായിരുന്നു സംഭവം. 18 പന്തിൽ 34 റൺസ് വേണ്ട ഘട്ടത്തിലായിരുന്നു അർഷ്‍ദീപ് ക്യാച്ച് വിട്ടുകളഞ്ഞത്. 18-ാം ഓവർ എറിഞ്ഞ രവി ബിഷ്ണോയിയുടെ പന്തിൽ പാക് താരം ആസിഫ് അലിയുടെ നേരിട്ടുള്ള ഷോട്ട് താരത്തിന് പിടിയിലൊതുക്കാനായില്ല. പിന്നാലെ എറിഞ്ഞ ഭുവനേശ് കുമാറിന്റെ 19-ാം ഓവറിൽ ആസിഫ് നേടിയ ഒരു സിക്സും ബൗണ്ടറിയും സഹിതം പാകിസ്താൻ 19 റൺസാണ് അടിച്ചെടുത്തത്. കളിയുടെ ഗതി തന്നെ ആ ഓവറോടെ മാറിമറിഞ്ഞു.
അവസാന ഓവർ എറിയാൻ അർഷ്‍ദീപ് എത്തുമ്പോൾ ഏഴു റൺസ് മാത്രമാണ് പാകിസ്താനു വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ യോർക്കറിനുള്ള ശ്രമം ഫുൾടോസായി ബൗണ്ടറിയിൽ കലാശിച്ചതൊഴിച്ചാൽ മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ആസിഫ് അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാൽ, അഞ്ചാമത്തെ പന്തിൽ വീണ്ടും യോർക്കറിനുള്ള ശ്രമം പാളി. ഇഫ്തിഖാർ അഹ്മദ് പാകിസ്താന്റെ വിജയറൺ കുറിക്കുകയായിരുന്നു.
ഖലിസ്ഥാനിയാക്കി സൈബർ പോരാളികൾ
ഇതിനു പിന്നാലെയാണ് അർഷ്‍ദീപിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ഖലിസ്ഥാനി അർഷ്‍ദീപാണ് മത്സരം തുലച്ചതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. അനായാസ ക്യാച്ച് വിട്ടിട്ടും ചിരിക്കുന്നത് കണ്ടില്ലേ, ഖലിസ്ഥാനി തന്നെയെന്നും ആരോപണമുണ്ടായി. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തത്. രാജ്യത്തിന്റെ പേര് ഖലിസ്ഥാനി പഞ്ചാബ് എന്നാക്കി മാറ്റി. പേര് മേജർ അർഷ്‍ദീപ് സിങ് ബാജ് ബാജ്വ എന്നാക്കി എഡിറ്റും ചെയ്തു. #Khalistani ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെൻഡിങ്ങിൽ മുന്നിലാണ്.
എന്നാൽ, പാകിസ്താനിൽനിന്നുള്ള ഐ.പി അഡ്രസ് വഴിയാണ് വിക്കിപീഡിയ എഡിറ്റിങ് നടന്നതെന്നാണ് സംഘ്പരിവാർ ഐ.ഡികൾ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര വാർത്താ-വിനിമയ മന്ത്രാലയം വിക്കിപീഡിയ എക്‌സിക്യൂട്ടീവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. എഡിറ്റിങ്ങിനെ കുറിച്ചുള്ള വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, അർഷ്ദീപിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്തെത്തി. ആരും മനഃപൂർവം ക്യാച്ച് വിടില്ലെന്നും അതിന്റെ പേരിൽ ബൗളരെ കുറ്റപ്പെടുത്തരുതെന്നും ഹർഭജൻ ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ, മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ്, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി എന്നിവരെല്ലാം താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആർക്കും തെറ്റു പറ്റാമെന്നും വലിയ സമ്മർദമുള്ള മത്സരമായിരുന്നു നടന്നതെന്നും കോഹ്ലി മത്സരശേഷം ചൂണ്ടിക്കാട്ടി.
Summary: 'I am laughing at all these tweets and messages. I am only going to take positives from it. The whole Indian team is supporting me" Arshdeep Singh responds to cyber attack after catch drop against Pakistan in Asia Cup Super 4 match
Adjust Story Font
16