Quantcast

പാകിസ്താനെതിരെ ക്യാച്ച് വിട്ടു; അർഷ്‍ദീപിനെ ഖലിസ്ഥാനിയാക്കി വിദ്വേഷ പ്രചാരണം, വിക്കിപീഡിയ തിരുത്തി

അർഷ്‍ദീപ് സിങ്ങിനെ പിന്തുണച്ച് വിരാട് കോഹ്ലി, മുൻ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, മുൻ പാക് താരം മുഹമ്മദ് ഹഫീസ് തുടങ്ങിയവർ രംഗത്തെത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-09-05 15:14:32.0

Published:

5 Sep 2022 10:12 AM GMT

പാകിസ്താനെതിരെ ക്യാച്ച് വിട്ടു; അർഷ്‍ദീപിനെ ഖലിസ്ഥാനിയാക്കി വിദ്വേഷ പ്രചാരണം, വിക്കിപീഡിയ തിരുത്തി
X

ന്യൂഡൽഹി: ഇന്നലെ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ക്യാച്ച് വിട്ട അർഷ്‍ദീപ് സിങ്ങിനെതിരെ വൻ സമൂഹമാധ്യമങ്ങളിൽ വൻ വിദ്വേഷപ്രചാരണം. 'ഖലിസ്ഥാനി' എന്നു വിളിച്ചാണ് താരത്തിനെതിരെ കാംപയിൻ നടക്കുന്നത്. ഖലിസ്ഥാൻ അനുകൂലിയാക്കിയ താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തു. സംഭവത്തിൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം വിക്കിപീഡിയയോട് വിശദീകരണം തേടിയിട്ടുണ്ട്.

18 പന്തിൽ 34 റൺസ് വേണ്ട ഘട്ടത്തിലായിരുന്നു അർഷ്‍ദീപ് ക്യാച്ച് വിട്ടുകളഞ്ഞത്. 18-ാം ഓവർ എറിഞ്ഞ രവി ബിഷ്‌ണോയിയുടെ പന്തിൽ പാക് താരം ആസിഫ് അലിയുടെ നേരിട്ടുള്ള ഷോട്ട് താരത്തിന് പിടിയിലൊതുക്കാനായില്ല. പിന്നാലെ എറിഞ്ഞ ഭുവനേശ് കുമാറിന്റെ 19-ാം ഓവറിൽ ആസിഫ് നേടിയ ഒരു സിക്‌സും ബൗണ്ടറിയും സഹിതം പാകിസ്താൻ 19 റൺസാണ് അടിച്ചെടുത്തത്. കളിയുടെ ഗതി തന്നെ ആ ഓവറോടെ മാറിമറിഞ്ഞു.

അവസാന ഓവർ എറിയാൻ അർഷ്‍ദീപ് എത്തുമ്പോൾ ഏഴു റൺസ് മാത്രമാണ് പാകിസ്താനു വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ യോർക്കറിനുള്ള ശ്രമം ഫുൾടോസായി ബൗണ്ടറിയിൽ കലാശിച്ചതൊഴിച്ചാൽ മികച്ച ബൗളിങ് പ്രകടനമാണ് താരം പുറത്തെടുത്തത്. ആസിഫ് അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കി പ്രായശ്ചിത്തം ചെയ്യുകയും ചെയ്തു. എന്നാൽ, അഞ്ചാമത്തെ പന്തിൽ വീണ്ടും യോർക്കറിനുള്ള ശ്രമം പാളി. ഇഫ്തിഖാർ അഹ്മദ് പാകിസ്താന്റെ വിജയറൺ കുറിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് അർഷ്‍ദീപിനെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം ആരംഭിച്ചത്. ഖലിസ്ഥാനി അർഷ്‍ദീപാണ് മത്സരം തുലച്ചതെന്ന തരത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചാരണം. അനായാസ ക്യാച്ച് വിട്ടിട്ടും ചിരിക്കുന്നത് കണ്ടില്ലേ, ഖലിസ്ഥാനി തന്നെയെന്നും ആരോപണമുണ്ടായി. ഇതിനു പിന്നാലെയാണ് താരത്തിന്റെ വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്തത്. രാജ്യത്തിന്റെ പേര് ഖലിസ്ഥാനി പഞ്ചാബ് എന്നാക്കി മാറ്റി. പേര് മേജർ അർഷ്‍ദീപ് സിങ് ബാജ് ബാജ്‌വ എന്നാക്കി എഡിറ്റും ചെയ്തു. #Khalistani ഹാഷ്ടാഗ് ട്വിറ്ററിലെ ട്രെന്‍ഡിങ്ങില്‍ മുന്നിലാണ്.

എന്നാൽ, പാകിസ്താനിൽനിന്നുള്ള ഐ.പി അഡ്രസ് വഴിയാണ് വിക്കിപീഡിയ എഡിറ്റിങ് നടന്നതെന്നാണ് സംഘ്പരിവാർ ഐ.ഡികൾ പ്രചരിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് കേന്ദ്ര വാർത്താ-വിനിമയ മന്ത്രാലയം വിക്കിപീഡിയ എക്സിക്യൂട്ടീവിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. എഡിറ്റിങ്ങിനെ കുറിച്ചുള്ള വിശദീകരണം നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അർഷ്‍ദീപിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ് രംഗത്തെത്തി. ആരും മനഃപൂർവം ക്യാച്ച് വിടില്ലെന്നും അതിന്റെ പേരിൽ ബൗളരെ കുറ്റപ്പെടുത്തരുതെന്നും ഹർഭജൻ ആവശ്യപ്പെട്ടു. മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ, മുൻ പാകിസ്താൻ താരം മുഹമ്മദ് ഹഫീസ്, ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലി എന്നിവരെല്ലാം താരത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. ആർക്കും തെറ്റു പറ്റാമെന്നും വലിയ സമ്മർദമുള്ള മത്സരമായിരുന്നു നടന്നതെന്നും കോഹ്ലി മത്സരശേഷം ചൂണ്ടിക്കാട്ടി.

Summary: Arshdeep Singh's Wikipedia page edited and called 'Khalistani' after India 's loss against Pakistan in Asia Cup

TAGS :

Next Story