ഹർഭജനെയും പിന്നിലാക്കി അശ്വിൻ; ഇന്ത്യൻ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമൻ
വെറും 80 മത്സരങ്ങളിൽനിന്നാണ് 35കാരനായ അശ്വിൻ 418 വിക്കറ്റുകൾ വാരിക്കൂട്ടിയത്. ഹർബജന് 417 വിക്കറ്റ് നേടാൻ 103 മത്സരങ്ങൾ വേണ്ടിവന്നു
ക്രിക്കറ്റ് കരിയറിൽ പുതിയൊരു നേട്ടവുമായി ഇന്ത്യൻ ഓഫ്‌സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ മൂന്നാമനായിരിക്കുകയാണ് അശ്വിൻ. 418 വിക്കറ്റുകളുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെയാണ് താരം പിന്നിലാക്കിയത്.
കാൺപൂർ ടെസ്റ്റിൽ ഇന്ത്യൻ വിജയപ്രതീക്ഷകൾക്കു മുൻപിൽ തടസമായി നിന്ന കിവീസ് ഓപണർ ടോം ലഥാമിനെ പുറത്താക്കിയാണ് അശ്വിൻ പുതിയ നേട്ടം സ്വന്തമാക്കിയത്. വേഗം കുറഞ്ഞ് ഓഫ്സ്റ്റംപിനു പുറത്തുവന്ന പന്ത് കവറിലേക്കടിക്കാൻ ലഥാം ശ്രമിച്ചപ്പോൾ ഇൻസൈഡ് എഡ്ജായി വിക്കറ്റിൽ പതിക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ മൂന്നുവിക്കറ്റ് നേട്ടത്തോടെ 416 വിക്കറ്റുമായി ഹർഭജനൊപ്പമായിരുന്നു അശ്വിൻ. ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ടോം ബ്ലൻഡലിന്റെ വിക്കറ്റ് കൂടി പിഴുത് താരം വിക്കറ്റ് നേട്ടം 418 ആയി ഉയർത്തി.
വെറും 80 മത്സരങ്ങളിൽനിന്നാണ് 35കാരനായ അശ്വിൻ 418 വിക്കറ്റുകൾ വാരിക്കൂട്ടിയത്. ഹർബജന് 416 വിക്കറ്റ് നേടാൻ 103 മത്സരങ്ങൾ വേണ്ടിവന്നു. പുതിയ നേട്ടത്തില്‍ താരത്തെ അഭിനന്ദിച്ച് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
Congratulations @ashwinravi99 wish you many more brother.. God bless.. keep shining 👏👏
— Harbhajan Turbanator (@harbhajan_singh) November 29, 2021
അന്താരാഷ്ട്ര ക്രിക്കറ്റിൽ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരിൽ 13-ാമനുമായിരിക്കുകയാണ് അശ്വിൻ. 800 വിക്കറ്റുകളുമായി ശ്രീലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് പട്ടികയിൽ ഒന്നാമൻ. 619 വിക്കറ്റുമായി മുൻ ഇന്ത്യൻ താരം അനിൽ കുംബ്ലെ വിക്കറ്റ് വേട്ടക്കാരിൽ നാലാമനും 434 വിക്കറ്റുമായി കപിൽദേവ് ഒൻപതാമനുമാണ്.
ഈ നൂറ്റാണ്ടിൽ സ്വന്തം മണ്ണിലെ വിക്കറ്റ് വേട്ടയിൽ ലോകത്ത് നാലാമനുമാണ് അശ്വിൻ. 291 വിക്കറ്റുകളാണ് താരം ഇന്ത്യയിൽ നേടിയത്. ജിമ്മി ആൻഡേഴ്‌സൻ, സ്റ്റുവർട്ട് ബ്രോഡ്, മുത്തയ്യ മുരളീധരൻ എന്നിവരാണ് അശ്വിന് മുൻപിലുള്ളത്.
Summary: Indian off-spinner Ravichandran Ashwin has adds a new record to his cricketing career. Ashwin is the third Indian wicket-taker in Test cricket. He overtook former India off-spinner Harbhajan Singh with his 418 wickets
Adjust Story Font
16