Quantcast

ഓസീസ് സുപ്രീമസി; കങ്കാരുക്കൾക്കിനി കീഴടക്കാനൊന്നുമില്ല

കെന്നിങ്ടൺ ഓവലിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യയെ കീഴടക്കിയതോടെ ഐ.സി.സിയുടെ നാല് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യത്തെ ടീമായിരിക്കുകയാണ് ആസ്‌ട്രേലിയ

MediaOne Logo

Shaheer

  • Updated:

    2023-06-11 15:04:05.0

Published:

11 Jun 2023 2:32 PM GMT

Australia Become First Team In Cricket History To Win All Four ICC Titles, Australia four ICC titles, 2023 WTC Final
X

ലണ്ടൻ: അഞ്ച് ഏകദിന ലോകകപ്പ്, രണ്ട് ചാംപ്യൻസ് ട്രോഫി, ഒരു ടി20 ലോകകപ്പ്.. ഒടുവിൽ ഇതാ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പും. ക്രിക്കറ്റിൽ ഇനി ആസ്‌ട്രേലിയയ്ക്ക് കൈയെത്തിപ്പിടിക്കാനായി ഒന്നുമില്ല. എന്തൊരു ടീം, എന്തൊരു ചാംപ്യൻ സംഘം...!

ഇന്ന് ലണ്ടനിലെ കെന്നിങ്ടൺ ഓവലിൽ ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന്റെ അവസാന ദിനം ഇന്ത്യയെ കീഴടക്കിയതോടെ ഐ.സി.സിയുടെ നാല് കിരീടങ്ങളും സ്വന്തമാക്കിയ ആദ്യത്തെ ടീമായിരിക്കുകയാണ് ആസ്‌ട്രേലിയ. ആകെ ഒൻപത് കിരീടങ്ങളാണ് കങ്കാരുക്കൾക്കു പൊൻതൂവലായുള്ളത്. 1987 ഏകദിന ലോകകപ്പിൽ അലൻ ബോർഡറുടെ നേതൃത്വത്തിൽ തുടങ്ങിയ പടയോട്ടത്തിനാണ് ഇപ്പോൾ പാറ്റ് കമ്മിൻസും സംഘവും സമ്പൂർണത നൽകിയിരിക്കുന്നത്.

1999 ഏകദിന ലോകകപ്പിൽ നായകൻ സ്റ്റീവ് വോയായിരുന്നു. പാകിസ്താനെ എട്ടു വിക്കറ്റിന് തകർത്ത് ഓസീസിന് രണ്ടാം ലോകകിരീടം. 2003ൽ ആസ്‌ട്രേലിയൻ ക്രിക്കറ്റിന്റെ സർവാധിപത്യകാലം. നായകൻ റിക്കി പോണ്ടിങ്. ഫൈനലിൽ നൂറുകോടി ഇന്ത്യൻ ആരാധകരുടെ ഹൃദയങ്ങളിൽ കനൽകോരിയിട്ട് ഓസീസിന് ഏകപക്ഷീയ വിജയം.

2007ലും പോണ്ടിങ്ങിന്റെ സംഘം ജയം തുടർന്നു, ശ്രീലങ്കയെ തകർത്ത്. പോണ്ടിങ്ങിന്റെ സുവർണകാല ശേഷം ക്യാപ്റ്റൻസി ഏറ്റെടുത്ത മൈക്കൽ ക്ലാർക്ക് 2015ൽ കിവികളെ തോൽപിച്ച് വീണ്ടും ലോക കിരീടം ഓസീസ് മണ്ണിലെത്തിച്ചു. 2011ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ചരിത്ര കിരീടധാരണമൊഴിച്ചു നിർത്തിയാൽ ഒന്നര പതിറ്റാണ്ടുകാലം എതിരാളികളില്ലാതെ ക്രിക്കറ്റ് ലോകം വാഴുകയായിരുന്നു മഞ്ഞപ്പട.

അതേസമയം, കുട്ടിക്രിക്കറ്റിൽ വലിയ നേട്ടമൊന്നും സ്വന്തമാക്കാനാകാത്ത ഒരു കുറവുണ്ടായിരുന്നു ആസ്‌ട്രേലിയയ്ക്ക്. 2021ൽ യു.എ.ഇയിൽ നടന്ന ടി20 ലോകകപ്പോടെ ആ കുറവും തീർത്തു. ആരോൺ ഫിഞ്ചിന്റെ നായകത്വത്തിൽ എട്ടു വിക്കറ്റിന് ന്യൂസിലൻഡിനെ തോൽപിച്ച് ഏകപക്ഷീയമായിരുന്നു വിജയം. ഇതിനിടയിൽ 2006ലും 2009ലും ചാംപ്യൻസ് ട്രോഫിയും പോണ്ടിങ്ങിന്റെ ചാംപ്യൻസ് സംഘം അടിച്ചെടുത്തിരുന്നു.

ഏറ്റവുമൊടുവിലാണ് വിരാട് കോഹ്ലി, രോഹിത് ശർമ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ ഉൾപ്പെടെയുള്ള കരുത്തുറ്റ ഇന്ത്യൻ സംഘത്തെ കാഴ്ചക്കാരാക്കി പാറ്റ് കമ്മിൻസും സംഘവും ഓസീസ് ക്രിക്കറ്റിന്റെ സമ്പൂർത്തീകരണം കുറിച്ചിരിക്കുന്നത്. കെന്നിങ്ടൺ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 209 റൺസിനാണ് ഇന്ത്യ ആസ്‌ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 469 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്‌സിൽ 296 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്‌സിൽ എട്ടിന് 270 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നിൽ 444 റൺസ് വിജയലക്ഷ്യമാണ് കങ്കാരുക്കൾ ഉയർത്തിയത്. എന്നാൽ, രണ്ടാം ഇന്നിങ്‌സിൽ 234 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.

Summary: WTC Final: Australia Become First Team In Cricket History To Win All Four ICC Titles

TAGS :

Next Story