Quantcast

ആദ്യം വെടിക്കെട്ട് പൂരം, പിന്നെ ബൗളിങ് ആക്രമണം; കിവി കൊടുങ്കാറ്റില്‍ അടിതെറ്റി കങ്കാരുക്കള്‍

ടി20 ലോകകപ്പിൽ സൂപ്പർ 12യിലെ ആദ്യ പോരാട്ടത്തിൽ ആതിഥേയരായ ആസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂസിലൻഡിന് 89 റൺസിന്റെ കൂറ്റൻ വിജയം

MediaOne Logo

Web Desk

  • Updated:

    2022-10-22 11:04:58.0

Published:

22 Oct 2022 10:54 AM GMT

ആദ്യം വെടിക്കെട്ട് പൂരം, പിന്നെ ബൗളിങ് ആക്രമണം; കിവി കൊടുങ്കാറ്റില്‍ അടിതെറ്റി കങ്കാരുക്കള്‍
X

സിഡ്‌നി: ഫിൻ അലൻ കത്തിച്ചുവിട്ട വെടിപ്പൂരം ഡേവൻ കോൺവേ പൂർത്തിയാക്കി. ബൗളിങ്ങിൽ ടിം സൗത്തിയും മിച്ചൽ സാന്റ്‌നറും ട്രെന്റ് ബൗൾട്ടും അരിഞ്ഞുവീഴ്ത്തി. ടി20 ലോകകപ്പിൽ സൂപ്പർ 12യിലെ ആദ്യ പോരാട്ടത്തിൽ ആതിഥേയരും നിലവിലെ ചാംപ്യന്‍മാരുമായ ആസ്‌ട്രേലിയയ്‌ക്കെതിരെ ന്യൂസിലൻഡിന് 89 റൺസിന്റെ കൂറ്റൻ വിജയം.

കൂറ്റനടികളുമായി കേളികേട്ട ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും ബൗണ്ടറി കടത്തി ഫിൻ അലൻ വിതച്ച അപകടത്തിൽനിന്ന് മുക്തരാകാൻ മത്സരത്തിന്റെ ഒരു ഘട്ടത്തിലും ആരോൺ ഫിഞ്ചിനും സംഘത്തിനുമായില്ല. അർധസെഞ്ച്വറിക്കരികെ അലൻ(42) വീണെങ്കിലും പിന്നീട് ദൗത്യം കോൺവേ ഏറ്റെടുക്കുകയായിരുന്നു. 92 റൺസുമായി പുറത്താകാതെ നിന്ന ഇടങ്കയ്യൻ ബാറ്ററാണ് കിവികൾക്ക് 200 എന്ന കൂറ്റൻ സ്‌കോർ സമ്മാനിച്ചത്. വമ്പൻ സ്‌കോർ പിന്തുടർന്ന് ഇറങ്ങിയ ആസ്‌ട്രേലിയയുടെ ലക്ഷ്യം തുടക്കം തോട്ടേ പിഴച്ചു. കിവി ബൗളർമാർ ഓസീസ് വിക്കറ്റുകൾ ഓരോന്നായി പിഴുതുകൊണ്ടിരുന്നപ്പോൾ 20 പന്തിൽ 28 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെലാണ് പോരാടിയെങ്കിലും നോക്കിയത്.

ഫിന്‍-കോണ്‍വേ ഷോ

സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ടോസ് ലഭിച്ച ഫിഞ്ച് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, നായകന്റെ കണക്കുകൂട്ടലുകളെല്ലാം ആദ്യ ഓവർ തൊട്ടേ പിഴച്ചു. മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ്, മാർക്കസ് സ്റ്റോയ്‌നിസ്... എന്നിങ്ങനെ പവർപ്ലേയിൽ ഫിഞ്ച് ബൗളർമാരെ മാറ്റിപരീക്ഷിച്ചിട്ടും ഒരു ഫലവുമുണ്ടായില്ല. ഫിൻ തൊട്ടതെല്ലാം ബൗണ്ടറി കടക്കുന്ന കാഴ്ചയായിരുന്നു.

ഒടുവിൽ ഹേസൽവുഡിന്റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഫിന്നിന്റെ ആക്രമണം തകർന്നു. മനോഹരമായ യോർക്കറിനു മുന്നിൽ താരത്തിനു മറുപടിയുണ്ടായിരുന്നില്ല. പുറത്താകുമ്പോൾ വെറും 16 പന്തിൽ 42 റൺസാണ് ഫിൻ അലൻ അടിച്ചുകൂട്ടിയത്. അകമ്പടിയായി മൂന്ന് സിക്‌സറും അഞ്ചു ബൗണ്ടറിയും.

മൂന്നാമനായി കിവീസ് നായകൻ കെയിൻ വില്യംസൻ ഇറങ്ങിയതോടെ സ്‌കോർറേറ്റ് താഴ്ന്നു. ഇതോടെ ആക്രമണം കോൺവേ ഏറ്റെടുത്തു. 23 പന്തിൽ ഒാരോ ബൗണ്ടറിയും സിക്‌സും നേടി 23 റൺസെടുത്തുനിന്ന നായകനെ ആദം സാംപ വിക്കറ്റിനു മുന്നിൽ കുരുക്കി. നാലാമനായി ഇറങ്ങിയ ഗ്ലെൻ ഫിലിപ്‌സ് രണ്ട് ബൗണ്ടറിയടിച്ച് പിന്നാലെ മടങ്ങി. പിന്നീടെത്തിയ ജിമ്മി നീഷവുമായി ചേർന്നായിരുന്നു കോൺവേ അവസാന ഓവറുകളിൽ ടീം സ്‌കോർവേഗം കൂട്ടിയത്. മറുവശത്ത് നീഷവും കൂറ്റൻ അടികളുമായി കളംനിറഞ്ഞുകളിച്ചു. കോൺവേ 58 പന്തിലാണ് ഏഴ് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 92 റൺസ് അടിച്ചുകൂട്ടിയത്. നീഷം 13 പന്തിൽ രണ്ട് സിക്‌സറുമായി 26 റൺസെടുത്ത് കോൺവേയ്‌ക്കൊപ്പം പുറത്താകാതെ നിന്നു.

സൗത്തി കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് കങ്കാരുക്കൾ

വമ്പൻ വിജയലക്ഷ്യം മുന്നിലുള്ളതിനാൽ മറുപടി ബാറ്റിങ്ങിൽ ആദ്യ പന്ത് തൊട്ടുതന്നെ ആക്രമിച്ചുകളിക്കാനാണ് ആസ്‌ട്രേലിയ നോക്കിയത്. എന്നാൽ, ടിം സൗത്തി കൊടുങ്കാറ്റിൽ ഓസീസ് ബൗളർമാർക്ക് പകച്ചുനിൽക്കാനേ ആയുള്ളൂ. ഡേവിഡ് വാർണറും(അഞ്ച്) നായകൻ ഫിഞ്ചും(13) അതിവേഗം പുറത്തായി. മൂന്നാം നമ്പറിലെത്തിയ മിച്ചൽ മാർഷി(16)നും അധികം ആയുസുണ്ടായില്ല.

അഞ്ചാം വിക്കറ്റിൽ മാർക്കസ് സ്‌റ്റോയിനിസിനൊപ്പം ചേർന്ന് മാക്‌സ്‌വെൽ ടീമിനെ കരകയറ്റാൻ നോക്കിയെങ്കിലും അതും അധികം നീണ്ടുനിന്നില്ല. സാന്റ്‌നറുടെ പന്തിൽ വമ്പനടിക്കു ശ്രമിച്ച് സ്റ്റോയ്‌നിസും പുറത്ത്. ഇടവേളകളിൽ വിക്കറ്റുകളോരോന്നും വീണുകൊണ്ടിരുന്നു. ഇഷ് സോധിയുടെ പന്തിൽ ബൗൾഡായി മാകസ്‌വെല്ലി(20 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 28)ന്റെ പോരാട്ടവും അവസാനിച്ചതോടെ കങ്കാരുക്കളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

ടിം ഡേവിഡ്(11), പാറ്റ് കമ്മിൻസ്(18 പന്തില് രണ്ട് ഫോറും ഒരു സിക്‌സും സഹിതം 21) എന്നിവരാണ് ഓസീസ് സംഘത്തിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. കിവി ബൗളർമാരിൽ രണ്ട് ഓവറിൽ വെറും ആറ് റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് കൊയ്ത ടിം സൗത്തിയാണ് കങ്കാരുക്കളുടെ നടുവൊടിച്ചത്. സാന്റ്‌നറും നാല് ഓവറിൽ 31 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റെടുത്തു. ട്രെന്റ് ബൗൾട്ട് രണ്ടും ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Summary: All-round New Zealand thrash defending champions Australia by 89 runs in first match of Super 12 in T20 World Cup 2022

TAGS :

Next Story