പ്ലേഓഫിനിടയിൽ അവളെ ഞെട്ടിക്കാമെന്ന് വച്ചു ചഹാര്‍; നേരത്തെതന്നെ അതങ്ങ് നടത്തിയേക്കാന്‍ ധോണിയും
വിവാഹാഭ്യർത്ഥനയ്ക്കുശേഷം ചെന്നൈയിലെ സഹതാരങ്ങൾ ചേർന്ന് ചഹാറിനെ കേക്കിൽ കുളിപ്പിക്കുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നായകന്‍ എംഎസ് ധോണി തന്നെയായിരുന്നു ഈ 'കേക്കഭിഷേകത്തി'ന് നേതൃത്വം കൊടുത്തത്
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി സഹതാരങ്ങൾക്കു വെറുമൊരു നായകനല്ലെന്ന് അദ്ദേഹത്തിനു കീഴിൽ കളിച്ച മിക്ക താരങ്ങളും പറഞ്ഞിട്ടുള്ളതാണ്. ചിലർക്ക് അദ്ദേഹമൊരു നല്ല സുഹൃത്താണെങ്കിൽ മറ്റു ചിലര്‍ക്ക് സ്‌നേഹനിധിയായ ഗുരുവാണ് ധോണി. മിക്കവർക്കും ജീവിതത്തിലെ സന്തോഷങ്ങളിലും സന്താപങ്ങളിലും ഓടിച്ചെല്ലാവുന്ന ഒരു ജ്യേഷ്ഠസഹോദരനാണ് താരം. ഒരു സര്‍പ്രൈസ് വിവാഹാഭ്യര്‍ത്ഥനയിലൂടെ ഇപ്പോൾ വാര്‍ത്താതാരമായ ചെന്നൈയുടെ ബൗളിങ് സൂപ്പർസ്റ്റാർ ദീപക് ചഹാറിന്‍റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.
ഐപിഎല്ലില്‍ ഈ സീസണിലെ അവസാന ലീഗ് മത്സരത്തിനുശേഷമായിരുന്നു ചഹാർ തന്റെ കാമുകി ജയ ഭരദ്വാജിനോട് ഗസ്റ്റ് ലോഞ്ചില്‍ ചെന്ന് വിവാഹാഭ്യർത്ഥന നടത്തിയത്. ആരാധകരും സമൂഹമാധ്യമങ്ങളുമെല്ലാം ഏറ്റെടുത്ത ആ സുന്ദരമുഹൂർത്തത്തിന്റെ യഥാർത്ഥ കാരണക്കാരൻ പക്ഷെ ധോണിയായിരുന്നു.
കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ ആലോചിക്കുന്ന കാര്യം ചഹാർ ആദ്യം പറഞ്ഞതും നായകനോടായിരുന്നു. പ്ലേഓഫ് മത്സരങ്ങൾക്കിടെ അവളെ ഞെട്ടിക്കാനാണ് ആലോചിക്കുന്നതെന്നും ധോണിയോട് പറഞ്ഞു. എല്ലാ പിന്തുണയും ആശീർവാദവും നൽകിയ ധോണി പക്ഷെ ഒരു തിരുത്ത് നിർദേശിച്ചു. പ്ലേഓഫിനു മുൻപ് തന്നെ അതങ്ങ് നടത്താനായിരുന്നു ഉപദേശം. ഡല്‍ഹിക്കെതിരായ മത്സരത്തിനുശേഷം സര്‍പ്രൈസ് നല്‍കാന്‍ പറഞ്ഞു. എന്നാല്‍, ആ കളിയില്‍ തോറ്റതോടെ അടുത്ത മത്സരത്തിനായി ചഹാറത് നീട്ടിവച്ചു. എന്നാല്‍, ലീഗ്ഘട്ടത്തിലെ അവസാന മത്സരവും തോല്‍വിയില്‍ കലാശിച്ചതോടെ ചഹാറിനുമുന്‍പില്‍ മറ്റ് വഴികളുണ്ടായിരുന്നില്ല.
അങ്ങനെയാണ് പഞ്ചാബിനോട് ചെന്നൈ ദയനീയമായി പരാജയപ്പെട്ടതിനുശേഷവും ഗസ്റ്റ് ലോഞ്ചിൽ ചെന്ന് ജയയ്ക്കുമുൻപിൽ ചഹാർ മുട്ടുകുത്തിനിന്നത്. വ്യക്തിപരമായ പ്രകടനത്തിന്‍റെ കാര്യത്തിലും നിറംകെട്ട ദിനമായിട്ടും ചഹാർ തന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ മുഹൂർത്തത്തിന് ആ ദിവസം തന്നെ തിരഞ്ഞെടുത്തു. ഏറ്റവും പ്രധാനപ്പെട്ട പ്ലേഓഫ് ഘട്ടത്തിലേക്ക് നീട്ടിവച്ചാൽ അത് താരത്തിന്റെയും ടീമിലെ സഹതാരങ്ങളുടെയും ശ്രദ്ധമാറാനിടയാക്കുമെന്നും കളിയെ ബാധിക്കുമെന്നുമായിരുന്നു ധോണി പറഞ്ഞ ന്യായം.
എല്ലാവരുടെയും മനംകവർന്ന ആ വിവാഹാഭ്യർത്ഥനയ്ക്കുശേഷം നായകനും സിഎസ്‌കെ ക്യാംപിലെ മുഴുവൻ അംഗങ്ങളും ചേർന്ന് വൻ ആഘോഷപരിപാടികളാണ് ചഹാറിനും ജയയ്ക്കുമായി ഒരുക്കിയിരുന്നത്. ടീം ഹോട്ടലിൽ താരങ്ങളെല്ലാം ചേർന്ന് കേക്ക് ഒരുക്കി. ചഹാറും ജയയും ചേർന്ന് മുറിച്ചു. പിന്നീട് സഹതാരങ്ങളെല്ലാം ചേർന്ന് ചഹാറിനെ കേക്കിൽ കുളിപ്പിച്ചു. അതിനു നേതൃത്വം നൽകിയതാകട്ടെ സാക്ഷാൽ ധോണിയും.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെന്നൈ സംഘത്തിൽ ധോണിയുടെ വിശ്വസ്തനാണ് 29കാരനായ ദീപക് ചഹാർ. ടി20 ക്രിക്കറ്റിൽ ദേശീയ ടീമിലും സ്ഥിരസാന്നിധ്യമാണ്. ദിവസങ്ങൾ മാത്രം അകലെ യുഎഇയിൽ തന്നെ ആരംഭിക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സംഘത്തിൽ റിസർവ് പട്ടികയിലും താരം ഇടംപിടിച്ചിട്ടുണ്ട്.
Adjust Story Font
16