ഷമിയുടെ വെടിക്കെട്ട് ഷോ, അക്‌സറിന്റെ പോരാട്ടം-ഇന്ത്യയ്ക്ക് മികച്ച ലീഡ്
അരങ്ങേറ്റത്തിൽ തന്നെ ഏഴ് വിക്കറ്റുമായി ഓസീസ് സ്പിന്നർ ടോഡ് മർഫി ചരിത്രം കുറിച്ചു
നാഗ്‍പൂര്‍: അക്‌സർ പട്ടേലിന്റെ പോരാട്ടത്തിന്റെയും വാലറ്റത്ത് മുഹമ്മദ് ഷമിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും കരുത്തിൽ നാഗ്പൂർ ടെസ്റ്റിൻ ഇന്ത്യയ്ക്ക് മികച്ച ലീഡ്. മൂന്നാംദിനം ലഞ്ചിനു തൊട്ടുമുൻപ് 400 റൺസിന് ഓൾഔട്ടാകുമ്പോൾ 223 റൺസിന്റെ ലീഡാണ് ഇന്ത്യ ആസ്‌ട്രേലിയയ്ക്കു മുന്നിൽ വച്ചത്. അരങ്ങേറ്റത്തിൽ തന്നെ ആദ്യ ഇന്നിങ്‌സിൽ ഏഴു വിക്കറ്റ് കൊയ്ത് ഓസീസ് സ്പിന്നർ ടോഡ് മർഫി ചരിത്രം കുറിച്ചു. മറുപടി ബാറ്റിങ്ങിൽ സന്ദർശകർ ഒന്നിന് 19 എന്ന നിലയിലാണ്.
രണ്ടാംദിനം കളി തീരുമ്പോൾ 144 റൺസ് ലീഡോടെ ഏഴിന് 321 റൺസ് എന്ന നിലയിലായിരുന്നു ടീം ഇന്ത്യ. രണ്ടാംദിനം തലവേദന സൃഷ്ടിച്ച രവീന്ദ്ര ജഡേജയെ കളി തുടങ്ങി അധികം വൈകാതെ തന്നെ പുറത്താക്കിയെങ്കിലും ബാക്കി രണ്ട് വിക്കറ്റെടുക്കാൻ ആസ്‌ട്രേലിയ ഏറെ വിയർത്തു. വാലറ്റത്ത് വെടിക്കെട്ടുമായി ഷമി നിറഞ്ഞാടിയപ്പോൾ അക്‌സറും സ്‌കോർവേഗം കൂട്ടി. ഒൻപതാം വിക്കറ്റിൽ 52 റൺസാണ് അക്‌സറും ഷമിയും കൂട്ടിച്ചേർത്തത്.
ജഡേജയെ ക്ലീൻബൗൾഡാക്കി വിക്കറ്റ് വേട്ട തുടരുകയായിരുന്നു മർഫി. 185 പന്ത് നേരിട്ട ഇന്ത്യൻ ഓൾറൗണ്ടർ ഒൻപത് ബൗണ്ടറി സഹിതം 70 റൺസെടുത്താണ് പുറത്തായത്. തുടർന്ന് ക്രീസിൽ ഒന്നിച്ച അക്‌സറും ഷമിയും വീണ്ടും ആസ്‌ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസിനു തലവേദന സൃഷ്ടിച്ചു.
ഇന്ത്യ വമ്പൻ ലീഡിലേക്ക് നീങ്ങുമെന്ന് തോന്നിച്ച ഘട്ടത്തിൽ അക്‌സർ-ഷമി കൂട്ടുകെട്ട് പിരിച്ച് വീണ്ടും മർഫിയുടെ ബ്രേക്ത്രൂ. 47 പന്തിൽ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും പറത്തി 37 റൺസെടുത്താണ് ഷമി മടങ്ങിയത്. അധികം വൈകാതെ അക്‌സറിനെ തിരിച്ചയച്ച് കമ്മിൻസ് ഇന്ത്യൻ പോരാട്ടം അവസാനിപ്പിച്ചു. 174 പന്ത് നേരിട്ട് ഒരു സിക്‌സറും പത്ത് ബൗണ്ടറിയുമായി 84 റൺസെടുത്ത ഇടങ്കയ്യൻ താരം കമ്മിൻസിന്റെ മനോഹരമായൊരു ഫുൾലെങ്ത് ഡെലിവറിയിൽ ക്ലീൻബൗൾഡായി മടങ്ങുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സിൽ രണ്ടാം ഓവറിൽ തന്നെ ഉസ്മാൻ ഖവാജയെ പുറത്താക്കി രവിചന്ദ്രൻ അശ്വിൻ ആസ്‌ത്രേലിയയ്ക്ക് തിരിച്ചടി നൽകി. സ്ലിപ്പിൽ വിരാട് കോഹ്ലി പിടിച്ചാണ് ഖവാജ(അഞ്ച്) പുറത്തായത്. അവസാനം വിവരം ലഭിക്കുമ്പോൾ ഡേവിഡ് വാർണർ(രണ്ട്), മാർനസ് ലബുഷൈൻ(പത്ത്) എന്നിവരാണ് ക്രീസിലുള്ളത്.
Summary: Border–Gavaskar Trophy 2023: India vs Australia 1st Test Day 3 updates
Adjust Story Font
16