ചെന്നൈ സൂപ്പർ കിങ്‌സിനെതിരെ ആരാധകരോഷം; കാരണം ഇതാണ്
വർഷങ്ങളായി ടീമിന്റെ കൂടെയുള്ള വെറ്ററൻ താരം സുരേഷ് റെയ്നയെ ഇത്തവണ ലേലത്തിൽ കൈവിട്ടത് മറ്റൊരു വിഭാഗം ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
#ChennaiSuperKings ('ചെന്നൈ സൂപ്പർ കിങ്‌സിനെ ബഹിഷ്‌കരിക്കുക...'). ഇന്നലെ മുതൽ ഇന്ത്യൻ ട്വിറ്ററിലെ ടോപ്പ് ട്രെൻഡുകളിലൊന്നാണ് ഈ ഈ ഹാഷ്ടാഗ്. നാലു തവണ ഐ.പി.എൽ ചാമ്പ്യന്മാരായ, രാജ്യത്തുടനീളം ശക്തമായ ഫാൻബേസുള്ള, മഹേന്ദ്ര സിങ് ധോണി നയിക്കുന്ന മഞ്ഞപ്പടക്കെതിരെ ഇത്രയധികം രോഷമുയരാൻ എന്താണ് കാരണം?
കഴിഞ്ഞ ദിവസം സമാപിച്ച ഐ.പി.എൽ ലേലത്തിൽ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണയെ ചെന്നൈ സൂപ്പർ കിങ്‌സ് സ്വന്തമാക്കിയിരുന്നു. 70 ലക്ഷം രൂപയ്ക്കാണ് 21-കാരനായ 'മിസ്റ്ററി സ്പിന്നറെ' ചെന്നൈ വാങ്ങിയത്. ഈ നീക്കമാണ് പ്രധാനമായും തമിഴ്‌നാട്ടിൽ നിന്നുള്ള സൂപ്പർ കിങ്‌സ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. തമിഴ് വംശജർക്കു നേരെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങേറിയ ശ്രീലങ്കയിൽ നിന്നുള്ള ഒരു കളിക്കാരനെ, അതും പതിറ്റാണ്ടുകൾ നീണ്ട അതിക്രമങ്ങൾക്ക് നേതൃത്വം നൽകിയെന്ന ആരോപണം നേരിടുന്ന സിംഹളീസ് വിഭാഗത്തിൽപ്പെട്ട ഒരാളെ ചെന്നൈ ആസ്ഥാനമായുള്ള ടീമിലെടുത്തത് തമിഴ് ജനതയോടുള്ള അവഹേളനമാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ശ്രീലങ്കയിൽ ഭൂരിപക്ഷ വിഭാഗമായ സിംഹളരിൽ നിന്നുള്ള വിവേചനം അവസാനിപ്പിക്കുന്നതിനായി തമിഴ് ഭൂരിപക്ഷമുള്ള വടക്കുകിഴക്കൻ പ്രദേശത്ത് 'തമിഴ് ഈഴം' എന്ന പേരിൽ സ്വതന്ത്ര രാജ്യം സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത് രണ്ടര പതിറ്റാണ്ടിലേറെ നീണ്ട ആഭ്യന്തര യുദ്ധത്തിന് കാരണമായിരുന്നു. രക്ഷരൂഷിതമായ സൈനിക നീക്കത്തിനൊടുവിലാണ് 2009-ൽ തമിഴ് പോരാളികളായ എൽ.ടി.ടി.ഇയെ ശ്രീലങ്കൻ ഭരണകൂടം അടിച്ചമർത്തിയത്. സൈനിക നീക്കത്തിൽ 80,000 മുതൽ ഒരുലക്ഷം വരെ സിവിലിയന്മാർക്ക് ജീവൻ നഷ്ടമായെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
ശ്രീലങ്കൻ ഭരണകൂടത്തിനെതിരായ വികാരം തമിഴ്‌നാട്ടിൽ വർഷങ്ങളായി ശക്തമാണ്. തമിഴ് വംശജനെങ്കിലും ഭരണകൂടത്തിനെതിരെ ശബ്ദമുയർത്താത്ത ഇതിഹാസ സ്പിന്നർ മുത്തയ്യ മുരളീധരനെയും തമിഴ് ജനത അനിഷ്ടത്തോടെയാണ് കാണുന്നത്. മുത്തയ്യയുടെ ജീവചരിത്ര സിനിമയിൽ നായകനാവാൻ തമിഴ് നടൻ വിജയ് സേതുപതി സമ്മതിച്ചിരുന്നെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് പിന്മാറിയിരുന്നു.
2021-ൽ ശ്രീലങ്ക ദേശീയ ടീമിനു വേണ്ടി അരങ്ങേറിയ മഹീഷ് തീക്ഷണയെ ടീമിൽ നിന്ന് ഒഴിവാക്കണമെന്നും, അതിനു തയാറില്ലെങ്കിൽ ടീമിന്റെ പേരിൽ നിന്ന് 'ചെന്നൈ' എന്ന വാക്ക് എടുത്തുമാറ്റണമെന്നുമാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തത്.
മഹീഷ് തീക്ഷണ ശ്രീലങ്കൻ ആർമി ടീമിന്റെ ബൌളറായിരുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.
അതേസമയം, വർഷങ്ങളായി ടീമിന്റെ കൂടെയുള്ള വെറ്ററൻ താരം സുരേഷ് റെയ്നയെ ഇത്തവണ ലേലത്തിൽ കൈവിട്ടത് മറ്റൊരു വിഭാഗം ആരാധകരെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇവരും ഇതേ ഹാഷ് ടാഗിൽ ട്വീറ്റ് ചെയ്യുന്നുണ്ട്.
Adjust Story Font
16