''ഒരു ഇന്ത്യൻ വ്യവസായി കൊക്കൈൻ തന്നു മയക്കി; 11 ലക്ഷം തന്ന് ഒത്തുകളി നടത്താന്‍ ബ്ലാക്ക്‍മെയില്‍ ചെയ്തു''; വെളിപ്പെടുത്തലുമായി സിംബാബ്‌വെ മുൻ നായകൻ ബ്രെൻഡൻ ടെയ്‌ലർ
''ആറുപേരാണ് എന്റെ മുറിയിലുണ്ടായിരുന്നത്. ജീവനിൽ ഭയമുണ്ടായിരുന്നു എനിക്ക്. ഒടുവിൽ ഞാനതിനു വഴങ്ങി. എന്നിട്ട് 15,000 ഡോളർ തന്ന് വാതുവയ്പ്പിനുള്ള അഡ്വാൻസാണെന്നു പറഞ്ഞു..'' വിശദീകരണക്കുറിപ്പിൽ സിംബാബ്‌വെ മുൻ നായകൻ ബ്രെൻഡൻ ടെയ്‌ലർ
അന്താരാഷ്ട്ര ക്രിക്കറ്റിൽ വീണ്ടും വാതുവയ്പ്പ് വിവാദം. സിംബാബ്‌വെ മുൻ നായകൻ ബ്രെൻഡൻ ടെയ്‌ലറാണ് രണ്ടുവർഷം മുൻപ് നടന്ന ഒരു വാതുവയ്പ്പ് ഇടപാടിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ഇന്ത്യൻ വ്യവസായി തനിക്ക് മയക്കുമരുന്നും 11 ലക്ഷം രൂപയും തന്ന് ഒത്തുകളി നടത്താനായി ബ്ലാക്ക്‌മെയിൽ ചെയ്‌തെന്നാണ് കുറ്റസമ്മതം.
2019 ഒക്ടോബർ അവസാനത്തിൽ സിംബാബ്‌വെ ടീമിന്റെ സ്‌പോൺസർഷിപ്പുമായി ബന്ധപ്പെട്ട് സംസാരിക്കാനെന്ന് പറഞ്ഞാണ് ഇന്ത്യൻ വ്യവസായി സമീപിച്ചതെന്നാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിശദീകരണക്കുറിപ്പിൽ ടെയ്‌ലർ പറയുന്നത്. സിംബാബ്‌വെയിൽ ഒരു ടി20 ചാംപ്യൻഷിപ്പ് തുടങ്ങുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യാമെന്നും പറഞ്ഞിരുന്നു. കൂടിക്കാഴ്ചയ്ക്കായി ഇന്ത്യയിലെത്താൻ 15,000 ഡോളർ(ഏകദേശം 11,21,971 രൂപ) നൽകാമെന്നും പറഞ്ഞെന്നും കുറിപ്പിൽ പറയുന്നു. ടെയ്‌ലറുടെ കുറിപ്പിൽനിന്ന്:
അന്ന് ഹോട്ടൽമുറിയിൽ നടന്നത്
സൂക്ഷിച്ചുതന്നെയായിരുന്നു ഞാൻ പ്രതികരിച്ചത്. എന്നാൽ, ആ സമയത്ത് ആറുമാസത്തോളമായി സിംബാബ്‌വെ ക്രിക്കറ്റ് മാനേജ്‌മെന്റിൽനിന്ന് ശമ്പളം കിട്ടുന്നുണ്ടായിരുന്നില്ല ഞങ്ങൾക്ക്. തുടർന്നും രാജ്യാന്തര ക്രിക്കറ്റ് കളിക്കാനാകുമോ എന്ന ചോദ്യചിഹ്നമുയർന്നിരുന്നു സിംബാബ്‌വെയ്ക്കു മുന്നിൽ. അങ്ങനെയൊക്കെയാണ് ഞാൻ ഇന്ത്യയിൽ പോകുന്നത്. നേരത്തെ പറഞ്ഞ പോലെത്തന്ന ചർച്ചകളൊക്കെ നടന്നു.
കൂടിക്കാഴ്ചയുടെ അവസാനദിവസം ഹോട്ടലിൽ വ്യവസായിയും അയാളുടെ സുഹൃത്തുക്കളും ചേർന്ന് എനിക്ക് ഒരു വിരുന്നൊരുക്കിയിരുന്നു. വെള്ളമടിയുമൊക്കെയായി കാര്യങ്ങൾ മുന്നോട്ടുപോകുന്നതിനിടെ അവർ എനിക്കുനേരെ കൊക്കൈൻ നീട്ടി. അവരും അതിന്റെ ലഹരിയിൽ തന്നെയായിരുന്നു അന്നേരം. മണ്ടത്തരമെന്നോണം ഞാനും അതിൽനിന്ന് ഇത്തിരി നുണഞ്ഞു. അന്നുതൊട്ട് അതെന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ആ രാത്രിയെക്കുറിച്ചും അവർ എന്നെവച്ച് അന്നു നടത്തിയ ആ കളിയെക്കുറിച്ചുമെല്ലാം ഓർക്കുമ്പോൾ ഇപ്പോഴും വയറ്റിലൊരു നീറ്റലാണ്.
പിറ്റേന്ന് രാവിലെ ഇതേ ആൾക്കാർ എന്റെ റൂമിലേക്ക് ഇടിച്ചുകയറിവന്നു. എന്നിട്ട് തലേദിവസം നടന്നതിന്റെ വിഡിയോ എന്നെക്കാണിച്ചു. അവർക്കുവേണ്ടി രാജ്യാന്തര മത്സരങ്ങളിൽ ഒത്തുകളിച്ചില്ലെങ്കിൽ ആ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. ആറുപേരാണ് എന്റെ മുറിയിലുണ്ടായിരുന്നത്. ജീവനിൽ ഭയമുണ്ടായിരുന്നു എനിക്ക്. ഒടുവിൽ ഞാനതിനു വഴങ്ങി. എന്നിട്ട് 15,000 ഡോളർ തന്ന് വാതുവയ്പ്പിനുള്ള അഡ്വാൻസാണെന്നു പറഞ്ഞു. ദൗത്യം നിർവഹിച്ചാൽ ബാക്കി 20,000 ഡോളർ കൂടി തരുമെന്നും വ്യക്തമാക്കി. അഡ്വാൻസ് തുക വാങ്ങിയാണ് ഞാൻ തിരിച്ച് നാട്ടിലെത്തിയത്.
To my family, friends and supporters. Here is my full statement. Thank you! pic.twitter.com/sVCckD4PMV
— Brendan Taylor (@BrendanTaylor86) January 24, 2022
'ഐസിസിക്ക് എന്നെ മനസ്സിലാക്കാനായില്ല'
നാട്ടിലെത്തിയ ശേഷം കടുത്ത മാനസിക സംഘർഷത്തിലും പിരിമുറുക്കത്തിലുമായി. മാനസികമായി പാടേ തകർന്നു. കടുത്ത മാനസികരോഗിയായി ചികിത്സയും തേടി. പിന്നീട് വ്യവസായി അഡ്വാൻസ് തുക തിരിച്ചുചോദിച്ചെങ്കിലും എനിക്ക് തിരിച്ചുനൽകാനായില്ല. ഇതുകഴിഞ്ഞ് നാലു മാസമെടുത്താണ് നടന്ന കാര്യങ്ങൾ ഞാൻ ഐസിസിയെ അറിയിക്കുന്നത്. അപ്പോഴേക്കും കുറച്ചേറെ വൈകിയിരുന്നെന്ന കാര്യം ഞാൻ അംഗീകരിക്കുന്നു. എന്നാൽ, ആ സമയത്ത് കുടുംബത്തിന്റെയടക്കം ഒരുപാടുപേരുടെ സുരക്ഷ നോക്കേണ്ടിയിരുന്നു എനിക്ക്.
എന്റെ സാഹചര്യമൊക്കെ പറഞ്ഞാൽ ഐസിസിക്ക് മനസിലാകുമെന്നാണ് കരുതിയത്. പക്ഷെ, അതുണ്ടായില്ല. എനിക്ക് ഏതാനും വർഷം കളിയിൽനിന്ന് വിലക്കേർപ്പെടുത്താനാണ് ഐസിസി തീരുമാനമെന്നാണ് അറിയുന്നത്. തീരുമാനം വിനയപൂർവം അംഗീകരിക്കുന്നു. ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകുമ്പോൾ എത്രയും പെട്ടെന്ന് ബന്ധപ്പെട്ടവരെ അറിയിക്കാൻ ബാക്കി താരങ്ങൾക്ക് പ്രചോദനമാകാനായാണ് ഇപ്പോൾ ഇങ്ങനെയൊരു വിശദീകരണക്കുറിപ്പെന്നും ടെയ്‌ലർ പറഞ്ഞു.
*****
2011നും 2021നും ഇടയിൽ ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലുമായി 71ഓളം രാജ്യാന്തര മത്സരങ്ങളിൽ സിംബാബ്‌വെയുടെ നായകനായിരുന്നു ടെയ്‌ലർ. 205 ഏകദിനങ്ങളിൽ ദേശീയ കുപ്പായമിട്ട താരം 6,684 റൺസ് നേടിയിട്ടുണ്ട്. 34 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 2,320 റൺസും 45 ടി20 മത്സരങ്ങളിൽനിന്നായി 934 റൺസും സ്വന്തമാക്കിയിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിൽ ആകെ 17 സെഞ്ച്വറിയും സ്വന്തം പേരിലുണ്ട്.
Summary: Former Zimbabwe captain Brendan Taylor has opened up on being approached by an unnamed Indian businessman to spot-fix during in 2019.
Adjust Story Font
16