Quantcast

വിലയിട്ടത് 50 ലക്ഷം; ഐപിഎൽ തിരിച്ചുവരവിന് ശ്രീയോട് ആര് കനിയും?

2013ൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്ലിൽ കളിച്ചത്

MediaOne Logo

Web Desk

  • Published:

    22 Jan 2022 3:44 PM GMT

വിലയിട്ടത് 50 ലക്ഷം; ഐപിഎൽ തിരിച്ചുവരവിന് ശ്രീയോട് ആര് കനിയും?
X

ഐപിഎൽ തിയതി പുറത്തുവന്നതോടെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. മാർച്ച് 27ന് ഇന്ത്യയിൽ തന്നെ ടൂർണമെന്റ് ആരംഭിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ ഇന്ന് പ്രഖ്യാപിച്ചത്. ഇതോടെ അടുത്ത മാസം നടക്കുന്ന മെഗാ ലേലത്തിലേക്കാണ് എല്ലാവരുടെയും കണ്ണ്.

ഇതിനിടയിൽ മുൻ ഇന്ത്യൻ പേസറും മലയാളി താരവുമായ എസ് ശ്രീശാന്തും തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ഇത്തവണ ലേലത്തിനായി ശ്രീശാന്തും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 50 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലും ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും അന്തിമ ലേലപ്പട്ടികയിൽ ഇടംപിടിക്കാനായിരുന്നില്ല.

2013ൽ രാജസ്ഥാൻ റോയൽസിനു വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്ലിൽ കളിച്ചത്. അതിനുമുൻപ് പഞ്ചാബ് കിങ്‌സ്, കൊച്ചി ടസ്‌കേഴ്‌സ് കേരള കുപ്പായത്തിലും താരം കളത്തിലിറങ്ങിയിട്ടുണ്ട്. 44 മത്സരങ്ങളിൽനിന്നായി 40 വിക്കറ്റുകൾ സ്വന്തം പേരിലാക്കുകയും ചെയ്തിട്ടുണ്ട് ശ്രീശാന്ത്.

മെഗാലേലം നിശ്ചയിച്ചതു പോലെ തന്നെ നടക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചത്. ഫെബ്രുവരി 12, 13 തിയതികളിൽ ബംഗളൂരുവിൽ വച്ചായിരിക്കും ലേലം. താരങ്ങൾക്കുള്ള രജിസ്ട്രേഷൻ വ്യാഴാഴ്ച അവസാനിച്ചിരുന്നു. ഇതുവരെ 1,214 താരങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 896 ഇന്ത്യൻ താരങ്ങളും 318 വിദേശതാരങ്ങളും ഇതിൽ ഉൾപ്പെടും.

കോവിഡ് കൂടുതൽ രൂക്ഷമാകുന്നില്ലെങ്കിൽ മാർച്ച് 27ന് മത്സരങ്ങൾ ആരംഭിക്കും. മെയ് അവസാനവാരം വരെ ടൂർണമെന്റ് തുടരും. മുംബൈയിലായിരിക്കും മത്സരങ്ങളെല്ലാം. മുംബൈയിലെ വാങ്കഡെ, ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യ(സിസിഐ), ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളാണ് ടൂർണമെന്റിനായി പരിഗണിക്കുന്ന വേദികൾ. ആവശ്യമെങ്കിൽ പൂനെയിലെ മഹാരാഷ്ട്രാ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയവും വേദിയാകും.

Summary: Former India pacer S Sreesanth registers for IPL 2022 auction with base price of Rs 50 lakh

TAGS :

Next Story