Quantcast

വിവാദങ്ങൾ ഇരുട്ട് പടർത്തിയ കാലത്ത് ടീമിനെ മുന്നിൽ നിന്ന് നയിച്ചവൻ; ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു സൗരവ്

ക്രിക്കറ്റിന്‍റെ മക്കയായ ലോർഡ്സിന്‍റെ ബാൽക്കണിയിൽ നിന്ന് നീലപ്പടയുടെ നായക കുപ്പായം ഊരി വീശുന്ന ഗാംഗുലിയുടെ ചിത്രം ഇന്നും രക്തം തിളക്കുന്ന വികാരമാണ് ആരാധകര്‍ക്ക്....

MediaOne Logo

ഷെഫി ഷാജഹാന്‍

  • Updated:

    2022-08-29 10:34:13.0

Published:

8 July 2021 5:17 PM GMT

വിവാദങ്ങൾ ഇരുട്ട് പടർത്തിയ കാലത്ത് ടീമിനെ മുന്നിൽ നിന്ന് നയിച്ചവൻ; ഇന്ത്യൻ ക്രിക്കറ്റിലെ ഒരേയൊരു സൗരവ്
X

സൗരവ്‌ ഗാംഗുലിയെന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് 'ദാദ'യാണ്...കൊല്‍ക്കത്തക്കാരെ സംബന്ധിച്ച് രാജകുമാരനും.. ക്രിക്കറ്റ് ആരാധകര്‍ക്കാകട്ടെ അദ്ദേഹം ഓഫ്സൈഡിലെ ദൈവമാണ്, അങ്ങനെ വിശേഷണങ്ങളേറെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ ദിശാബോധം സൃഷ്ടിച്ച എക്കാലത്തെയും മികച്ച ക്യാപ്റ്റന്. ഇന്ത്യന്‍ ക്രിക്കറ്റിനെ നിവര്‍ന്നുനില്‍ക്കാന്‍ പ്രാപ്തനാക്കിയ ആരാധകരുടെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ സൗരവ്‌ ഗാംഗുലിക്ക് ഇന്ന് നാല്‍പ്പത്തിയൊമ്പതാം പിറന്നാളാണ്. മറക്കാനാകാത്ത ഒട്ടനവധി മുഹൂര്‍ത്തം ഇന്ത്യന്‍ ക്രിക്കറ്റിന് സൃഷ്ടിച്ച പ്രിയപ്പെട്ട നായകന് ആശംസകള്‍ അര്‍പ്പിക്കാനുള്ള തിരക്കിലായിരുന്നു ക്രിക്കറ്റ് ലോകം..

സമ്മര്‍ദ്ദ വേളകളില്‍ ഫീല്‍ഡില്‍ നഖം കടിച്ച്... നോട്ടംകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുന്നവരെ കണ്ണുരുട്ടി പേടിപ്പിച്ച്... സ്ലെഡ്ജിങുമായി വരുന്നവരെ നാവുകൊണ്ട് തന്നെ തല്ലി മടക്കി... അങ്ങനെയങ്ങനെ സൌരവ് ഗാംഗുലിയെന്ന കൊല്‍ക്കത്തക്കാരന്‍ ഗ്രൌണ്ടില്‍ നിറഞ്ഞുനില്‍ക്കുമായിരുന്നു. ക്യാപ്റ്റന്‍റെ ക്യാപ് അണിഞ്ഞാല്‍ പിന്നെ ടീമംഗങ്ങള്‍ക്കെല്ലാം അദ്ദേഹം ദാദയായിരുന്നു. അഗ്രസീവ് ക്രിക്കറ്റിന്‍റെ അപ്പോസ്തലന്മാരെ പോലും അവരുടെ തട്ടകത്തില്‍ വെച്ച് നേരിട്ട് പല്ലും നഖവും കൊഴിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പ്രാപ്തരാക്കിയ നായകന്‍.



ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങൾ ഇരുട്ട് പടർത്തിയ പ്രതിസന്ധികളുടെ കാലത്താണ് പ്രത്യാശയുടെ കരങ്ങളുമായി ക്യാപ്റ്റന്‍ ക്യാപ് അണിഞ്ഞ് ഗാംഗുലി കടന്നുവരുന്നത്. പകച്ചുനിന്ന ഒരു കൂട്ടത്തെ ചേർത്ത് നിർത്തി, വെല്ലുവിളിച്ച കൊമ്പന്മാരുടെ നെഞ്ചില്‍ വെള്ളിടി തീർത്ത് വിജയ കാഹളം മുഴക്കി കണ്ണുചിമ്മി അയാള്‍ നടന്നകന്നു...

രണ്ടായിരമാണ്ട്, ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് കറുത്ത അധ്യായങ്ങളില്‍ ഒന്ന്. കോഴ വിവാദത്തില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ടീമിൻറെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാന്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ പോലും മടിക്കുന്നു... ലോക ക്രിക്കറ്റിന് മുന്നില്‍ നാണക്കേടിന്‍റെ പടുകുഴിയില്‍ നില്‍ക്കുന്ന ഒരു ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറായി ആ 28കാരന്‍ എത്തുന്നു.. ഒരു യുഗ പിറവി പോലെ അവിടെ സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്‍ ഉദയം ചെയ്യുന്നു.

ലോര്‍ഡ്സിലെ പ്രതികാരം

ക്രിക്കറ്റിന്‍റെ മക്കയായ ലോര്‍ഡ്സില്‍ ഷര്‍ട്ടൂരി വീശി ആഹ്ലാദം പ്രകടിപ്പിച്ച ക്യാപ്റ്റന്‍ ഗാംഗുലിയെ ഓര്‍ക്കാതെ ഒരിക്കലും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ അധ്യായം പൂര്‍ണമാകില്ല. ആരാധകര്‍ക്ക് ഇന്നും ഇന്നും രക്തം തിളക്കുന്ന വികാരമാണ് ലോര്‍ഡ്സിലെ ആ പ്രതികാര രംഗം.. ചരിത്രമുറങ്ങുന്ന ലോർഡ്സ് ബാൽക്കണിയിൽ നിന്ന് അയാൾ നീലപ്പടയുടെ നായക കുപ്പായം ഊരി കറക്കി.. നെഞ്ചു വിരിച്ചുനിന്ന് വെല്ലുവിളിച്ചു.. ആന്‍ഡ്രൂ ഫ്ലിന്‍റോഫിന്‍റെ മുഖത്തേറ്റ അടിയായിരുന്നു അത്. സംഭവം ഇങ്ങനെ... 2002-ൽ ഇംഗ്ലണ്ടിന്‍റെ ഇന്ത്യൻ പര്യടനം, മുംബൈ വാങ്കഡെയിലെ ആറാം ഏകദിനം.. ഫ്‌ളിന്‍റോഫിന്‍റെ ഓൾ റൌണ്ട് പെർഫോമൻസില്‍ ഇന്ത്യയെ നിലംപരിശാക്കി ഇംഗ്ലണ്ട്. ഒടുവില്‍ ശവപ്പെട്ടിയില്‍ ആണിയടിക്കുന്ന പോലെ ഫ്ലിന്‍റോഫിന്‍റെ വക ഗ്രൗണ്ടിൽ ഷർട്ട് ഊരി കറക്കി ആഘോഷം.. അന്ന് വിഷാദം പൂണ്ട മുഖവുമായി തിരിച്ച് ഡ്രസിങ് റൂമിലെത്തിയ ഗാംഗുലി ആ രംഗം മറന്നില്ല..

അതേവര്‍ഷം ജൂലൈ 13ന് ഇംഗ്ലണ്ടിൽ നടന്ന നാറ്റ്‍വെസ്റ്റ് സീരിസിലെ ഫൈനൽ മാച്ച്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ചത് 325 റൺസ് എന്ന കൂറ്റന്‍സ്കോര്‍... ഒടുവില്‍ ഒമ്പതാം വിക്കറ്റില്‍ നാല് ബോള്‍ മാത്രം ബാക്കി നില്‍ക്കേ സഹീര്‍ ഖാന്‍റെ ബാറ്റില്‍ നിന്ന് ഇന്ത്യയുടെ വിജയറണ്‍സ് പിറക്കുന്നു. ക്യാമറകള്‍ തിരിഞ്ഞത് പവലിയനിലേക്ക്... ലോർഡ്‌സിന്‍റെ ബാല്‍ക്കണിയില്‍ ഫ്ലിന്‍റോഫിനുള്ള മറുപടി തയ്യാറായിരുന്നു. നീലപ്പടയുടെ നായക കുപ്പായം ഊരി കറക്കി ഗാംഗുലിയുടെ ഉശിരന്‍ പ്രതികാരം. വീറും വാശിയും അക്രമണോത്സുകതയും തികഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻറെ മറുപടി കൂടിയായിരുന്നു അത്.



ജോൺ റൈറ്റ് എന്ന കോച്ചും സൌരവ് ഗാംഗുലി എന്ന ക്യാപ്റ്റനും ഇന്ത്യയുടെ എക്കാലത്തെയും മികച്ച കോംബോ ആയിരുന്നു. മികച്ച ഒത്തിണക്കത്തോടെയും സഹകരണത്തോടു കൂടിയും യുവ കളിക്കാരെ പരമാവധി വിനിയോഗിച്ചു. അവർക്ക് അവസരങ്ങൾ കൊടുത്തു. ഫോം ഔട്ട് ആകുന്നതിനു മുമ്പ് കളിക്കാരെ പൊസിഷൻ മാറ്റി... അങ്ങനെയയുള്ള സൌരവിന്‍റെ ഏറ്റവും മികച്ച കണ്ടെത്തല്‍ കൂടിയായിരുന്നു ഇന്ത്യക്ക് എക്കാലത്തെയും മികച്ച ഓപ്പണറെ സംഭാവന ചെയ്തത്. ദാദയുടെ വീരുവിനെ. ഓപ്പണിങ് പൊസിഷനില്‍ കളിച്ചുകൊണ്ടിരുന്ന ഗാംഗുലി സ്വയം ബാക്ക് ഓര്‍ഡറില്‍ ഇറങ്ങിയാണ് വീരേന്ദര്‍ സേവാഗിനെ ഓപ്പണറുടെ റോളില്‍ എത്തിച്ചത്. ധോണിയുടെ കഴിവ് മനസിലാക്കി പവർ പ്ലേ ഓവറുകള്‍ മുതലാക്കാൻ മുൻനിരയിലേക്ക് അവസരം നല്‍കിയതും ഇതേ ഗാംഗുലിയാണ്. സേവാഗ്, കൈഫ്, യുവരാജ്, ഹർഭജൻ , സഹീർഖാന്‍, ധോണി, ഇർഫാൻ പഠാന്‍ എന്നിവരെയൊക്കെ തന്നെ കഴിവിനൊത്ത അവസരങ്ങള്‍ കൊടുത്ത് ടീമിന് മുതല്‍ക്കൂട്ടാക്കിയതും ഗാംഗുലിയുടെ ക്യാപ്റ്റന്‍ മികവാണ്.




കരിയറിലെ കരിനിഴല്‍

ഒടുവില്‍ ഗ്രെഗ് ചാപ്പൽ എന്ന ഓസ്ട്രേലിയന്‍ കോച്ചുമായുള്ള പടലപ്പിണക്കത്തിന് പിന്നാലെ ഗാംഗുലി ടീമിന് പുറത്തെത്തുകയായിരുന്നു. ചാപ്പലുമായുള്ള തര്‍ക്കത്തിന്‍റെ പേരില്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെടുകയും ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമാവുകയും ചെയ്‌തെങ്കിലും അധികം വൈകാതെ തന്നെ ഗാംഗുലി ശക്തമായി തിരിച്ചുവന്നിരുന്നു. 2005ലായിരുന്നു അദ്ദേഹം ടീമില്‍ നിന്നും പുറത്തായത്. തൊട്ടടുത്ത വര്‍ഷം ഗാംഗുലി തിരിച്ചെത്തുകയും ചെയ്തു. 2007 ലോകകപ്പിലെ ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു പിന്നാലെ ചാപ്പലിന്‍റെ തൊപ്പി തെറിച്ചു. മടങ്ങിവന്ന ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ റണ്‍സ് വാരിക്കൂട്ടിയതോടെ ഗാംഗുലി വീണ്ടും ടീമില്‍ സ്ഥാനമുറപ്പാക്കി. തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തിനിടെ ചില അവിസ്മരണീയ ഇന്നിങ്‌സുകളും അദ്ദേഹം കാഴ്ചവെച്ചു. 2008 നവംബറിലായിരുന്നു ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ഏറ്റുമുട്ടലുകളുമെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ഗാംഗുലിയുമായി മാത്രമല്ല ഇന്ത്യന്‍ ടീമിലെ മറ്റു പല താരങ്ങളുമായും ചാപ്പല്‍ അത്ര നല്ല രസത്തിലല്ലായിരുന്നു എന്നതാണ് വസ്തുത. പില്‍ക്കാലത്ത് യുവരാജ് സിങ്, ഹര്‍ഭജന്‍ സിങുള്‍പ്പെടെയുള്ള കളിക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തിരുന്നു.




ഇന്ന് 49-ാം പിറന്നാള്‍ ആഘോഷിക്കുന്ന കളിയാരാധകരുടെ സ്വന്തം ദാദയായ സൗരവ് ഗാംഗുലിക്ക് ക്രിക്കറ്റ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ആശംസകളെത്തിയത്. സുരേഷ് റെയ്‌ന, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, വി.വി.എസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍സിങ് തുടങ്ങി വലിയൊരു താരനിര തന്നെ തങ്ങളുടെ പ്രിയപ്പെട്ട ക്യാപ്റ്റന് ആശംസകളുമായെത്തി.






കൂട്ടത്തില്‍ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമുണ്ടായിരുന്നു ബിസിസിഐ പ്രസിഡന്‍റ് കൂടിയായ ഗാംഗുലിക്ക് ആശംസകള്‍ നേരാന്‍. ഗാംഗുലിയുടെ പ്രധാനപ്പെട്ട നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു ഐ.സി.സിയുടെ ട്വീറ്റ്. 'ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരം, ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിന് ഉടമ, 28 ഓവർസീസ് ടെസ്റ്റുകളിൽ 11 തവണ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റൻ, പിറന്നാൾ ആശംസകൾ സൗരവ് ഗാംഗുലി...'



TAGS :

Next Story