Quantcast

'ധോണി ഒറ്റയ്ക്കാണല്ലോ കളിച്ചതും കപ്പടിച്ചതും!'; പരിഹസിച്ച് ഹർഭജൻ

തുടർച്ചയായി രണ്ടാം തവണയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ തോൽക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-06-12 06:25:53.0

Published:

12 Jun 2023 6:23 AM GMT

Harbhajan Singh about MS Dhoni captaincy
X

ന്യൂഡൽഹി: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ തോൽവിക്കു പിന്നാലെ ഇന്ത്യൻ നായകൻ രോഹിത് ശർമയെ മാറ്റണമെന്ന തരത്തിൽ മുറവിളികളുയരുകയാണ്. തുടർച്ചയായ രണ്ടാം ഫൈനലിലാണ് ഇന്ത്യൻ തോൽവി. മൂന്ന് ഐ.സി.സി കിരീടങ്ങൾ നേടിയ മഹേന്ദ്ര സിങ് ധോണിയുടെ ക്യാപ്റ്റൻസിയെ ചൂണ്ടിക്കാട്ടിയാണ് രോഹിതിനെതിരെ ആരാധകർ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ധോണിക്ക് ലോകകപ്പുകളുടെ ക്രെഡിറ്റ് പതിച്ചുനൽകുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്.

2007ൽ ധോണിയുടെ നേതൃത്വത്തിലുള്ള ടി20 ലോകകപ്പ് കിരീടനേട്ടത്തെക്കുറിച്ചുള്ള ട്വീറ്റിനോടായിരുന്നു പരിഹാസസ്വരത്തിൽ 'ഭാജി'യുടെ പ്രതികരണം. 'കോച്ചില്ല, മെന്ററില്ല, മിക്ക സീനിയർ താരങ്ങളും ടീമിന്റെ ഭാഗമല്ല. ഒപ്പമുള്ളത് യുവതാരങ്ങൾ. മുൻപ് ഒറ്റ മത്സരത്തിൽ പോലും ക്യാപ്റ്റനായിട്ടില്ല. എന്നിട്ടും, ക്യാപ്റ്റനായി 48 ദിവസം പിന്നിടുമ്പോൾ ഈ ചെറുപ്പക്കാരൻ പ്രതാപകാലത്തുള്ള ആസ്‌ട്രേലിയയെ സെമി ഫൈനലിൽ തോൽപിച്ച് ടി20 കിരീടം സ്വന്തമാക്കി.'-ട്വീറ്റിൽ ചൂണ്ടിക്കാട്ടുന്നു.

ആ ചെറുപ്പക്കാരൻ ഒറ്റയ്ക്കാണ് ആ കളിയെല്ലാം കളിച്ചത്. ബാക്കി പത്തുപേരായിരുന്നില്ലെന്ന് ട്വീറ്റിനോട് പ്രതികരിച്ച് ഹർഭജൻ പരിഹസിച്ചു. 'അയാൾ ഒറ്റയ്ക്ക് ലോകകപ്പുകൾ സ്വന്തമാക്കുകയും ചെയ്തു. ആസ്‌ട്രേലിയയോ മറ്റേതു രാജ്യവും ലോകകപ്പ് സ്വന്തമാക്കിയാൽ തലക്കെട്ടുകളിൽ ആസ്‌ട്രേലിയ, അല്ലെങ്കിൽ ആ രാജ്യം ജയിച്ചെന്നാകും. എന്നാൽ, ഇന്ത്യ ജയിച്ചാൽ അത് ക്യാപ്റ്റൻ ജയിച്ചെന്നാകും വരികയെന്നതാണ് വിരോധാഭാസം. ഇത് കൂട്ടായ്മയുടെ കളിയാണ്. ജയിക്കുന്നതും തോൽക്കുന്നതുമെല്ലാം കൂട്ടായാണ്.'-ഹർഭജൻ കൂട്ടിച്ചേർത്തു.

കെന്നിങ്ടൺ ഓവലിൽ നടന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ 209 റൺസിനാണ് ഇന്ത്യ ആസ്ട്രേലിയയോട് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 469 റൺസ് നേടിയപ്പോൾ ഇന്ത്യയ്ക്ക് ആദ്യ ഇന്നിങ്സിൽ 296 റൺസ് മാത്രമാണ് നേടാനായത്. രണ്ടാം ഇന്നിങ്സിൽ എട്ടിന് 270 റൺസിന് ഡിക്ലയർ ചെയ്ത് ഇന്ത്യയ്ക്ക് മുന്നിൽ 444 റൺസ് വിജയലക്ഷ്യമാണ് കങ്കാരുക്കൾ ഉയർത്തിയത്. എന്നാൽ, രണ്ടാം ഇന്നിങ്സിൽ 234 റൺസിന് ഇന്ത്യൻ പോരാട്ടം അവസാനിക്കുകയായിരുന്നു.

Summary: 'Alone He Won World Cups': Harbhajan Singh blasts MS Dhoni fan after 2007 T20 WC claim

TAGS :

Next Story