Quantcast

സ്‌ട്രൈക്ക് റേറ്റ് കുറഞ്ഞാലും പ്രശ്‌നമില്ല; ധോണിയുടെ റോളിൽ കളിക്കാനും ഞാന്‍ ഒരുക്കം-ഹർദിക് പാണ്ഡ്യ

'അന്ന് ഞാനൊക്കെ ഗാലറിക്കു പുറത്തേക്ക് പന്ത് അടിച്ചുപറത്തിയിരുന്ന ചെറുപ്പമായിരുന്നു. ധോണി പെട്ടെന്ന് പോയതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം എനിക്കായി.'

MediaOne Logo

Web Desk

  • Published:

    2 Feb 2023 3:03 PM GMT

HardikPandyaMSDhoni, anchoringrole
X

അഹ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിനു പിന്നാലെ സ്വന്തം ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പ്രതികരിച്ച് ഹർദിക് പാണ്ഡ്യ. വമ്പനടികളിൽനിന്നു മാറി ഇപ്പോൾ ആങ്കറിങ് റോളിലാണ് താൻ കളിക്കുന്നതെന്ന് ഹർദിക് പ്രതികരിച്ചു. മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി വഹിച്ച റോളാണ് താൻ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നതെന്നും താരം സൂചിപ്പിച്ചു.

സിക്‌സർ പറത്തുന്നത് എപ്പോഴും ആസ്വദിക്കുന്നയാളാണ് ഞാൻ. പക്ഷെ, ജീവിതമല്ലേ, മാറ്റങ്ങൾ സ്വീകരിക്കേണ്ടിവരും. കൂട്ടുകെട്ടുകളിലാണ് ഞാൻ വിശ്വസിക്കുന്നത്. ബാറ്റിങ്ങിൽ ഒപ്പമുള്ളയാൾക്കും ടീമിനും ഞാൻ ക്രീസിലുണ്ടെന്ന സമാധാനവും ഉറപ്പും നൽകേണ്ടതുണ്ട്-ഹർദിക് പറഞ്ഞു.

'ഈ താരങ്ങളെക്കാളെല്ലാം കൂടുതൽ മത്സരങ്ങൾ ഞാൻ കളിച്ചിട്ടുണ്ട്. സമ്മർദങ്ങൾ എങ്ങനെ സ്വീകരിക്കണമെന്നും മറികടക്കണമെന്നുമെല്ലാം ഞാൻ പഠിച്ചിട്ടുണ്ട്. എല്ലാം ശാന്തമാണെന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത എനിക്കുണ്ട്. എന്റെ സ്‌ട്രൈക്ക് റേറ്റ് താഴെപ്പോകുന്നുണ്ടാകാം.'

എപ്പോഴും പുതിയ റോളുകൾ ഏറ്റെടുക്കാനാണ് ഞാൻ നോക്കുന്നത്. ന്യൂബോൾ എറിയുന്ന റോളും ഞാൻ നോക്കുന്നുണ്ട്. മറ്റാരും അത്തരം ബുദ്ധിമുട്ടേറിയ റോളുകൾ എടുക്കേണ്ടതില്ലെന്ന ചിന്തയിലാണ്. ചേസ് ചെയ്യുന്ന മത്സരത്തിൽ അവർ സമ്മർദത്തിലാണെങ്കിൽ ഞാൻ തന്നെ മുന്നിൽനിന്നു നയിക്കണം. ന്യൂബോൾ ശേഷി മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഞാൻ-ഹർദിക് വെളിപ്പെടുത്തി.

എം.എസ് ധോണി കളിച്ചുകൊണ്ടിരുന്ന റോൾ ഏറ്റെടുക്കാൻ താൻ ഒരുക്കമാണെന്നും താരം വ്യക്തമാക്കി. അന്ന് ഗാലറിക്കു പുറത്തേക്ക് പന്ത് അടിച്ചുപറത്തിയിരുന്ന ചെറുപ്പമായിരുന്നു താൻ. ധോണി പെട്ടെന്ന് പോയതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം എനിക്കായി. എനിക്കത് വിഷയമല്ല. ടീമിന് മെച്ചമുണ്ട്. കുറച്ച് പതുക്കെ കളിച്ചാലും എനിക്ക് പ്രശ്‌നമില്ലെന്നും ഇന്ത്യയുടെ ടി20 ക്യാപ്റ്റനായ ഹർദിക് പാണ്ഡ്യ കൂട്ടിച്ചേർത്തു.

ന്യൂസിലൻഡിനെതിരായ ടി20 പരമ്പര 2-1നാണ് ഹർദികിന്റെ നേതൃത്വത്തിൽ ഇന്ത്യൻ യുവനിര സ്വന്തമാക്കിയത്. അടുത്തിടെ നടന്ന ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലും ടീമിനെ നയിച്ചത് ഹർദികായിരുന്നു. യുവതാരങ്ങളുമായി ശ്രീലങ്കയെ നേരിട്ട ടീം ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

Summary: 'I don't mind coming in and playing the MS Dhoni role. It's okay if I have to play a little slow', says Hardik Pandya

TAGS :

Next Story