Quantcast

പരിക്ക് ഗുരുതരം; ഐ.പി.എല്ലിൽ മുംബൈയെ നയിക്കാൻ ഹർദിക് ഉണ്ടായേക്കില്ല

ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കാണ് താരത്തിനു തിരിച്ചടിയായത്

MediaOne Logo

Web Desk

  • Published:

    23 Dec 2023 9:50 AM GMT

New Mumbai Indians skipper Hardik Pandya to miss out on IPL 2024 due to injury,
X

ഹര്‍ദിക് പാണ്ഡ്യ

മുംബൈ: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനു പിന്നാലെ മുംബൈ ഇന്ത്യൻസിന് തിരിച്ചടി. ഇന്ത്യൻ ഓൾറൗണ്ടർ ഹർദിക് പാണ്ഡ്യ ഐ.പി.എല്ലിന്റെ പുതിയ സീസണിൽ മുംബൈയെ നയിക്കാനുണ്ടായേക്കില്ല. ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്കാണു വില്ലനായിരിക്കുന്നതെന്നാണു പുറത്തുവരുന്ന വിവരം.

അടുത്ത മാസം നടക്കുന്ന അഫ്ഗാനിസ്താനെതിരായ ടി20 പരമ്പരയിൽ ഹർദിക് കളിക്കില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മാർച്ചിൽ ആരംഭിക്കുന്ന ഐ.പി.എല്ലും താരത്തിനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്.

ലോകകപ്പിൽ പൂനെയിൽ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് ഹർദികിനു പരിക്കേറ്റത്. ഇതിനുശേഷം ടീമിനൊപ്പമുണ്ടായിരുന്നെങ്കിലും ബാക്കിയുള്ള മത്സരങ്ങളിലൊന്നും കളത്തിലിറങ്ങിയിട്ടില്ല. പകരക്കാരനായി മുഹമ്മദ് ഷമിയായിരുന്നു ടീമിൽ ഇടംകണ്ടെത്തിയത്. ഷമിയുടെ മിന്നും പ്രകടനത്തിലൂടെ ഇത് ടീമിന് അനുഗ്രഹമാകുകയും ചെയ്തു.

ഇതിനുശേഷം നടന്ന ആസ്‌ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും എതിരായ ടി20 പരമ്പരകളെല്ലാം ഹർദികിനു നഷ്ടമായിരുന്നു. ഇന്ത്യയിൽ നടന്ന ഓസീസിനെതിരായ പരമ്പരയിൽ ഹർദികിന്റെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിച്ചത്. പരമ്പര 4-1ന് ടീം ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയാകുകയും ചെയ്തു.

ഇതിനിടെയാണ് മുംബൈ വൻ തുക നൽകി ഗുജറാത്ത് ടൈറ്റൻസിൽനിന്ന് ഹർദികിനെ ടീമിലെത്തിക്കുന്നത്. പിന്നാലെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് രോഹിത് ശർമയ്ക്കു പകരം പുതിയ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. 2015ൽ മുംബൈയിലെത്തി താരമായി മാറിയ ഹർദിക് 2015, 2017, 2019, 2020 സീസണിലെല്ലാം ടീമിന്റെ കിരീടനേട്ടത്തിന്റെ ഭാഗമായി. 2022ൽ നടന്ന മെഗാ ലേലത്തിനു മുന്നോടിയായാണ് പുതിയ ടീമായ ഗുജറാത്ത് ടൈറ്റൻസ് ഹർദികിനെ സ്വന്തമാക്കുന്നത്. ആ സീസണിൽ താരം ഗുജറാത്തിനെ കിരീടത്തിലേക്കു നയിക്കുകയും ചെയ്തു. തൊട്ടടുത്ത സീസണിലും ടീമിനെ ഫൈനലിലേക്കു നയിച്ചു.

Summary: New Mumbai Indians skipper Hardik Pandya to miss out on IPL 2024 due to injury: Reports

TAGS :

Next Story