Quantcast

സെഞ്ചൂറിയൻ കോട്ടയും തകർത്തു; ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം

സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമായി ഇന്ത്യ

MediaOne Logo

Web Desk

  • Updated:

    2021-12-30 12:34:15.0

Published:

30 Dec 2021 11:38 AM GMT

സെഞ്ചൂറിയൻ കോട്ടയും തകർത്തു; ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം
X

ഗാബയ്ക്ക് പിറകെ ദക്ഷിണാഫ്രിക്കയുടെ സെഞ്ചൂറിയൻ കോട്ടയും പൊളിച്ച് വിരാട് കോഹ്ലിയും സംഘവും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 113 റൺസിന്റെ കൂറ്റൻ ജയം. ഇതോടെ ചരിത്രമുറങ്ങുന്ന സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ടെസ്റ്റ് ജയിക്കുന്ന ആദ്യ ഏഷ്യൻ ടീമുമായി ഇന്ത്യ.

ഇന്ത്യ ഉയർത്തിയ 305 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കൻ സംഘം അഞ്ചാംദിനം ലഞ്ച് കഴിഞ്ഞയുടൻ തന്നെ ഇന്ത്യൻ പേസ് നിരയുടെ ആക്രമണത്തിനുമുന്നിൽ കീഴടങ്ങി. അർധസെഞ്ച്വറിയുമായി നായകൻ ഡീൻ എൽഗാറിന്റെ(77) പോരാട്ടത്തിനും അധികം ആയുസുണ്ടായിരുന്നില്ല. ആദ്യ ഇന്നിങ്‌സിൽ അഞ്ചു വിക്കറ്റ് കൊയ്ത മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ചേർന്ന് ദക്ഷിണാഫ്രിക്കയുടെ പ്രതിരോധക്കോട്ട തകർക്കുകയായിരുന്നു. ഷമിയും ബുംറയും മൂന്നു വിക്കറ്റ് നേടിയപ്പോൾ സിറാജിനും രവിചന്ദ്രൻ അശ്വിനും രണ്ടുവിക്കറ്റ് വീതം ലഭിച്ചു.

ആദ്യ ഇന്നിങ്‌സിൽ 327 റൺസെടുത്ത ഇന്ത്യ രണ്ടാം ഇന്നിങ്‌സിൽ 174 റൺസിന് പുറത്തായിരുന്നു. തുടർന്ന് ഇന്ത്യ ഉയർത്തിയ സാമാന്യം വലിയ ടോട്ടൽ പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നാലാം ദിവസം മൂന്ന് മുൻനിര ബാറ്റർമാരെയും നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ഒരു വാലറ്റക്കാരനെയും നഷ്ടപ്പെട്ടു. നാല് വിക്കറ്റ് നഷ്ടത്തിൽ 94 റൺസുമായാണ് അഞ്ചാംദിനം ദക്ഷിണാഫ്രിക്ക ബാറ്റിങ് പുനരാരംഭിച്ചത്. തെംബ ബാവുമയുമായി ചേർന്ന് നായകൻ എൽഗാർ ഉറച്ചപ്രതിരോധമാണ് ആദ്യ സെഷനിൽ നടത്തിയത്. എന്നാൽ, എൽഗാർ 77ൽ നിൽക്കെ താരത്തെ വിക്കറ്റിനുമുന്നിൽ കുരുക്കി ബുംറ ഇന്ത്യയ്ക്ക് ബ്രേക്ത്രൂ നൽകി.

തുടർന്നെത്തിയ വിക്കറ്റ് കീപ്പർ ക്വിന്റൻ ഡികോക്ക് ഇന്ത്യൻ ബൗളിങ്ങിനെതിരെ പ്രത്യാക്രമണമൂഡിലായിരുന്നു. എന്നാൽ, സിറാജിന്റെ മനോഹരമായ പന്ത് ഡികോക്കിന്റെ കുറ്റി പിഴുതു. പിന്നീട് ദക്ഷിണാഫ്രിക്കൻ വാലറ്റത്തിന്റെ ഘോഷയാത്രയായിരുന്നു. വിയാൻ മുൾഡർ, മാർകോ ജാൻസെൻ, കഗിസോ റബാഡ, ലുംഗി എൻഗിഡി എന്നിവരെല്ലാം കാര്യമായൊന്നും ചെയ്യാനില്ലാത്ത കൂടാരംപൂകി. ബാവുമ 35 റൺസുമായി പുറത്താകാതെ നിന്നു.

ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറി നേടിയ കെഎൽ രാഹുലാണ് കളിയിലെ താരം. ഇന്ത്യയ്ക്ക് വേണ്ടി ഷമി രണ്ട് ഇന്നിങ്‌സിലുമായി എട്ട് വിക്കറ്റും ബുംറ അഞ്ച് വിക്കറ്റും നേടി. സിറാജിന് മൂന്നും ഷർദുൽ താക്കൂറിനും അശ്വിനും രണ്ടുവിക്കറ്റ് വീതവും ലഭിച്ചു.

TAGS :

Next Story