Quantcast

'ഹോട്ടൽമുറിയില്‍ അതിക്രമിച്ചു കയറി വിഡിയോ പകര്‍ത്തി'; പരാതി നൽകാൻ ആവശ്യപ്പെട്ട് ടീം ഇന്ത്യ, വേണ്ടെന്ന് കോഹ്ലി

ഇന്ത്യൻ താരങ്ങൾ തങ്ങിയ ക്രൗൺ പെർത്തിലെ കോഹ്ലിയുടെ മുറിയിലാണ് ഹോട്ടൽ ജീവനക്കാരൻ അതിക്രമിച്ചു കയറി ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിലിട്ടത്

MediaOne Logo

Web Desk

  • Published:

    1 Nov 2022 7:17 AM GMT

ഹോട്ടൽമുറിയില്‍ അതിക്രമിച്ചു കയറി വിഡിയോ പകര്‍ത്തി; പരാതി നൽകാൻ ആവശ്യപ്പെട്ട് ടീം ഇന്ത്യ, വേണ്ടെന്ന് കോഹ്ലി
X

പെർത്ത്: ഹോട്ടൽ ജീവനക്കാരൻ മുറിയിൽ അതിക്രമിച്ചു കടന്ന് വിഡിയോ പകർത്തിയ സംഭവത്തിൽ വിവാദങ്ങൾ അവസാനിപ്പിച്ച് ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്ലി. ടീം മാനേജ്‌മെന്റ് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടും കോഹ്ലി വേണ്ടെന്ന് മറുപടി നൽകുകയായിരുന്നു. സംഭവത്തിൽ ഹോട്ടൽ അധികൃതർ നേരത്തെ പരസ്യമായി ക്ഷമാപണം നടത്തുകയും ജീവനക്കാരനെ പുറത്താക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനുശേഷം ഇന്ത്യൻ താരങ്ങൾ തങ്ങിയ ക്രൗൺ പെർത്തിലായിരുന്നു സംഭവം. കോഹ്ലിയുടെ മുറിയിൽ അനുവാദമില്ലാതെ കടന്നുകയറിയ ഹോട്ടലിലെ ജീവനക്കാരൻ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. 'കിങ് കോഹ്ലിയുടെ ഹോട്ടൽ മുറി' എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. സംഭവത്തിൽ സോഷ്യൽ മീഡിയയിലൂടെ തന്നെ കോഹ്ലി അമർഷം രേഖപ്പെടുത്തി. ഇതോടെയാണ് സംഭവം ഏറെ വിവാദമായത്.

ഇതിനുശേഷം ടീം മാനേജ്‌മെന്റ് ഹോട്ടലിനെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് ഒരു ബി.സി.സി.ഐ വക്താവ് 'ഇന്ത്യൻ എക്‌സ്പ്രസിനോ'ട് വെളിപ്പെടുത്തി. എന്നാൽ, കോഹ്ലി വേണ്ടെന്നു പറയുകയായിരുന്നു. വിഷയം ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ താൽപര്യമില്ലെന്നും താരം അറിയിച്ചതായി ബി.സി.സി.ഐ വൃത്തം പറഞ്ഞു.

ഹോട്ടൽമുറിയിൽ കടന്നുകൂടിയ ജീവനക്കാരൻ കോഹ്ലിയുടെ ബാഗുകളും ചെരുപ്പുകളും വസ്ത്രങ്ങളുമെല്ലാം വിഡിയോയിൽ പകർത്തിയിട്ടുണ്ട്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് കോഹ്ലി വിമർശിച്ചു. ഇത് ആരാധനയല്ലെന്നും ഭ്രാന്താണെന്നും ഹോട്ടൽ മുറിയിൽപ്പോലും സ്വകാര്യത ലഭിക്കുന്നില്ലെങ്കിൽ പിന്നെ എവിടെയാണ് ഓരോരുത്തർക്കും വ്യക്തിപരമായ ഇടം ലഭിക്കുകയെന്നും കോഹ്ലി ചോദിച്ചു. എല്ലാവരുടെയും സ്വകാര്യതയെ മാനിക്കണമെന്നും അവരെ വിനോദത്തിനുള്ള ഉൽപന്നമായി കണക്കാക്കരുതെന്നും അദ്ദേഹം ആരാധകരോട് അഭ്യർത്ഥിച്ചു.

'ആരാധകർക്ക് അവരുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ഏറെ സന്തോഷവും ആവേശവുമുണ്ടാകും. അവരെ കാണുമ്പോൾ ആവേശം കാണിക്കുകയും ചെയ്യും. അതെനിക്കു മനസിലാകും. എന്നാൽ, ഈ വിഡിയോ ഭയപ്പെടുത്തുന്നതാണ്. എന്റെ സ്വകാര്യതയെക്കുറിച്ച് ഏറെ ഭീതി തോന്നുന്നു. സ്വന്തം ഹോട്ടൽമുറിയിൽ സ്വകാര്യത സാധ്യമല്ലെങ്കിൽ, സ്വന്തമായൊരു ഇടം എനിക്ക് എവിടെനിന്ന് പ്രതീക്ഷിക്കാനാകും? ഇത്തരത്തിലുള്ള താരാരാധനയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും ശരിയല്ല. ദയവായി ആളുകളുടെ സ്വകാര്യതയെ മാനിക്കുക. വിനോദത്തിനുള്ള ഉൽപന്നമായി അവരെ കാണരുത്.''-ഇൻസ്റ്റഗ്രാം പോസ്റ്റിൽ കോഹ്ലി ആവശ്യപ്പെട്ടു.

സംഭവം വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഹോട്ടൽ ജീവനക്കാരന്റെ നടപടിയിൽ കോഹ്ലിയുടെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ ആശങ്ക രേഖപ്പെടുത്തി. പിന്നാലെ ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷൻ, അഭിഷേക് ബച്ചൻ, വരുൺ ധവാൻ തുടങ്ങിയവരും ഡേവിഡ് വാർണർ ഉൾപ്പെടെയുള്ള കായികതാരങ്ങളും പ്രതിഷേധിച്ചു.

Summary: Team India management asks Virat Kohli to lodge official complaint for hotel room video leak, but he backed out-Report

TAGS :

Next Story