Quantcast

''സ്വന്തം അനുഭവം ഗാംഗുലി ഓർക്കണമായിരുന്നു; കോഹ്ലിയോട് പെരുമാറേണ്ടത് ഇങ്ങനെയായിരുന്നില്ല''- വിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ

കോഹ്ലിയോട് ടി20 നായകസ്ഥാനത്തുനിന്ന് മാറരുതെന്ന് പറഞ്ഞിരുന്നുവെന്നാണ് ഗാംഗുലി പുതിയ വിവാദങ്ങളോട് പ്രതികരിക്കവെ നേരത്തെ വെളിപ്പെടുത്തിയത്. എന്നാൽ, ടി20 സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇതിനോട് കോഹ്ലി പ്രതികരിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    22 Dec 2021 10:41 AM GMT

സ്വന്തം അനുഭവം ഗാംഗുലി ഓർക്കണമായിരുന്നു; കോഹ്ലിയോട് പെരുമാറേണ്ടത് ഇങ്ങനെയായിരുന്നില്ല- വിമർശനവുമായി മുൻ ഇന്ത്യൻ സെലക്ടർ
X

വിരാട് കോഹ്ലിയെ ടി20, ഏകദിന നായകസ്ഥാനത്തുനിന്നു നീക്കിയതിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം കീർത്തി ആസാദ്. പുതിയ വിവാദങ്ങൾ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മുൻ പരിശീലകൻ ഗ്രേഗ് ചാപ്പലുമായുണ്ടായ പ്രശ്‌നങ്ങളെത്തുടർന്ന് ഗാംഗുലിക്ക് ടീമിന്റെ നായകസ്ഥാനം ഒഴിയേണ്ടിവന്ന സമയത്ത് ദേശീയ സെലക്ടർ കൂടിയായിരുന്നു കീർത്തി ആസാദ്.

ബിഷൻ ബേദിക്കും സുനിൽ ഗവാസ്‌ക്കറിനുമെല്ലാം നായകസ്ഥാനം നഷ്ടപ്പെട്ടത് ഞാന്‍ ഓർക്കുന്നുണ്ട്. വെങ്കട്ടരാഘവനെ ക്യാപ്റ്റൻസിയിൽനിന്ന് മാറ്റിനിർത്തുമ്പോൾ അദ്ദേഹം ഒരു വിമാനയാത്രയിലായിരുന്നു. ചുരുങ്ങിയത് സ്വന്തം അനുഭവങ്ങളിൽനിന്നെങ്കിലും ഗാംഗുലിക്ക് തിരിച്ചറിവുണ്ടാകേണ്ടിയിരുന്നു-ദേശീയ മാധ്യമമായ 'ന്യൂസ്18'ന് നൽകിയ അഭിമുഖത്തിൽ ആസാദ് പറഞ്ഞു.

ഗ്രേഗ് ചാപ്പൽ പരിശീലകനായിരിക്കെ ഗാംഗുലിയെ നായകസ്ഥാനത്തുനിന്നു മാറ്റുമ്പോൾ അദ്ദേഹത്തിനു പ്രതിരോധവുമായി താൻ രംഗത്തെത്തിയത് ഓർക്കുന്നുവെന്നും കീർത്തി ആസാദ് കൂട്ടിച്ചേർത്തു. ''സ്വന്തം അനുഭവത്തിൽനിന്ന് പാഠമുൾക്കൊണ്ട് അദ്ദേഹം കോഹ്ലിയുമായി നേരത്തെതന്നെ വിഷയത്തെക്കുറിച്ച് സംസാരിക്കേണ്ടിയിരുന്നു. കോഹ്ലിയുടെ കാര്യം പ്രത്യേക വിഷയമാണെന്നല്ല പറയുന്നത്. വേറിട്ട ബാറ്ററും ക്രിക്കറ്റ് താരവുമാണ് കോഹ്ലിയെന്നത് ശരി തന്നെ. എന്നാൽ, ഈ വിഷയം ശരിയായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതായിരുന്നു. ടീമിനു വേണ്ടി വലിയ സംഭാവനകൾ നൽകിയ നായകനെന്ന നിലയ്ക്ക് കോഹ്ലിയോട് കാര്യങ്ങൾ നേരത്തെ തന്നെ ഉണർത്തേണ്ടതായിരുന്നു''- അദ്ദേഹം കൂട്ടിച്ചേർത്തു.

കോഹ്ലിയോട് ടി20 നായകസ്ഥാനത്തുനിന്ന് മാറരുതെന്ന് പറഞ്ഞിരുന്നുവെന്നാണ് ഗാംഗുലി പുതിയ വിവാദങ്ങളോട് പ്രതികരിക്കവെ നേരത്തെ വെളിപ്പെടുത്തിയത്. എന്നാൽ, കോഹ്ലി സ്ഥാനമൊഴിയുകയായിരുന്നുവെന്നും ഇതിനാൽ പരിമിത ഓവർ ക്രിക്കറ്റിൽ രണ്ട് നായകന്മാർ വേണ്ടെന്ന് തീരുമാനിച്ചാണ് ഏകദിന ക്യാപ്റ്റൻസിയിൽനിന്നും താരത്തെ മാറ്റിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ടി20 സ്ഥാനം ഒഴിയരുതെന്ന് തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഇതിനോട് കോഹ്ലി പ്രതികരിച്ചത്.

Summary: "I remember I had defended him(Sourav Ganguly) when Greg Chappell was coach and he was dropped as captain. He should have learnt from his own example and spoken to Virat Kohli much earlier. I feel that it should have been done in a more proper manner", says former India all-rounder and BCCI selector Kirti Azad.

TAGS :

Next Story