'സച്ചിന് എല്ലാം അറിയാം, ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല'; ബിസിസിഐ പെൻഷൻ മാത്രമാണ് വരുമാനമെന്ന് വിനോദ് കാംബ്ലി
"മുംബൈ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാൻ സന്നദ്ധനാണ്"
മുംബൈ: ബിസിസിഐയിൽനിന്നു ലഭിക്കുന്ന പ്രതിമാസ പെൻഷൻ മാത്രമാണ് വരുമാനമാർഗമെന്നും ക്രിക്കറ്റുമായി ബന്ധപ്പെട്ട അസൈന്‍മെന്‍റുകള്‍ക്കായി കാത്തിരിക്കുകയാണ് എന്നും മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലി. സഹായത്തിനായി മുംബൈ ക്രിക്കറ്റ് അസോസിയേഷനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കാംബ്ലി.
കോവിഡിന് മുമ്പ് ടി20 മുംബൈ ലീഗിൽ ഒരു ടീമിന്റെ കോച്ചായിരുന്നു കാംബ്ലി. നെരൂളിലെ ടെണ്ടുൽക്കർ മിഡിൽ സെക്‌സ് ഗ്ലോബൽ അക്കാഡമിയിൽ യുവതാരങ്ങളുടെ മെന്ററുമാണ്. താമസിക്കുന്ന സ്ഥലം നെരൂളിൽ നിന്ന് ഏറെ അകലെയാണ് എന്നാണ് മുൻ താരം പറയുന്നത്
'എല്ലാ ദിവസവും പുലർച്ചെ അഞ്ചിന് എഴുന്നേൽക്കും. ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലേക്ക് കാർ വിളിക്കും. തിരക്കു പിടിച്ചതാണത്. വൈകിട്ട് ബി.കെ.സി ഗ്രൗണ്ടിലും കോച്ചിങ്ങുണ്ട്. ഞാനൊരു വിരമിച്ച ക്രിക്കറ്ററാണ്. ബിസിസിഐയുടെ പെൻഷൻ മാത്രമാണ് ആശ്രയം. അതിന് ബോർഡിനോട് കടപ്പെട്ടിരിക്കുന്നു. അതു കൊണ്ടാണ് ഞാൻ കുടുംബം നോക്കുന്നത്' - കാംബ്ലി പറഞ്ഞു.
സാമ്പത്തിക സ്ഥിതിയെ കുറിച്ച് ബാല്യകാല സുഹൃത്തു കൂടിയായ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർക്ക് അറിയാമോ എന്ന ചോദ്യത്തിന് 'അദ്ദേഹത്തിന് എല്ലാം അറിയാം. എന്നാൽ ആരിൽനിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹമാണ് ടെണ്ടുൽക്കർ മിഡിൽസെക്‌സ് ഗ്ലോബൽ അക്കാഡമിയിൽ ജോലി തന്നത്. ഞാൻ സന്തോഷവനായിരുന്നു. അദ്ദേഹം നല്ല സുഹൃത്താണ്. എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നു' എന്നായിരുന്നു കാംബ്ലിയുടെ മറുപടി.
മുംബൈ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമാൻ സന്നദ്ധനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കൊപ്പം ജോലി ചെയ്യണം. ഹെഡ് കോച്ചായി അമോൾ മസുംദാറിനെ മുംബൈ നിലനിർത്തി എന്നറിയാം. തന്നെ ആവശ്യമുണ്ട് എന്നു തോന്നുമ്പോൾ വിളിക്കാം.- താരം വ്യക്തമാക്കി.
ഇന്ത്യയ്ക്കായി 104 ഏകദിനങ്ങളും 17 ടെസ്റ്റ് മാച്ചുകളും കളിച്ച താരമാണ് കാംബ്ലി. നാലു ടെസ്റ്റ് സെഞ്ച്വറികളും രണ്ട് ഏകദിന സെഞ്ച്വറികളും ഉൾപ്പെടെ എല്ലാ ഫോർമാറ്റുകളിലുമായി 3561 റൺസ് നേടിയിട്ടുണ്ട്.
Adjust Story Font
16