Quantcast

'ശരാശരി!' മോദി സ്റ്റേഡിയത്തിലെ പിച്ചിന്റെ നിലവാരം പുറത്തുവിട്ട് ഐ.സി.സി

ഇന്ത്യ-ആസ്‌ട്രേലിയ ഫൈനൽ വേദിയെച്ചൊല്ലി വിമർശനങ്ങൾ തുടരുന്നതിനിടെയാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ റിപ്പോർട്ട് പുറത്തുവരുന്നത്

MediaOne Logo

Web Desk

  • Published:

    8 Dec 2023 12:04 PM GMT

ശരാശരി! മോദി സ്റ്റേഡിയത്തിലെ പിച്ചിന്റെ നിലവാരം പുറത്തുവിട്ട് ഐ.സി.സി
X

അഹ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിനു വേദിയായ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പിച്ചിന്റെ നിലവാരം പുറത്തുവിട്ട് ഐ.സി.സി. ശരാശരി നിലവാരത്തിലുള്ളതാണ് ഫൈനൽ നടന്ന പിച്ചെന്നാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സംഘം വിലയിരുത്തിയത്. നവംബർ 19ന് നടന്ന കലാശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിനാണ് ആസ്‌ട്രേലിയ ഇന്ത്യയെ തകർത്തത്.

ഉപയോഗിച്ചു പഴകിയ പിച്ചിലാണ് ഫൈനൽ നടന്നത്. ഐ.സി.സി മാച്ച് റഫറിയും മുൻ സിംബാബ്‌വേ താരവുമായ ആൻഡി പൈക്രോഫ്റ്റ് ആണ് പച്ചിന്റെ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകിയത്. ഇതോടൊപ്പം ആസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന രണ്ടാം സെമി ഫൈനലിനു വേദിയായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലെ പിച്ചും പരിശോധിച്ചിട്ടുണ്ട്. മുൻ ഇന്ത്യൻ പേസർ ജവഗൽ ശ്രീനാഥ് ആയിരുന്നു പരിശോധന നടത്തിയത്.

ഫൈനലിനുമുൻപ് മോദി സ്റ്റേഡിയത്തിലെ പിച്ചിനെക്കുറിച്ച് ആസ്‌ട്രേലിയ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരം നടന്ന പിച്ചാണ് ഇതെന്ന് ആക്ഷേപമുണ്ടായെങ്കിലും ഫൈനലിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. ഇന്ത്യ ഒരുക്കിയ പിച്ച് അവർക്കു തന്നെ തിരിച്ചടിയായെന്ന് ഫൈനലിനുശേഷം മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്ങും അഭിപ്രായപ്പെട്ടിരുന്നു.

ഇന്ത്യയുടെ പ്രതീക്ഷകൾ തെറ്റിക്കുന്ന തരത്തിലായിരുന്നു ഫൈനലിൽ മോദി സ്‌റ്റേഡിയത്തിലെ പിച്ചിന്റെ സ്വഭാവം മാറിമറിഞ്ഞത്. ടോസ് നേടിയിപ്പും ബൗളിങ് തിരഞ്ഞെടുത്ത ഓസീസ് ക്യാപ്റ്റന്റെ തീരുമാനം എല്ലാവരെയും ഞെട്ടിച്ചിരുന്നു. എന്നാൽ, പവർപ്ലേയിലെ മികച്ച തുടക്കത്തിനുശേഷം ഇന്ത്യൻ ബാറ്റർമാർ പതറുന്നതാണു പിന്നീട് കണ്ടത്. ഇന്ത്യയെ 240 എന്ന സ്‌കോറിൽ ചുരുട്ടിക്കെട്ടി ഓസീസ് ബൗളർമാർ. മറുപടി ബാറ്റിങ്ങിൽ ട്രാവിസ് ഹെഡിന്റെ അസാമാന്യ സെഞ്ച്വറിയിലൂടെ ആസ്‌ട്രേലിയ അനായാസം ലക്ഷ്യം മറികടക്കുകയും കിരീടത്തിൽ മുത്തമിടുകയും ചെയ്തു.

അതിനിടെ, ഫൈനലിലെ തോൽവിയുടെ കാരണങ്ങൾ ചോദിച്ചറിയാനായി കഴിഞ്ഞ ദിവസം ബി.സി.സി.ഐ വൃത്തങ്ങൾ ക്യാപ്റ്റൻ രോഹിത് ശർമയെയും കോച്ച് രാഹുൽ ദ്രാവിഡിനെയും വിളിച്ചുവരുത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ടീം തോൽവിയിൽ പിച്ചും ഒരു ഘടകമായെന്ന് ദ്രാവിഡ് വിശദീകരിച്ചതായാണു വിവരങ്ങൾ.

Summary: ICC announces rating for India vs Australia World Cup final pitch at Narendra Modi stadium

TAGS :

Next Story