വീറോടെ താക്കൂറും പന്തും; ഓവലിൽ ഇന്ത്യന്‍ സര്‍വാധിപത്യം
തുടര്‍ച്ചയായി രണ്ടാം ഇന്നിങ്സിലും അര്‍ധ ശതകവുമായി ഷർദുൽ താക്കൂറും(60) മികച്ച പ്രതിരോധവുമായി ഋഷഭ് പന്തു(50)മാണ് ഇന്ത്യന്‍ ലീഡ്നില 300 കടത്തിയത്
ഓവൽ ടെസ്റ്റിന്റെ നാലാംദിനം മേധാവിത്വമുറപ്പിച്ച് ഇന്ത്യ. രണ്ടാം സെഷനിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 414 എന്ന ശക്തമായ നിലയിലാണ് ഇന്ത്യ. ടീം ലീഡ് 315 റൺസ് ആയിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം ഇന്നിങ്സിലും അര്‍ധ ശതകവുമായി ഷർദുൽ താക്കൂറും(60) മികച്ച പ്രതിരോധവുമായി ഋഷഭ് പന്തു(50)മാണ് ഇന്ത്യന്‍ ലീഡ്നില 300 കടത്തിയത്.
കഴിഞ്ഞ ദിവസം രോഹിത് ശർമയും ചേതേശ്വർ പുജാരയും ചേർന്ന് ഉയർത്തിയ മികച്ച ടോട്ടലിൽനിന്ന് കളി തുടർന്ന വിരാട് കോഹ്ലിയും രവീന്ദ്ര ജഡേജയും ഇന്ന് കളിയുടെ തുടക്കത്തിലൊന്നും ഇംഗ്ലീഷ് ബൗളർമാർക്ക് പിടിനൽകിയില്ല. റണ്ണൊഴുക്കു കൂട്ടാൻ ശ്രമിക്കാതെ നായകനുമൊത്ത് കരുതലോടെയാണ് ജഡേജയും കളിച്ചത്. എന്നാൽ, ഇന്ത്യൻ സ്‌കോർ 300 കടക്കുംമുൻപ് ജഡേജ(17)യെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നിൽ കുരുക്കി. ആറാമനായി വന്ന അജിങ്ക്യ രഹാനെ ഒരിക്കൽകൂടി നിരാശപ്പെടുത്തി. വെറും എട്ടു പന്ത് നേരിട്ട് സംപൂജ്യനായായിരുന്നു ഇത്തവണ രഹാനെയുടെ മടക്കം.
ഇതിനിടെ രണ്ടാം ഇന്നിങ്‌സിലും അർധസെഞ്ച്വറിയിലേക്കു കുതിക്കുന്നതിനിടെ നായകനും വീണു. പുതിയ സ്‌പെൽ എറിയാനെത്തിയ മോയിൻ അലി ആദ്യ ഓവറിൽ തന്നെ കോഹ്ലിയെ ഒവേർട്ടന്റെ കൈയിലെത്തിച്ചു. പുറത്താകുമ്പോൾ 96 പന്തിൽ ഏഴ് ബൗണ്ടറി സഹിതം 44 റൺസായിരുന്നു കോഹ്ലിയുടെ സമ്പാദ്യം. ഇതിനു പിന്നാലെ ഇന്ത്യന്‍ വാലറ്റത്തെയും ചുരുട്ടിക്കെട്ടാമെന്ന ഇംഗ്ലീഷ് നായകന് ജോ റൂട്ടിന്റെ കണക്കുകൂട്ടല്‍ ഒരിക്കല്‍കൂടി തെറ്റിക്കുകയാണ് ഷര്‍ദുല്‍ താക്കൂര്‍. പന്ത്-താക്കൂര്‍ കൂട്ടുകെട്ട് ഇതിനകം തന്നെ 60 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. റോബിന്‍സന്റെ ഒരു ഓവറില്‍ സിക്‌സും ഫോറും പറത്തിയാണ് താക്കൂര്‍ രണ്ടാം ഇന്നിങ്‌സിലും അര്‍ധശതകം പിന്നിട്ടത്. ബൌളിങ് മാറ്റം പരീക്ഷിക്കാനെത്തിയ ഇംഗ്ലീഷ് നായകന് ജോ റൂട്ട് ആണ് ഒടുവില്‍ താക്കൂരിന്റെ പോരാട്ടം അവസാനിപ്പിച്ചത്. പുറത്താകുമ്പോള് 72 പന്തില്‍ ഏഴ് ബൌണ്ടറിയും ഒരു സിക്സും സഹിതം 60 റണ്‍സാണ് താരം നേടിയത്.
താക്കൂര്‍ പോയതിനു പിറകെ പന്തും അര്‍ധസെഞ്ച്വറി കടന്നു. എന്നാല്‍, പന്തിന്‍റെ ഇന്നിങ്സിനും അധികം ആയുസുണ്ടായില്ല. 106 പന്തില്‍ നാല് ബൌണ്ടറികളോടെ 50 കടന്ന പന്തിനെ മോയിന്‍ അലി സ്വന്തം പന്തില്‍ പിടികൂടി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ ഉമേഷ് യാദവും ജസ്പ്രീത് ബുംറയുമാണ് ക്രീസിലുള്ളത്.
Adjust Story Font
16