വന്നപാടേ കോഹ്ലി പുറത്ത്, 'സംപൂജ്യനാ'യി വീണ്ടും പുജാര; ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച
ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 111 എന്ന നിലയിലാണ് ഇന്ത്യ. അർധസെഞ്ച്വറി നേടിയ മായങ്ക് അഗർവാളിനൊപ്പം ശ്രേയസ് അയ്യറാണ് ക്രീസിലുള്ളത്
മുംബൈ വാങ്കഡെ രാജ്യാന്തര സ്റ്റേഡിയത്തൽ ന്യൂസിലൻഡുമായുള്ള രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. വിശ്രമത്തിനുശേഷം തിരിച്ചെത്തിയ നായകൻ വിരാട് കോഹ്ലിയും മോശം ഫോമിൽ തുടരുന്ന ചേതേശ്വർ പുജാരയും പൂജ്യത്തിന് പുറത്തായി. മികച്ച നിലയിൽ മുന്നേറിയ ഓപണർ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റടക്കം ചായയ്ക്ക് പിരിയുമ്പോള്‍ മൂന്നിന് 111 എന്ന നിലയിലാണ് ഇന്ത്യ. അർധസെഞ്ച്വറിയുമായി മായങ്ക് അഗർവാളും ശ്രേയസ് അയ്യറുമാണ് ക്രീസിലുള്ളത്.
പിച്ചിലെ ഈർപ്പത്തെ തുടർന്ന് ആദ്യ സെഷൻ പൂർണമായി നഷ്ടമായിരുന്നു. 11.45നാണ് ടോസ് ഇടുന്നതുതന്നെ. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്ക് കാരണം അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, ഇഷാന്ത് ശർമ എന്നിവരില്ലാതെയാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. നായകൻ വിരാട് കോഹ്ലിക്കൊപ്പം മുഹമ്മദ് സിറാജും ജയന്ത് യാദവും പകരമെത്തി.
ബാറ്റിങ് തിരഞ്ഞെടുത്ത നായകന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ഓപണർമാരുടെ തുടക്കം. ഉറച്ച കൂട്ടുകെട്ടിലൂടെ ശുഭ്മൻ ഗില്ലും മായങ്ക് അഗർവാളും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ, ടീം സ്‌കോർ 80ൽ നിൽക്കെ അർധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗില്ലിനെ റോസ് ടെയ്‌ലറുടെ കൈയിലെത്തിച്ച് അജാസ് പട്ടേൽ ന്യൂസിലൻഡിന് ആദ്യ ബ്രേക്ത്രൂ നൽകി. പുറത്താകുമ്പോൾ ഏഴ് ബൗണ്ടറിയും ഒരു സിക്‌സും സഹിതം 44 റൺസെടുത്തിരുന്നു ഗിൽ.
തൊട്ടടുത്ത ഓവറിൽ വിലപ്പെട്ട രണ്ടു വിക്കറ്റുകൾ കൂടി പിഴുതെടുത്ത് അജാസ് വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. കഴിഞ്ഞ കുറേ മത്സരങ്ങളായി മോശം ഫോമിൽ തുടരുന്ന പുജാരയെയാണ് അജാസ് ആദ്യം പിടികൂടിയത്. കറങ്ങിത്തിരിഞ്ഞ പന്ത് പുജാരയെ കബളിപ്പിച്ച് കുറ്റി പിഴുതാണ് കടന്നുപോയത്. അഞ്ച് പന്ത് നേരിട്ട പുജാര സംപൂജ്യനായാണ് മടങ്ങിയത്. അവസാന പന്തിൽ കോഹ്ലിയെ വിക്കറ്റിനു മുന്നിൽ കുരുക്കി ഇന്ത്യയ്ക്ക് വീണ്ടും അജാസിന്റെ പ്രഹരം. നാല് പന്തു നേരിട്ട് ഡക്കായായിരുന്നു നായകന്റെ മടക്കം.
അപ്രതീക്ഷിതമായ മൂന്നുവിക്കറ്റുകൾക്കു പിറകെ ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ ശ്രേയസ് അയ്യറുമായി ചേർന്ന് മായങ്ക് അഗർവാൾ രക്ഷാപ്രവർത്തനം തുടരുകയാണ്. കരുതലോടെ കളിച്ച അഗർവാൾ അർധസെഞ്ച്വറി കടന്നിട്ടുണ്ട്. 121 പന്തിൽ ആറ് ബൗണ്ടറിയുടെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 52 റൺസെടുത്ത് ക്രീസിലുണ്ട് താരം. 21 പന്ത് നേരിട്ട അയ്യർ ഏഴ് റൺസുമായും ഒരറ്റത്തുണ്ട്.
Adjust Story Font
16