അയ്യര്‍ ദ ഗ്രേറ്റ്! ലങ്കയെ ആറ് വിക്കറ്റിന് തകര്‍ത്തു; പരമ്പര തൂത്തുവാരി ഇന്ത്യ
തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്‍റി 20 യിലും ഇന്ത്യന്‍ വിജയഗാഥ. ജയത്തോടെ പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീം തൂത്തുവാരി. തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യറുടെ പ്രകടനമാണ് ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്.
ആറുവിക്കറ്റിനായിരുന്നു അവസാന ടി20 യില്‍ ഇന്ത്യയുടെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 16.5 ഓവറില്‍ വെറും നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയത്തിലെത്തി.
മിന്നും ഫോമിലുള്ള ശ്രേയസ് അയ്യര്‍ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധസെഞ്ചുറി കണ്ടെത്തിയതോടെ ഇന്ത്യ ടോപ് ഗിയറില്‍ കുതിക്കുകയായിരുന്നു. 45 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറുകളുടേയും ഒരു സിക്‌സറിന്‍റെയും അകമ്പടിയോടെ ശ്രേയസ് അയ്യര്‍ 73 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അയ്യറിന് പുറമേ 16 ബോളില്‍ 21 റണ്‍സോടെ ദീപക് ഹൂഡയും 15 പന്തില്‍ പുറത്താകാതെ 22 റണ്‍സുമായി ജഡേജയും മികച്ചുനിന്നു. ഓപ്പണറായി ഇറങ്ങിയ സഞ്ജുവിന് പക്ഷേ കഴിഞ്ഞ മത്സരത്തിലെ ഫോം ആവര്‍ത്തിക്കാനായില്ല. 18 റണ്‍സ് നേടിയ സഞ്ജു കരുണരത്നയുടെ പന്തില്‍ പുറത്താകുകയായിരുന്നു
രോഹിതിനുകീഴില്‍ ഇന്ത്യ തുടര്‍ച്ചയായ 12-ാം ട്വന്റി 20 മത്സരത്തിലാണ് ജയിക്കുന്നത്. ഇത് റെക്കോര്‍ഡ് നേട്ടമമാണ്. തുടര്‍ച്ചയായി 12 അന്താരാഷ്ട്ര ട്വന്റി 20 മത്സരങ്ങള്‍ വിജയിക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് ഇന്ത്യ. ക്യാപ്റ്റനായുള്ള രോഹിതിന്‍റെ മൂന്നാമത്തെ ടി20 വൈറ്റ് വാഷായിരിന്നു ഇന്നത്തെ വിജയത്തോടെ ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്. നേരത്തെ ന്യൂസിലന്‍ഡിനെതിരായ പരമ്പര 3 - 0 ത്തിന് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ വിന്‍ഡീസിനെതിരയ പരമ്പര ഇന്ത്യ 2 - 0 നും വിജയിച്ചിരുന്നു.
Adjust Story Font
16