Quantcast

ക്രിക്കറ്റിൽ മെഡലുറപ്പിച്ചു; ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിനു തകർത്ത് ടീം ഇന്ത്യ

ഇന്നു നടക്കുന്ന അഫ്ഗാൻ-പാക് രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വർണത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ

MediaOne Logo

Web Desk

  • Updated:

    2023-10-06 05:13:12.0

Published:

6 Oct 2023 5:02 AM GMT

India vs Bangladesh, Asian Games 2023, Asian Games cricket
X

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിൽ മെഡലുറപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം. സെമി ഫൈനലിൽ ബംഗ്ലാദേശിനെ ഒൻപത് വിക്കറ്റിന് തകർത്ത് ഇന്ത്യ കലാശപ്പോരിനു യോഗ്യത നേടി. ഇന്നു നടക്കുന്ന അഫ്ഗാനിസ്താൻ-പാകിസ്താൻ രണ്ടാം സെമിയിലെ വിജയികളായിരിക്കും സ്വർണത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ എതിരാളികൾ.

ബംഗ്ലാദേശിനെ 96 റൺസിൽ ചുരുട്ടിക്കെട്ടിയ ശേഷം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 9.2 ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിവേട്ടക്കാരൻ നേരിട്ട നാലാം പന്തിൽ തന്നെ സംപൂജ്യനായി മടങ്ങിയെങ്കിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്‌വാദും തിലക് വർമയും ചേർന്ന് ദൗത്യം പൂർത്തിയാക്കി. തിലക് വെറും 26 പന്തിൽ 55 റൺസാണ് അടിച്ചുകൂട്ടിയത്. രണ്ട് ബൗണ്ടറിയും ആറ് സിക്‌സും ഇന്നിങ്‌സിന് അകമ്പടിയേകി. ഗെയ്ക്ക്‌വാദ് 26 പന്തിൽ നാല് ബൗണ്ടറിയും മൂന്ന് സിക്‌സും സഹിതം 40 റൺസുമെടുത്ത് തിലകിനൊപ്പം പുറത്താകാതെ നിന്നു.

ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു ഇന്ത്യൻ നായകൻ ഋതുരാജ് ഗെയ്ക്ക്‌വാദ്. ഒറ്റ സ്‌പെഷലിസ്റ്റ് പേസറെയും ഒരു പേസ് ഓൾറൗണ്ടറെയും വച്ചായിരുന്നു ഇന്ത്യ ഇന്ന് ഇറങ്ങിയത്. ബാക്കി രണ്ട് സ്‌പെഷലിസ്റ്റ് സ്പിന്നർമാരും രണ്ട് സ്പിൻ ഓൾറൗണ്ടർമാരും ഒരു പാർട്‌ടൈം സ്പിന്നറും. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു സ്പിൻനിരയുടെ പ്രകടനം.

ബംഗ്ലാദേശ് ബാറ്റിങ്ങിനെ ഒന്നു നടുനിവർത്താൻ പോലും സ്പിന്നർമാർ അനുവദിച്ചില്ല. ഇന്ത്യൻ സ്പിൻ വാരിക്കുഴിയിൽ ബംഗ്ലാ ബാറ്റർമാർ ഒന്നൊന്നായി തലകുത്തിവീഴുകയായിരുന്നു. ഓപണർ പർവേസ് ഹുസൈനും(23) വിക്കറ്റ് കീപ്പർ ജാക്കിർ അലിക്കും(24) സ്പിന്നർ റകീബുൽ ഹസനും(14) മാത്രമാണ് അയൽസംഘത്തിൽ രണ്ടക്കം കടന്നത്.

നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് പിഴുത സായ് കിഷോർ ആണ് ഇന്ത്യൻ ബൗളർമാരിൽ തിളങ്ങിയത്. 15 റൺസ് മാത്രം നൽകി വാഷിങ്ടൺ സുന്ദർ രണ്ടു വിക്കറ്റും നേടി. അർശ്ദീപ് സിങ്, തിലക് വർമ, രവി ബിഷ്‌ണോയ്, ഷഹബാസ് അഹ്മദ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു.

Summary: India thrash Bangladesh by 9 wickets to enter final in Asian Games 2023

TAGS :

Next Story