ബ്രേക്ക് ത്രൂ കിട്ടാതെ ഇന്ത്യ; ഓസീസ് കൂറ്റൻ സ്‌കോറിലേക്ക്
രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന നിലയിലാണ് ഓസീസ്
അഹമ്മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ആസ്‌ട്രേലിയ കൂറ്റൻ സ്‌കോറിലേക്ക്. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 347 റൺസ് എന്ന നിലയിലാണ് ഓസീസ്. 150 റൺസുമായി ഉസ്മാൻ ഖ്വാജയും 95 റൺസുമായി കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. അഞ്ചാം വിക്കറ്റിൽ ഇതുവരെ ഇരുവരും പടുത്തുയർത്തിയത് 117 റൺസ്.
നാലു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ് എന്ന നിലയിലാണ് സന്ദർശകർ ബാറ്റിങ് പുനരാരംഭിച്ചത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ ഗ്രീനിനെയും നങ്കൂരമിട്ടു കളിച്ച ഖ്വാജയെയും തളയ്ക്കാൻ ഇതുവരെ ഇന്ത്യക്കായിട്ടില്ല. 354 പന്തിൽ 20 ബൗണ്ടറികൾ സഹിതമാണ് ഖ്വാജ 150 റൺസ് നേടിയത്. 135 പന്തിൽനിന്നാണ് ഗ്രീൻ 95 റൺസ് അടിച്ചുകൂട്ടിയത്. ഇന്ന് 67 പന്തിൽനിന്ന് എട്ട് ബൗണ്ടറി സഹിതം അമ്പത് റൺസാണ് ഗ്രീനെടുത്തിട്ടുള്ളത്.
ട്രാവിസ് ഹെഡ് (32), മാർനസ് ലബുഷെയ്‌നെ (3), സ്റ്റീവ് സ്മിത്ത് (38), പീറ്റർ ഹാൻഡ്‌സ്‌കോംബ് (17) എന്നിവരാണ് പുറത്തായ ഓസീസ് ബാറ്റ്‌സ്മാന്മാർ. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ടു വിക്കറ്റു വീഴ്ത്തി. അശ്വിനും ജഡേജയ്ക്കും ഓരോ വീക്കറ്റുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കാൻ ഇന്ത്യയ്ക്ക് നാലാം ടെസ്റ്റില്‍ ജയം അനിവാര്യമാണ്. മറിച്ചായാൽ ശ്രീലങ്ക - ന്യൂസീലൻഡ് ടെസ്റ്റ് പരമ്പരയുടെ ഫലത്തിനായി കാത്തിരിക്കണം. എന്നാൽ ഒമ്പത് വിക്കറ്റ് ജയത്തോടെ ഓസീസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടിയിരുന്നു. അതേസമയം, അഹമ്മദാബാദ് ടെസ്റ്റിൽ ഇന്ത്യ തോൽക്കുകയും ന്യൂസീലൻഡിനെതിരായ പരമ്പര ലങ്ക തൂത്തുവാരുകയും ചെയ്താൽ ഓസീസിനൊപ്പം ശ്രീലങ്ക ഫൈനലിന് യോഗ്യത നേടും.
Adjust Story Font
16