ഇംഗ്ലണ്ടില്‍ കോട്ടകെട്ടി രാഹുലും ജഡേജയും; ആദ്യ ഇന്നിങ്സില്‍ ഇന്ത്യക്ക് 95 റണ്‍സ് ലീഡ്
തകര്‍ന്നിടിഞ്ഞെന്ന് കരുതിയ ഇന്ത്യന്‍ ഇന്നിങ്സിനെ സ്വന്തം ചുമലില്‍ താങ്ങി നിര്‍ത്തിയ രാഹുലിന്‍റെ മികവില്‍ ഇന്ത്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് 95 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്‌സ് സ്കോറായ 183 പിന്തുര്‍ന്ന ഇന്ത്യന്‍ ടീം 278 റൺസെടുത്ത് എല്ലാവരും പുറത്താകുകയായിരുന്നു. 84 റൺസ് നേടിയ കെഎല്‍ രാഹുല്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ 56 റൺസുമായി ജഡേജയും വാലറ്റത്ത് 28 റണ്‍സുമായി ബുമ്രയും ഇന്ത്യന്‍ ഇന്നിങ്സിന് കരുത്ത് പകര്‍ന്നു.
തകര്‍ന്നിടിഞ്ഞെന്ന് കരുതിയ ഇന്ത്യന്‍ ഇന്നിങ്സിനെ സ്വന്തം ചുമലില്‍ താങ്ങി നിര്‍ത്തിയ കെ.എല്‍ രാഹുലിന്‍റെ മികവിലാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്. 214 ബോളില്‍ 84 റണ്‍സ് നേടി ടീം ലീഡ് കണ്ടെത്തിയതിന് ശേഷമാണ് രാഹുല്‍ മടങ്ങുന്നത്. ഇന്നലെ സ്റ്റമ്പെടുക്കുമ്പോള്‍ കളിയുടെ ആധിപത്യം കൈവിട്ടിരുന്നിടത്തുനിന്നാണ് ഇന്ത്യ കളി തിരിച്ചുപിടിച്ചത്. ഇംഗ്ലണ്ടിന്‍റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 183 റണ്‍സ് മറികടക്കാന്‍ മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ നാല് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലായിരുന്നു. ഒരു വിക്കറ്റിന് 97 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ലഞ്ച് ബ്രേക്കിനു പിരിഞ്ഞ ഇന്ത്യന്‍ ടീമിനെ രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് വരിഞ്ഞ് മുറുക്കുകയായിരുന്നു.
തുടര്‍ച്ചയായ ഇംഗ്ലണ്ട് ബൌളര്‍മാരുടെ പ്രഹരം 97-1 എന്ന നിലയില്‍ നിന്ന് നാലിന് 112 എന്ന നിലയിലേക്ക് ഇന്ത്യയെ എത്തിച്ചു. ഒരോവറിലെ അടുത്തടുത്ത പന്തുകളില്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്‌സനാണ് ഇന്ത്യയെ ഞെട്ടിച്ചത്. ചേതേശ്വര്‍ പുജാര (7), നായകന്‍ വിരാട് കോലി (0) എന്നിവരായിരുന്നു അടുത്തടുത്ത പന്തുകളില്‍ മടങ്ങിയത്. പിന്നാലെയെത്തിയ അജിങ്ക്യ രഹാനെ (5) റണ്ണൊട്ടാവുക കൂടി ചെയ്തതോടെ ഇന്ത്യ തകര്‍ച്ച മുന്നില്‍ കണ്ടു. നേരത്തേ ഓപ്പണര്‍ രോഹിത് ശര്‍മയുടെ (36) വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്ന റിഷഭ് പന്ത് ഇന്നത്തെ ആദ്യ സെഷനില്‍ തന്നെ പുറത്തായി. ടി20 സ്റ്റൈലില്‍ ബാറ്റുവീശിയ പന്ത് 20 ബോളില്‍ മൂന്ന് ബൌണ്ടറിയും ഒരു സിക്സറും പറത്തി 25 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിന്നീടെത്തിയ ജഡേജക്കൊപ്പം ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നോട്ടു നയിച്ച രാഹുല്‍ സെഞ്ച്വറിക്കരികെ പുറത്താകുകയായിരുന്നു. 60 റണ്‍സിന്‍റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നേടിയത്. അധികം വൈകാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ ജഡേജയെയും ഇന്ത്യക്ക് നഷ്ടമായി. ടീം സ്കോര്‍ 232ല്‍ നില്‍ക്കുമ്പോഴാണ് എട്ടാമനായി ജഡേജ പുറത്താകുന്നത്. അവിടെ നിന്നാണ് വാലറ്റത്തെ മികച്ച പ്രകടനവുമായി ബുമ്ര ടീം സ്കോര്‍ 278ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനായി ഒല്ലീ റോബിൻസൺ അഞ്ച് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്സണ്‍ നാല് വിക്കറ്റും സ്വന്തമാക്കി. രണ്ട് ദിവസം ബാക്കിനില്‍ക്കേ ഇംഗ്ലണ്ടിനെ ചെറിയ സ്കോറിന് പുറത്താക്കി വിജയം സ്വന്തമാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി ഇന്ത്യന്‍ ബൌളിങ് നിരയെ ഒരു ദിവസത്തില്‍ക്കൂടുതല്‍ പ്രതിരോധിച്ച് നില്‍ക്കാനാകും ഇംഗ്ലണ്ടിന്‍റെ ശ്രമം.
Adjust Story Font
16