Quantcast

കീഴടങ്ങാതെ നേപ്പാൾ; രസംകൊല്ലിയായി വീണ്ടും മഴ

നേപ്പാളിനെ വേഗം എറിഞ്ഞിടാമെന്ന ടീം ഇന്ത്യയുടെ മോഹങ്ങൾ തകർത്താണ് അയൽക്കാർ പോരാട്ടം തുടരുന്നത്

MediaOne Logo

Web Desk

  • Published:

    4 Sep 2023 12:33 PM GMT

India vs Nepal, Asia Cup 2023, Malayalam cricket news
X

കാൻഡി: ഏഷ്യാ കപ്പിൽ ഇന്ത്യയുടെ മുൻനിര ബൗളിങ്ങിനു മുന്നിൽ പോരാട്ടവീര്യം കാഴ്ചവച്ച് ദുർബലരായ നേപ്പാൾ. മത്സരം 37.5 ഓവർ പിന്നിടുമ്പോൾ മഴ തടസപ്പെടുത്തി കളി താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നിലവിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 178 എന്ന നിലയിലാണ് നേപ്പാൾ.

പാകിസ്താനെതിരായ ആദ്യമത്സരം മഴയിൽ ഉപേക്ഷിച്ച ശേഷമാണ് നിർണായക മത്സരത്തിന് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ടോസ് ലഭിച്ച ഇന്ത്യൻ നായകൻ രോഹിത് ശർമ ബൗളിങ് തിരഞ്ഞെടുക്കുമ്പോൾ നേപ്പാളിനെ അതിവേഗം എറിഞ്ഞിടാമെന്നായിരിക്കും സ്വപ്‌നം കണ്ടിരിക്കുക. എന്നാൽ, ഇന്ത്യൻ മോഹങ്ങൾ തല്ലിക്കെടുത്തുന്ന തരത്തിലായിരുന്നു ഓപണർമാരുടെ പ്രകടനം. ആദ്യ ഓവറുകളിൽ അനായാസ ക്യാച്ചുകൾ ഇന്ത്യൻ ഫീൽഡർമാർ നിലത്തിട്ടതിന്റെ ഭാഗ്യം തുണച്ചെങ്കിലും അപ്രതീക്ഷിതമായ പോരാട്ടവീര്യമാണ് നേപ്പാളീസ് ഓപണർമാരായ കുശാൽ ബുർടേലും ആസിഫ് ശൈഖും ചേർന്നു പുറത്തെടുത്തത്.

വെടിക്കെട്ട് ബാറ്റിങ്ങിൽ അർധസെഞ്ച്വറിയിലേക്കു കുതിച്ച കുശാലിനെ വീഴ്ത്തി ഷർദുൽ താക്കൂർ ആണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ള ആദ്യ അവസരമൊരുക്കിയത്. 25 പന്തിൽ 38 റൺസെടുത്താണ് താരം പുറത്തായത്. മൂന്ന് സിക്‌സറും രണ്ട് ഫോറും ഇന്നിങ്‌സിനു മിഴിവേകി. തുടർന്നെത്തിയ രവീന്ദ്ര ജഡേജ തുടർച്ചയായ ഓവറുകളിൽ നേപ്പാളിന്റെ മൂന്ന് മുൻനിര വിക്കറ്റുകൾ പിഴുതെങ്കിലും മറുവശത്ത് ആസിഫ് ശൈഖ് നിലയുറപ്പിച്ചു കളിച്ചു. ബീം ഷർക്കിയെ(ഏഴ്) ബൗൾഡാക്കിയപ്പോൾ നേപ്പാൾ ക്യാപ്റ്റൻ രോഹിത് പൗഡേലിനെ(അഞ്ച്) ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ കൈയിലെത്തിച്ചു ജഡേജ. കുശാൽ മല്ലയെ(രണ്ട്) മുഹമ്മദ് സിറാജിന്റെ കൈയിലെത്തിച്ചും നേപ്പാളിന്റെ പോരാട്ടവീര്യം തകർത്തു ജഡേജ.

ഇതിനിടെ അർധസെഞ്ച്വറി പിന്നിട്ട ആസിഫ് ശൈഖിനെ പുറത്താക്കി മുഹമ്മദ് സിറാജും ഏഷ്യാ കപ്പിൽ അക്കൗണ്ട് തുറന്നു. കോഹ്ലിയുടെ കിടിലൻ ക്യാച്ചിലൂടെ പുറത്താകുമ്പോൾ 97 പന്ത് നേരിട്ട് എട്ട് ഫോർ സഹിതം 58 റൺസെടുത്തിരുന്നു താരം. ആറാം വിക്കറ്റിൽ ഗുൽഷൻ ഝാ ദിപേന്ദ്ര സിങ്ങുമായി ചേർന്ന് വീണ്ടും ഇന്ത്യയ്ക്കു തലവേദന സൃഷ്ടിച്ചെങ്കിലും ആ പോരാട്ടവും അധികം നീണ്ടുനിന്നില്ല. 35 പന്തിൽ 23 റൺസെടുത്ത ഗുൽഷനെ സിറാജ് വിക്കറ്റ് കീപ്പർ ഇഷൻ കിഷന്റെ കൈയിലെത്തിച്ചു.

ഒടുവിൽ മഴയെ തുടർന്ന് കളി നിർത്തിവച്ചപ്പോൾ ദിപേന്ദ്ര സിങ് 27 റൺസുമായും സോംപാൽ കാമി 11 റൺസുമായാണ് ക്രീസിലുള്ളത്.

Summary: India vs Nepal Live Updates, Asia Cup 2023

TAGS :

Next Story