എല്ലാം പെട്ടെന്നായിരുന്നു; ഒന്നര ദിവസം കൊണ്ട് കളിതീർത്ത് ടീം ഇന്ത്യ, ചരിത്രം
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ മത്സരം. ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് വിജയം
കേപ്ടൗൺ: മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ഉഗ്രരൂപം പൂണ്ട് നിറഞ്ഞാടിയ കേപ്ടൗൺ ടെസ്റ്റ് ഒന്നര ദിവസം കൊണ്ട് തീർത്ത് ടീം ഇന്ത്യ. ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ആദ്യ ഇന്നിങ്‌സിൽ സിറാജിന്റെ ആറു വിക്കറ്റിനുശേഷം അഞ്ചു വിക്കറ്റുമായി ബുംറയാണ് രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ചരിത്രത്തിലെ ഏറ്റവും ദൈർഘ്യം കുറഞ്ഞ ടെസ്റ്റ് മത്സരം കൂടിയായി ഇത്.
വെറും 642 പന്താണ് രണ്ടും ടീമും ഒന്നാകെ മത്സരത്തിൽ എറിഞ്ഞത്. മത്സരത്തിന്‍റെ രണ്ടാം ദിനം ഉച്ചയ്ക്കുള്ളില്‍ കളിതീര്‍ത്തു ഇന്ത്യ. കേപ്ടൗണിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയം കൂടിയാണിത്. എം.എസ് ധോണിക്കുശേഷം ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ടെസ്റ്റ് പരമ്പര സമനില നേടുന്ന ക്യാപ്റ്റനായി രോഹിത് ശര്‍മ.
പിച്ചിലെ പ്രതികൂല സാഹചര്യത്തിൽ മനോഹരമായൊരു സെഞ്ച്വറി പ്രകടനം പുറത്തെടുത്ത ഐഡൻ മാർക്രാമിനും(106) ആതിഥേയരെ രക്ഷിക്കാനായില്ല. അവസാന ടെസ്റ്റ് കളിച്ച ഡീൻ എൽഗാർ വിസ്മരിക്കാൻ ആഗ്രഹിക്കുന്ന യാത്രയയപ്പായിരിക്കുമിത്. നാലും 12ഉം റൺസും മാത്രമാണ് രണ്ട് ഇന്നിങ്‌സുകളിലും താരത്തിനു നേടാനായത്. എന്നാൽ, 201 റൺസുമായി 12 വിക്കറ്റ് കൊയ്ത ബുംറയ്‌ക്കൊപ്പം പരമ്പരയുടെ താരമായായിരുന്നു എൽഗാറിന്റെ പടിയിറക്കം. രണ്ട് ഇന്നിസുകളിലുമായി ഏഴു വിക്കറ്റ് പിഴുത സിറാജ് മത്സരത്തിലെ താരവുമായി.
പേസർമാർ തീതുപ്പി; ബാറ്റർമാരുടെ ശവപ്പറമ്പായി കേപ്ടൗൺ
സിറാജ് തകർത്താടിയ ആദ്യ ദിനം ആദ്യ ഇന്നിങ്‌സിൽ വെറും 55 റൺസിനാണ് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകർന്നടിഞ്ഞത്. ഡേവിഡ് ബെഡിങ്ഹാം(12), കൈൽ വെറെയ്‌ന്നെ(15) എന്നിവർക്കു മാത്രമായിരുന്നു രണ്ടക്കം കാണാനായത്. ഇന്ത്യയുടെ മറുപടി ബാറ്റിങ്ങിനും അധികം ആയുസുണ്ടായിരുന്നില്ല. 153 റൺസിന് ഇന്ത്യൻ ഇന്നിങ്‌സ് പൂർത്തിയായി. വിരാട് കോഹ്ലി(46) അവസാനംവരെ ഒറ്റയ്ക്കു പോരാടിയെങ്കിലും മറുവശത്ത് കൂട്ടത്തകർച്ച ആരംഭിച്ചതോടെ പിന്നെ രക്ഷയുണ്ടായിരുന്നില്ല. രോഹിത് ശർമ(39), ശുഭ്മൻ ഗിൽ(36) എന്നിവരായിരുന്നു ഇന്നിങ്‌സിലെ മറ്റു ടോപ്‌സ്‌കോറർമാർ. ആറുപേർ ഡക്കായി പുറത്തായി. ഒരേ സ്‌കോറിന് ഏറ്റവും കൂടുതൽ പേർ പുറത്താകുന്ന മോശം റെക്കോർഡും ടീം ഇന്ത്യ സ്വന്തം പേരിലാക്കി. ടീം സ്‌കോർ 153ൽനിൽക്കെ ഒരു റൺസും കൂട്ടിച്ചേർക്കാനാകാതെ ആറു ഇന്ത്യൻ ബാറ്റർമാരാണു കൂടാരം കയറിയത്.
രണ്ടാം ഇന്നിങ്‌സിൽ ബുംറയുടെ ഊഴമായിരുന്നു. സിറാജിനെ കാഴ്ചക്കാരനാക്കി തീതുപ്പുകയായിരുന്നു ഇന്ത്യൻ പേസ് നിരയുടെ കുന്തമുന. മാർക്രാം മഹാമേരുവിനെപ്പോലെ ഒരുവശത്ത് വേരുറപ്പിച്ചു കളിച്ചെങ്കിലും താരത്തിനു കൂട്ടുനൽകാൻ ഒരൊറ്റ താരം പോലുമുണ്ടായില്ല. ഒന്നിനു പിറകെ ഒന്നായി പ്രോട്ടിയാസ് ബാറ്റർമാർ പവലിയനിലേക്കു ഘോഷയാത്ര നടത്തുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. 176 റൺസിന് ദക്ഷിണാഫ്രിക്ക ഓൾഔട്ട്.
79 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റുമായി ഇറങ്ങിയ ഇന്ത്യയ്ക്കു മുന്നിൽ ചടങ്ങുകൾ മാത്രമാണു ശേഷിച്ചിരുന്നത്. പരമ്പരയിൽ തീരെ തിളങ്ങാനാകാതെ പോയ യശസ്വി ജയ്‌സ്വാൾ ഏകദിന ശൈലിയിൽ കളി അതിവേഗം തീർക്കാൻ നോക്കുകയായിരുന്നു ഇന്ന്. 23 പന്തിൽ ആറ് ഫോർ പറത്തി 28 റൺസ് എടുത്ത താരത്തെ നാൻഡ്രെ ബർഗർ പിടികൂടി. ഗില്ലും(10) കോഹ്ലിയും(12) പിന്നാലെ പെട്ടെന്നു മടങ്ങിയെങ്കിലും രോഹിത് ശർമയും(16) ശ്രേയസ് അയ്യരും(നാല്) ചേർന്ന് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചു.
Summary: India vs South Africa 2nd Test Day 2 Cricket Match Updates
Adjust Story Font
16